മതിയെന്ന് ഞാന്‍ പറയും വരെ യുദ്ധം; ഇറാനെതിരെ യുദ്ധം കടുപ്പിക്കാന്‍ ട്രംപ്
World News
മതിയെന്ന് ഞാന്‍ പറയും വരെ യുദ്ധം; ഇറാനെതിരെ യുദ്ധം കടുപ്പിക്കാന്‍ ട്രംപ്
ആദർശ് എം.കെ.
Wednesday, 15th July 2026, 7:32 am

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധം കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്. ഇറാനുമായുള്ള താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും തകര്‍ന്ന പശ്ചാത്തലത്തില്‍, താന്‍ ‘മതി’ എന്ന് പറയുന്നത് വരെ ഇറാനു മേലുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

ഫോക്‌സ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഈ കര്‍ക്കശമായ നിലപാട് വ്യക്തമാക്കിയത്.

ഇറാന്റെ പ്രധാന പാലങ്ങള്‍, ഊര്‍ജ പ്ലാന്റുകള്‍ എന്നിവ ലക്ഷ്യമിട്ടായിരിക്കും അടുത്ത ഘട്ട ആക്രമണമെന്നും ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നില്ലെങ്കില്‍ അടുത്ത ആഴ്ചയോടെ കാര്യങ്ങള്‍ വളരെ ദയനീയമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഭാവിയില്‍ ഇറാന്റെ ഫാക്ടറികളും ആണവ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടേക്കാമെന്നും സൂചനയുണ്ട്. ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞെന്നും, പരമോന്നത നേതാവ് മൊജ്തബ ഖാംനഇയുടെ ആരോഗ്യം 90 ശതമാനവും നഷ്ടപ്പെട്ടെന്നും ട്രംപ് അവകാശവാദം മുഴക്കി.

യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാനെതിരെ നാലാം ഘട്ട വ്യോമാക്രമണം ആരംഭിച്ചതായി സ്ഥിരീകരിച്ചു. ദക്ഷിണ ഇറാനിലെ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, ബംപുര്‍, ചബഹാര്‍ എന്നിവിടങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ബംപുരിലെ സൈനിക താവളത്തില്‍ സൈനികര്‍ വിശ്രമിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് നേരെയും യു.എസ് ആക്രമണം ഉണ്ടായി. ഇതിനുപുറമെ, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇറാന്റെ നാവിക പാതകള്‍ അമേരിക്ക പൂര്‍ണമായും ഉപരോധിച്ചു. 21 യു.എസ് കപ്പലുകള്‍ നിലവില്‍ മേഖലയിലുണ്ട്.

അമേരിക്കയുടെ നീക്കത്തിന് മറുപടിയായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കുവൈറ്റ്, ബഹ്‌റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ ലക്ഷ്യമിട്ട് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ബഹ്‌റൈനിലെ യു.എസ് നാവിക താവളത്തിന് നേരെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് അവിടെ അപായ സൈറണുകള്‍ മുഴങ്ങി.

കുവൈറ്റ് നാവികസേനയുടെ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. അമേരിക്കന്‍ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ഇറാന്‍ യു.എന്നില്‍ ആരോപിച്ചു.

സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അബുദാബിയിലെ യു.എസ് എംബസിയും ദുബായിലെ കോണ്‍സുലേറ്റും പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു. അതേസമയം, സെപ്റ്റംബര്‍ 30ഓടെ അമേരിക്കന്‍ സൈന്യം ഇറാഖില്‍ നിന്ന് പൂര്‍ണമായും പിന്മാറുമെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അല്‍ സെയ്ദിയുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ് അറിയിച്ചു.

അമേരിക്കയില്‍ ആഭ്യന്തരമായും ട്രംപിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ട്രംപ് രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് ‘നിയമവിരുദ്ധമായ യുദ്ധം’ നടത്തുകയാണെന്ന് സെനറ്റര്‍ ചക്ക് ഷുമര്‍ കുറ്റപ്പെടുത്തി.

മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഖത്തറും ഒമാനും ശ്രമിക്കുന്നുണ്ടെങ്കിലും ഉടനെ ഒരു വെടിനിര്‍ത്തലിന് സാധ്യത കാണുന്നില്ലെന്ന് നിരീക്ഷകര്‍ പറയുന്നു.

 

Content highlight: Donald Trump says strikes on Iran will continue ‘until I say enough’

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.