മുരുകൻ ഒരു പാൻ-ഇന്ത്യൻ ദൈവം, ഞങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കരുത്: പവൻ കല്യാൺ
national news
മുരുകൻ ഒരു പാൻ-ഇന്ത്യൻ ദൈവം, ഞങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കരുത്: പവൻ കല്യാൺ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd June 2025, 8:38 am

മധുര: ഹിന്ദു വിശ്വാസികളെ പ്രത്യേകിച്ച് മുരുകൻ ഭക്തരെ പരിഹസിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. മധുരയിൽ നടന്ന മുരുകൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില രാഷ്ട്രീയ നേതാക്കൾ അപകടകരമായ വിഘടനവാദ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയാണെന്നും മതേതരത്വത്തിന്റെ മറവിൽ ഹിന്ദു ആചാരങ്ങളെ തെരഞ്ഞെടുത്ത് ലക്ഷ്യം വെക്കുന്നുവെന്ന് ഡി.എം.കെയെ ലക്ഷ്യം വെച്ച് പവൻ കല്യാൺ പറഞ്ഞു. ഉത്തർപ്രദേശിന് പകരം തമിഴ്‌നാട്ടിൽ എന്തിന് മുരുകൻ സമ്മേളനം നടത്തുന്നുവെന്ന് ചോദിച്ച രാഷ്ട്രീയ നേതാവിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.

നിരീശ്വരവാദികളും മതേതരവാദികളും ഹിന്ദുമതത്തെ പരിഹസിക്കുകയും മറ്റ് മതങ്ങളെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച അദ്ദേഹം അവരെ വിമർശിച്ചു. ഒപ്പം അറേബ്യയിൽ ഉത്ഭവിച്ച മതങ്ങളെ അവർ വിമർശിക്കുമോ എന്ന് ചോദിക്കുകയും ചെയ്തു.

മുരുകൻ വെറുമൊരു തമിഴ് ദേവനല്ല, മറിച്ച് വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത പേരുകളിൽ ആരാധിക്കപ്പെടുന്ന ഒരു പാൻ-ഇന്ത്യൻ ദേവനാണെന്ന് പറഞ്ഞ പവൻ കല്യാൺ, ഹിന്ദുക്കൾ ഐക്യത്തോടെ നിലകൊള്ളണമെന്ന് ആവശ്യപ്പെട്ടു. ഹിന്ദുക്കൾ തങ്ങളുടെ വിശ്വാസത്തിൽ അഭിമാനം പ്രകടിപ്പിക്കുന്നതിൽ ലജ്ജിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മുരുകൻ തമിഴ് ദൈവമാണ്. പക്ഷേ അവൻ എല്ലായിടത്തും ഉണ്ട്. വടക്ക് കാർത്തികേയൻ, ആന്ധ്രയിലും കർണാടകയിലും സുബ്രഹ്മണ്യൻ. ഞാൻ അദ്ദേഹത്തോട് പ്രാർത്ഥിക്കുന്നു, അതുകൊണ്ടാണ് മധുരയിൽ മുരുകൻ സമ്മേളനം നടക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

‘കന്ദ ഷഷ്ഠി കവാസം’ പോലുള്ള ഭക്തിഗാനങ്ങളെ പരിഹസിച്ചതായി ആരോപിക്കപ്പെടുന്ന മുൻകാല സംഭവങ്ങളെ അദ്ദേഹം അപലപിച്ചു. അത്തരം പ്രവൃത്തികളെ തമിഴ് ഹിന്ദുക്കളുടെ വികാരങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്ന് അദ്ദേഹം ആരോപിച്ചു.

‘നമുക്ക് ഒരു ദൃഢനിശ്ചയം എടുക്കാം. നമുക്ക് ഒന്നിക്കാം. സ്നേഹം ബലഹീനതയല്ല, മറിച്ച് ധൈര്യത്തിന്റെ പ്രതീകമാണ്. മുരുകൻ സുരപദ്മനെ നശിപ്പിച്ചു. പക്ഷേ ഇത് കലിയുഗമായതിനാൽ, നമുക്ക് മുരുകനായി മാറി തിന്മയെ നശിപ്പിക്കാം.

ദൈവത്തിൽ വിശ്വസിക്കാത്തവർക്ക് മതേതരത്വം എന്നത് സൗകര്യപ്രദമായ ഒരു പദമാണ്. എന്നാൽ നമ്മുടെ നിരീശ്വരവാദികൾ ഒരു ദൈവത്തിലും വിശ്വസിക്കുന്നതിനുപകരം, ഹിന്ദു ദൈവങ്ങളിൽ മാത്രം വിശ്വസിക്കുന്നില്ല. മതേതരവാദികൾ ഹിന്ദുമതം ഒഴികെയുള്ള മറ്റൊരു മതത്തോടും വിവേചനം കാണിക്കുന്നില്ല. ഹിന്ദുമതം ഒഴികെയുള്ള മറ്റൊരു മതത്തെയും വിമർശിക്കാൻ അവർക്ക് ധൈര്യമില്ല. ഭരണഘടന അവർക്ക് ഏറ്റവും വലിയ ആയുധം നൽകിയത് സംസാര സ്വാതന്ത്ര്യം എന്ന ആയുധമാണ്. അത് അവർ നമ്മുടെ ദൈവങ്ങൾക്കെതിരെ ഉപയോഗിക്കുന്നു,’ അദ്ദേഹം ആരോപിച്ചു.

 

Content Highlight: ‘Don’t try to provoke us’, Pawan Kalyan calls for Hindu unity at Murugan Conference