ഇസ്രഈലും ഹമാസും അംഗീകരിച്ചു, ബന്ദികളെ വിട്ടയക്കും; ഗസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം വിജയിച്ചതായി ട്രംപ്
World News
ഇസ്രഈലും ഹമാസും അംഗീകരിച്ചു, ബന്ദികളെ വിട്ടയക്കും; ഗസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം വിജയിച്ചതായി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th October 2025, 6:36 am

കെയ്‌റോ: അമേരിക്ക മുമ്പോട്ട് വെച്ച ഗസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രഈലും ഹമാസും അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

രക്തരൂഷിതമായ ആക്രമണം രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് സമാധാനം പുലരുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.

‘ഇസ്രഈലും ഹമാസും ഞങ്ങളുടെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം അംഗീകരിച്ച വാര്‍ത്ത പ്രഖ്യാപിക്കുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കും എന്ന് തന്നെയാണ് ഇതിനര്‍ത്ഥം.

ശക്തവും നിലനില്‍ക്കുന്നതും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടായി ഇസ്രഈല്‍, ഇരുകൂട്ടരും അംഗീകരിക്കുന്ന മേഖലയിലേക്ക് അവരുടെ സൈന്യത്തെ പിന്‍വലിക്കും. എല്ലാ കക്ഷികളോടും നീതിപൂര്‍വ്വം പെരുമാറും!

അറബ്, മുസ്‌ലിം ലോകത്തിനും ഇസ്രഈലിനും ചുറ്റുമുള്ള മറ്റെല്ലാ രാജ്യങ്ങള്‍ക്കും അമേരിക്കന്‍ ഐക്യനാടുകള്‍ക്കും ഇത് ഒരു മഹത്തായ ദിവസമാണ്.

ഈ ചരിത്രപരവും അഭൂതപൂര്‍വവുമായ സംഭവം യാഥാര്‍ഥ്യമാക്കാന്‍ ഞങ്ങളോടൊപ്പം മധ്യസ്ഥ ചര്‍ച്ചകളില്‍ പ്രവര്‍ത്തിച്ച ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളോട് ഞങ്ങള്‍ നന്ദി പറയുന്നു. സമാധാന സ്ഥാപകര്‍ അനുഗ്രഹീതരാണ്!’ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.

സെപ്റ്റംബര്‍ 29നാണ് ട്രംപ് ഭരണകൂടം ഗസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പദ്ധതി പുറത്തിറക്കിയത്. ഗസയെ ആയുധരഹിത മേഖലയാക്കി മാറ്റുകയാണ് പദ്ധതി മുന്നോട്ട് വെക്കുന്ന പ്രധാനലക്ഷ്യം.

ഗസയിലെ യുദ്ധം അവസാനിപ്പിക്കുക, ഫലസ്തീന്റെ പ്രതിരോധ സംഘടനകളെ നിരായുധീകരിക്കുക, ഗസയില്‍ നിന്നും ഇസ്രഈല്‍ പതിയെ പിന്മാറുക, ബന്ദികളെ 72 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍.

തങ്ങള്‍ മുമ്പോട്ട് വെച്ചിരിക്കുന്ന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഹമാസ് വലിയ തോതിലുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ആരും കണ്ടിട്ടില്ലാത്ത വിധത്തില്‍ ഹമാസിമനെതിരെ ആക്രമണമഴിച്ചുവിടുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റെ മുന്നറിയിപ്പ്. ട്രംപ് ഈ നിര്‍ദേശം മുമ്പോട്ട് വെച്ച സാഹചര്യത്തിലും ഇസ്രഈല്‍ ഗസയില്‍ ആക്രമണം തുടര്‍ന്നിരുന്നു.

2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ 67,000ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. യുദ്ധത്തിന്റെ സാമാന്യ മര്യാദകള്‍ പോലും പാലിക്കാതെയായിരുന്നു ഇസ്രഈലിന്റെ നരവേട്ട.

 

 

Content Highlight: Donald Trump said Israel and Hamas had ‘signed off’ on the first phase of the Gaza peace plan