വാഷിങ്ടണ്‍: ഇന്ത്യ ഇനി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ സാധ്യതയില്ലെന്ന് കേട്ടതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ കേട്ടതാണ് ഇതെന്നും എന്നാല്‍ കേട്ടത് എത്രമാത്രം ശരിയാണെന്ന് അറിയില്ലെന്നും ട്രംപ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ട്രംപ് നിരന്തരമായി വിമര്‍ശിക്കാറുണ്ട്. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് പിഴ ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള എല്ലാ കയറ്റുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്താനുള്ള വൈറ്റ് ഹൗസിന്റെ തീരുമാനത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
നേരത്തെ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെ, ലോകത്തെ തന്നെ ഉയര്‍ന്ന താരിഫുകള്‍ ചുമത്തുന്നതിനും ഉക്രെയ്‌നില്‍ റഷ്യ യുദ്ധം നടത്തുമ്പോള്‍ റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിനും ട്രംപ് ഇന്ത്യയെ വിമര്‍ശിച്ചിരുന്നു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. റഷ്യയുടെ കടല്‍മാര്‍ഗമുള്ള റഷ്യന്‍ ക്രൂഡ് ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യവുമാണ് ഇന്ത്യ. റഷ്യയുടെ പ്രധാനപ്പെട്ട വരുമാനമാര്‍ഗമാണ് ഇത്. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലെ സ്റ്റേറ്റ് റിഫൈനറികള്‍ റഷ്യന്‍ എണ്ണ വാങ്ങിയിട്ടില്ലെന്ന് സ്രോതസുകളെ ഉദ്ധരിച്ച് ഇന്നലെ (വെള്ളി) വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്നലെ മുതല്‍ രാജ്യം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുന്നതായും അമേരിക്കയുടെ അമിത തീരുവയില്‍ രാജ്യം വഴങ്ങി എന്നുമുള്ള രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മംഗ്ലൂര്‍ റിഫൈനറീസ്, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളോടാണ് റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് നിര്‍ത്തുന്നത് സംബന്ധിച്ച് യാതൊരുവിധ പ്രസ്താവനകളും ഇന്ത്യ ഇതുവരെയും പുറത്തിറക്കിയിട്ടില്ല. എന്നാല്‍ ട്രംപിന്റെ വാദം ഇന്ത്യ തള്ളിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും അത് നിര്‍ത്താന്‍ തീരുമാനം ഇല്ലെന്നും കേന്ദ്രം പറഞ്ഞു.
ഇന്നലെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍, റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണയും ആയുധങ്ങളും വാങ്ങുന്നതിനെ ന്യായീകരിച്ചിരുന്നു. ന്യൂദല്‍ഹിക്കും മോസ്‌കോയ്ക്കും ഇടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഉറച്ച പങ്കാളിത്ത ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യന്‍ എണ്ണയ്ക്ക് പകരം പശ്ചിമേഷ്യയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും എണ്ണ വാങ്ങുമ്പോള്‍ റഷ്യന്‍ എണ്ണയേക്കാള്‍ കൂടുതല്‍ വില നല്‍കണമെന്ന ആശങ്ക പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുണ്ട്. എന്നാല്‍ റിലയന്‍സ്, നയാര തുടങ്ങിയ സ്വകാര്യ കമ്പനികള്‍ കുറഞ്ഞ വിലയ്ക്ക് റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുകയാണ്.
Content Highlight: Donald Trump heard India may stop buying oil from Russia