വാഷിങ്ടണ്‍: ഗസയില്‍ ഭക്ഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗസയില്‍ വര്‍ദ്ധിച്ചുവരുന്ന പട്ടിണിമരണങ്ങളുടെ സാഹചര്യത്തിലാണ് ട്രംപിന്റെ വാഗ്ദാനം. സ്‌കോട്‌ലാന്‍ഡ് സന്ദര്‍ശനത്തിനിടെ ഗസയിലെ ജനങ്ങള്‍ക്ക് നേരിട്ട് സഹായം എത്തിക്കേണ്ടതിന്റെ അടിയന്തിര സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ട്രംപ്.
ആളുകള്‍ക്ക് കടന്നു ചെല്ലാന്‍ സാധിക്കുന്നതും അതിരുകളില്ലാത്തതുമായ ഭക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. ടേണ്‍ബെറി ഗോള്‍ഫ് റിസോട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. കുട്ടികള്‍ പട്ടിണി കിടക്കുകയാണെന്നും അത് കള്ളമല്ലെന്നും അവര്‍ക്ക് സുരക്ഷയും ഭക്ഷണവും ലഭിക്കുമെന്നും ട്രംപ് പറഞ്ഞു.
‘ആളുകള്‍ക്ക് കടന്നുചെല്ലാന്‍ കഴിയുന്ന ഭക്ഷണകേന്ദ്രങ്ങള്‍ ഞങ്ങള്‍ സ്ഥാപിക്കും, അതിന് അതിരുകളുണ്ടാകില്ല. ഞാന്‍ ഉദ്ദേശിച്ചത് ശരിക്കും പട്ടിണി കിടക്കുന്ന കുട്ടികളുടെ കാര്യമാണ്. ആ കാര്യത്തില്‍ കളവ് പറയാന്‍ സാധിക്കില്ല. അവര്‍ക്ക് ഇപ്പോള്‍ ഭക്ഷണവും സുരക്ഷയും ലഭിക്കണം,’ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മാത്രമല്ല ഗസയിലേക്കുള്ള സഹായം സുഗമമാക്കുന്നതിനും സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും അടിയന്തരമായി ഇടപെടാന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ട്രംപ് ആവശ്യപ്പെട്ടു.
‘ഇസ്രഈലിന് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ഈ കാര്യത്തില്‍ ഇസ്രഈലിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ ഇത് അവസാനിപ്പിക്കണം,’ ട്രംപ് കൂട്ടിച്ചേര്‍ത്തു,
അതേസമയം ഗസയിലേക്കുള്ള സഹായ ട്രക്കുകള്‍ ഈജിപ്ത് വഴി നീങ്ങിത്തുടങ്ങിയതായി വേള്‍ഡ് ഫുഡ് പ്രോഗ്രാം (WFP) അറിയിച്ചിരുന്നു. പട്ടിണി കിടക്കുന്ന ഗസയിലെ 2.1 ദശലക്ഷം മനുഷ്യരുടെ വിശപ്പകറ്റാന്‍ ആവശ്യമായ ഭക്ഷണം തങ്ങളുടെ പക്കലുണ്ടെന്ന് ഡബ്ല്യൂ.എഫ്.പി പറഞ്ഞു.
മൂന്ന് മാസത്തേക്കുള്ള ഭക്ഷണം ട്രക്കുകളില്‍ ഉണ്ടെന്നാണ് യു.എന്‍ ഏജന്‍സി പ്രസ്താവനയില്‍ പറയുന്നത്. ഗസയിലെ ജനങ്ങളുടെ വിശപ്പകറ്റാനുള്ള ഏക മാര്‍ഗം ഭക്ഷ്യസഹായമാണെന്നും കാലതാമസമില്ലാതെ തന്നെ ഇസ്രഈല്‍ സഹായനീക്കങ്ങള്‍ വര്‍ധിപ്പിക്കണമെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം ആവശ്യപ്പെടുകയും ചെയ്തു.
Content Highlight: Donald Trump says he will set up food banks in Gaza