സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യയുമായുള്ള പങ്കാളിത്തം കുറയ്ക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങള്‍ വ്യര്‍ത്ഥമാണെന്നും അത് ആഗോള സ്ഥിരതയ്ക്ക് ഹാനികരമാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിന്‍.
റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ സംഭരണം വെട്ടിക്കുറയ്ക്കണമെന്ന് ഇന്ത്യയോട് അമേരിക്ക നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പാശ്ചാത്യ സമ്മര്‍ദങ്ങള്‍ക്കെതിരെ പുടിന്‍ പ്രതികരിച്ചത്.
സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ പി.ടി.ഐ ഉള്‍പ്പെടെയുള്ള ആഗോള വാര്‍ത്താ ഏജന്‍സികളുടെ മേധാവികളുമായി നടത്തിയ പ്രത്യേക ആശയവിനിമയത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
റഷ്യയുമായുള്ള സഹകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ അമേരിക്ക ശ്രമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച പുടിന്‍, അത്തരം തന്ത്രങ്ങള്‍ക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.
‘ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മേല്‍ സമ്മര്‍ദം ചെലുത്തുന്നത് അന്താരാഷ്ട്ര ബന്ധങ്ങള്‍ക്കും ഉഭയകക്ഷി ബന്ധങ്ങള്‍ക്കും ദോഷകരമാണെന്ന് ഇപ്പോള്‍ എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. ഈ സമ്മര്‍ദം എവിടെ നിന്ന് വരുന്നു എന്നത് ഒരു പ്രശ്‌നമേയല്ല.’, പുടിന്‍ വ്യക്തമാക്കി.
റഷ്യയുമായുള്ള ഇടപെടല്‍ പരിമിതപ്പെടുത്താന്‍ പാശ്ചാത്യ ലോകം ചെലുത്തിയ സമ്മര്‍ദം കാരണം ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധത്തില്‍ യാതൊരുവിധ പ്രതികൂല ഫലങ്ങളും ഉണ്ടായിട്ടില്ലെന്നും മോസ്‌കോ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്ക് പ്രകടിപ്പിക്കുന്ന മുന്‍നിര സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യയെന്ന് പുടിന്‍ പ്രശംസിച്ചു. ഇന്ത്യയുടെ ഈ നേട്ടം പെട്ടെന്ന് ഉണ്ടായ ഒന്നല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ യു.എസ് ഡോളറിന്റെ നാഴികക്കല്ല് പിന്നിടും.’, പുടിന്‍ പറഞ്ഞു.
ഇന്ത്യയെ ഒരു വിശ്വസനീയ പങ്കാളി എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ദേശീയ താത്പര്യങ്ങള്‍ക്ക് പ്രധാനമെന്ന് കരുതുന്ന എല്ലാ രാജ്യങ്ങളുമായും ഇന്ത്യ ബന്ധം വികസിപ്പിക്കുന്നതില്‍ റഷ്യയ്ക്ക് സന്തോഷമേയുള്ളൂവെന്നും വ്യക്തമാക്കി.
അമേരിക്കയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകള്‍ റഷ്യയുമായുള്ള കാലാതീതമായ ബന്ധത്തെ തടസ്സപ്പെടുത്തുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്നില്ല.
വാഷിങ്ടണുമായുള്ള ഇന്ത്യയുടെ ആഴത്തിലുള്ള ബന്ധം റഷ്യയ്ക്ക് യാതൊരുവിധ ഘടനാപരമായ സംഘര്‍ഷവും സൃഷ്ടിക്കുന്നില്ലെന്നും മറ്റേതെങ്കിലും രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തില്‍ നിന്ന് ഒരു നെഗറ്റീവ് പ്രത്യാഘാതവും തങ്ങള്‍ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉക്രെയ്നിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടുള്ള തന്റെ നിലപാടും പുടിന്‍ വ്യക്തമാക്കി. സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ ഉക്രൈന് നിരന്തരം ആയുധങ്ങള്‍ നല്‍കി യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിന് പകരം, അവരെ വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിച്ചുകൊണ്ട് സംഘര്‍ഷം പരിഹരിക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.
വര്‍ഷങ്ങളായി റഷ്യയ്ക്ക് തന്ത്രപരമായ പരാജയം വരുത്തണമെന്ന് വാചാലരാകുന്ന ആളുകളെ റഷ്യയ്ക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ഉക്രെയ്ന്‍ പ്രതിസന്ധി ഒരു പ്രാദേശിക പ്രശ്‌നം മാത്രമാണെന്നും എന്നാല്‍ ഇറാന്‍ വിഷയം കൂടുതല്‍ ആഗോള സ്വഭാവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ ഔദ്യോഗിക പദവിയുടെ കാലാവധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ച പുടിന്‍, അദ്ദേഹത്തിന്റെ പദയിയിലെ നിയമസാധുതയെയും ചോദ്യം ചെയ്തു. ‘അവര്‍ അവിടെ തെരഞ്ഞെടുപ്പ് നടത്തുമോ ഇല്ലയോ? നമ്മള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്,’ പുടിന്‍ പറഞ്ഞു.
അതേസമയം, നിലവില്‍ പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ സഹായിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ഏതൊരു നല്ല തീരുമാനത്തെയും പിന്തുണയ്ക്കാന്‍ റഷ്യ പൂര്‍ണമായി തയ്യാറാണെന്നും പുടിന്‍ വ്യക്തമാക്കി.
Content Highlight: Don’t try to pressure India over its relations with Russia’; Putin warns Trump