'കമ്മ്യൂണിസ്റ്റ് മേയര്‍ മംദാനി' കൂടിക്കാഴ്ച ആവശ്യപ്പെട്ടു, ഞങ്ങള്‍ അത് അംഗീകരിച്ചുവെന്ന് ട്രംപ്
World
'കമ്മ്യൂണിസ്റ്റ് മേയര്‍ മംദാനി' കൂടിക്കാഴ്ച ആവശ്യപ്പെട്ടു, ഞങ്ങള്‍ അത് അംഗീകരിച്ചുവെന്ന് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th November 2025, 1:16 pm

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് സ്ഥിരീകരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബര്‍ 21ന് വൈറ്റ് ഹൗസിലാണ് കൂടിക്കാഴ്ച നടക്കുക. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

മംദാനിയാണ് കൂടിക്കാഴ്ച്ചയ്ക്ക് ആവശ്യപ്പെട്ടതെന്നും അത് തങ്ങള്‍ അംഗീകരിച്ചുവെന്നും ട്രംപ് പറഞ്ഞു.
മംദാനിയുടെ മുഴുവന്‍ പേര് പറഞ്ഞും കമ്മ്യൂണിസ്റ്റ് മേയറെന്ന് വിശേഷിപ്പിച്ചുമാണ് ട്രംപിന്റെ പോസ്റ്റ്.

‘ന്യൂയോര്‍ക്ക് സിറ്റിയുടെ കമ്മ്യൂണിസ്റ്റ് മേയര്‍ സൊഹ്‌റാൻ ‘ക്വാമെ’ മംദാനി കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടു. ഞങ്ങള്‍ ഈ ആവശ്യം അംഗീകരിച്ചു. നവംബര്‍ 21ന് ഓവല്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും,’ ട്രംപ് പറഞ്ഞു.

പുതിയ മേയര്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നത് ഒരു പതിവാണെന്ന് മംദാനിയുടെ വക്താവ് ഡോറ പെകെക് വ്യക്തമാക്കി. പൊതു സുരക്ഷ, സാമ്പത്തിക സുരക്ഷ തുടങ്ങിയവയാണ് ചര്‍ച്ചയുടെ അജണ്ടയെന്നും പെകെക് പറഞ്ഞു.

നേരത്തെ, ട്രംപുമായി ഒരു കൂടികാഴ്ച്ചക്കായി തന്റെ ടീം ശ്രമിക്കുന്നുണ്ടെന്ന് മംദാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ട്രംപിന്റെ കടുത്ത വിമര്‍ശകനാണ് മംദാനി. ട്രംപ് രണ്ടാമതും അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലെത്തിയതിന് ശേഷം നടത്തിയ പരിഷ്‌ക്കാരങ്ങള്‍ക്ക് എതിരെ ശക്തമായി മംദാനി പ്രതികരിച്ചിരുന്നു.

നേരത്തെ ട്രംപും മംദാനിയെയും അദ്ദേഹത്തിന്റെ നിലപാടുകളെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ‘100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍’ എന്നാണ് ട്രംപ് മംദാനിയെ വിശേഷിപ്പിച്ചിരുന്നത്.

അതേസമയം, നവംബര്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജനായ ഡോമാക്രറ്റിക് സ്ഥാനാര്‍ത്ഥിയുമായ മംദാനി ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും പ്രായം കുറഞ്ഞ മേയറായാണ് മംദാനി തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം സ്വന്തമാക്കിയത്. ജനുവരി ഒന്നിനാണ് 34കാരനായ മംദാനി ന്യൂയോര്‍ക്ക് മേയറായി അധികാരമേല്‍ക്കുക.

Content Highlight: Donald Trump to meet New York City Mayor Zohran Mamdani on November 21