ജമ്മുകശ്മീരും നോര്‍ത്തും ഈസ്റ്റും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടവുമായി ട്രംപിന്റെ മകന്‍; കശ്മീര്‍ ട്രംപിനൊപ്പമെന്ന് ട്വീറ്റില്‍
India
ജമ്മുകശ്മീരും നോര്‍ത്തും ഈസ്റ്റും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടവുമായി ട്രംപിന്റെ മകന്‍; കശ്മീര്‍ ട്രംപിനൊപ്പമെന്ന് ട്വീറ്റില്‍
ന്യൂസ് ഡെസ്‌ക്
Wednesday, 4th November 2020, 12:14 pm

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരാനിരിക്കെ ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുള്ള ട്വീറ്റുമായി ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍.

ജമ്മുകശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടവുമായാണ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ട്വിറ്ററില്‍ രംഗത്തെത്തിയത്. ട്രംപിന്റെ വിജയത്തിന് പിന്നാലെ ലോകത്തിന്റെ ഭൂപടമുണ്ടാകുക ഇങ്ങനെയാണെന്ന വിശദീകരണവുമായി ട്വീറ്റ് ചെയ്ത ചിത്രത്തിലാണ് ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചിരിക്കുന്നത്.

ജമ്മു കശ്മീര്‍ ട്രംപിനെ പിന്തുണയ്ക്കുമ്പോള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങള്‍ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പമാണെന്ന് ട്രംപ് ജൂനിയര്‍ അവകാശപ്പെടുന്നുവെന്നാണ് ട്വീറ്റില്‍നിന്ന് വ്യക്തമാകുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ലഡാക്കും ജമ്മു കശ്മീരും ചുവപ്പ് നിറത്തിലാണ് കാണിച്ചിരിക്കുന്നത്. അതേസമയം ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ട്വീറ്റിനോട് പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ജൂനിയര്‍ ട്രംപ് ഇന്ത്യ ജോ ബൈഡനും കമലാ ഹാരിസിനുമൊപ്പമാണെന്ന് പറയുന്നത്. എന്നാല്‍ ജമ്മു കശ്മീരും നോര്‍ത്ത് ഈസ്റ്റും ട്രംപിന് വോട്ട് ചെയ്യുമെന്നാണ് ജൂനിയര്‍ ട്രംപ് കരുതിയിരിക്കുന്നത്. ആരെങ്കിലും അദ്ദേഹത്തിന്റെ ആ കളറിങ് പെന്‍സില്‍ ഒന്ന് എടുത്ത് മാറ്റിവെക്കേണ്ടതാണ്’, എന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്.

ഇന്ത്യയും ചൈനയും ഒഴികെയുള്ള ലോക രാജ്യങ്ങള്‍ എല്ലാം തന്നെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ചുവപ്പ് നിറത്തിലാണുള്ളത്. ചൈനയും ഇന്ത്യയും മാത്രമാണ് ഡെമോക്രാറ്റുകളെ പ്രതിനിധീകരിക്കുന്ന നീല നിറത്തിലുള്ളത്. ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സമയത്താണ് ഈ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ ശ്രീലങ്ക മാത്രമാണ് ഡെമോക്രാറ്റുകളുടെ നീല നിറത്തിലുള്ളത്. നവംബര്‍ മൂന്നിന് ട്വീറ്റ് ചെയ്ത് ഈ തെറ്റായ ഭൂപടം ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടിട്ടുള്ളത്.

ഇന്ത്യയുടെ മാപ്പിനൊപ്പം ജമ്മു കശ്മീരിനെ മറ്റൊരു പ്രദേശമായും കാണിച്ചിരിക്കുന്നു എന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Donald Trump Jr tweets world map showing India, China as Biden supporters, sparks controversy