ചൈനയുമായി ബന്ധമെന്ന് ആരോപണം; ഇന്റല്‍ സി.ഇ.ഒ. രാജിവെക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്
Trending
ചൈനയുമായി ബന്ധമെന്ന് ആരോപണം; ഇന്റല്‍ സി.ഇ.ഒ. രാജിവെക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th August 2025, 10:10 am

വാഷിങ് ടണ്‍: അമേരിക്കന്‍ ചിപ്പ് നിര്‍മാണ കമ്പനിയായ ഇന്റലിന്റെ സി.ഇ.ഒ ലിപ്-ബു ടാന്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടാനിന് ചൈനയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് ട്രംപിന്റെ ഈ നടപടി. സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് രാജി ആവശ്യപ്പെട്ടത്. ‘ഇന്റല്‍ സി.ഇ.ഒ ഉടന്‍ തന്നെ രാജിവയ്ക്കണം. ഈ പ്രശ്‌നത്തിന് മറ്റ് പരിഹാരമില്ല. പ്രശ്‌നത്തില്‍ ശ്രദ്ധ ചെലുത്തിയതിന് നന്ദി’ ഇതായിരുന്നു ട്രംപിന്റെ കുറിപ്പ്.

2025 മാര്‍ച്ചിലാണ് ഇന്റലിന്റെ സി.ഇ.ഒ ആയി ലിപ്-ബു ടാന്‍ ചുമതലയേറ്റത്. ഇപ്പോള്‍ ലിപ് ബു ടാനെ നിയമിക്കുന്നതിന് മുമ്പ് ഇന്റല്‍ അദ്ദേഹത്തിന്റെ പശ്ചാത്തലം ശരിയായി പരിശോധിച്ചോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

അതേസമയം റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടോം കോട്ടണ്‍ ടാനിന്റെ ചൈനീസ് സെമികണ്ടക്ടര്‍ കമ്പനികളിലെ നിക്ഷേപങ്ങളെക്കുറിച്ചും മറ്റും ആശങ്കകള്‍ ഉന്നയിച്ചുകൊണ്ട് ഇന്റലിന്റെ ബോര്‍ഡ് ചെയര്‍മാന്‍ ഫ്രാങ്ക് യെയറിക്ക് കത്തയക്കുകയുണ്ടായി. ടാന്‍ കാഡന്‍സില്‍ ചുമതല വഹിച്ചിരുന്നപ്പോള്‍ ഇന്റല്‍ അവിടെ നിയമപരമായ പ്രശ്‌നങ്ങള്‍ പരിശോധിച്ചിരുന്നോ എന്ന് ടോം കോട്ടണ്‍ ചോദിക്കുന്നു.

‘അമേരിക്കന്‍ നികുതിദായകര്‍ നല്‍കുന്ന പണം കൈപ്പറ്റുന്ന വ്യക്തി എന്ന നിലയില്‍ ഇന്റലിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള ടാനിന്റെ കഴിവിനെക്കുറിച്ച് ചില അസോസിയേഷനുകള്‍ തന്നെ സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്ന് കോട്ടണ്‍ തന്റെ കത്തില്‍ പറഞ്ഞു.

ചൈനയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിക്ക് യു.എസിന്റെ ഹാര്‍ഡ്വെയറും സോഫ്‌റ്റ്വെയറും വില്‍പ്പന നടത്തിയതിലൂടെ യു.എസ് കയറ്റുമതി നിയന്ത്രണങ്ങള്‍ ഇന്റല്‍ ലംഘിച്ചിരുന്നു. വിഷയത്തില്‍ കമ്പനി കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.

രാജ്യത്തിന്റെ മൈക്രോചിപ്പ് വിതരണ ശൃംഖല സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യു.എസ് ഗവണ്‍മെന്റ് നടത്തിയ സെക്യുര്‍ എന്‍ക്ലേവ് പ്രോഗ്രാമിലെ ഇന്റലിന്റെ പങ്കാളിത്തത്തെക്കുറിച്ചും കോട്ടണിന്റെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ പരിപാടി പ്രകാരം ഇന്റലിന് നികുതിദായകരുടെ പണം ലഭിക്കുന്നതിനാല്‍, ടാനിന്റെ മുന്‍കാല ബന്ധങ്ങളെ കുറിച്ചും നിക്ഷേപങ്ങളെ കുറിച്ചും വ്യക്തത വരുത്തണമെന്നും കോട്ടണ്‍ പറഞ്ഞു.

2012നും 2024നും ഇടയില്‍ ടാന്‍ നൂറുകണക്കിന് ചൈനീസ് ടെക്, ചിപ്പ് നിര്‍മ്മാണ സ്ഥാപനങ്ങളിലായി 200 മില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ട്രംപിന്റെ പോസ്റ്റ് വൈറലായതിനു പിന്നാലെ ന്യൂയോര്‍ക്കില്‍ ഓഹരി വിപണി തുറക്കുന്നതിന് മുമ്പ് ഇന്റലിന്റെ ഓഹരികളില്‍ മൂന്ന് ശതമാനത്തിലധികം ഇടിവുണ്ടായി.

Content Highlight: Donald Trump demands Intel CEO resign over alleged ties to China