മാഡ്രിഡ്: ഇറാനെ ആക്രമിക്കാനായി സൈനിക താവളങ്ങള്‍ വിട്ടുനല്‍കാത്തതിന്റെ പേരില്‍ സ്‌പെയിനിനെതിരെ ഉയര്‍ത്തിയ ഭീഷണികളെ തള്ളിക്കളഞ്ഞ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്.
സ്‌പെയ്ന്‍ നയതന്ത്രത്തിനും അന്താരാഷ്ട്ര നിയമത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. യുദ്ധം വേണ്ട എന്ന നിലപാടാണ് എക്കാലവും സ്‌പെയ്ന്‍ പിന്തുടരുന്നതെന്നും സാഞ്ചസ് പറഞ്ഞു. 2003ലെ ഇറാഖ് യുദ്ധത്തിലുണ്ടായ തിരിച്ചടികളും ഉക്രൈനിലും ഗസയിലും യു.എസിന് പിഴയ്ക്കുന്നതും ചൂണ്ടിക്കാണിച്ചായിരുന്നു സാഞ്ചസിന്റെ മറുപടി.
’23 വര്‍ഷങ്ങള്‍ക്ക് മുമ്പ് യു.എസ് ഭരണകൂടം ഇറാഖ് യുദ്ധത്തിലേക്ക് സ്‌പെയ്‌നിനെ വലിച്ചിഴച്ചു. സദ്ദാം ഹുസൈന്റെ കയ്യില്‍ ആണവായുധമുണ്ടെന്നും അതില്ലാതാക്കണമെന്നും ജനാധിപത്യം തിരികെ കൊണ്ടുവരണമെന്നും പറഞ്ഞ് ആരംഭിച്ച യുദ്ധത്തില്‍ പക്ഷെ ഒരു ആണവായുധം പോലും കണ്ടെത്താനായില്ല.
നിങ്ങള്‍ക്ക് ഞങ്ങളെ രണ്ട് തവണ കബളിപ്പിക്കുകയെന്നത് സാധ്യമല്ല. ക്രൂരമാണത്’, സാഞ്ചസ് 10 മിനിറ്റ് നീണ്ടുനിന്ന ടെലിവിഷന്‍ പ്രഭാഷണത്തില്‍ പറഞ്ഞു.
Spanish PM Pedro Sanchez responds to Trump :
“23 years ago, U.S govt dragged us into a war with Iraq, A war said to fight to eliminate Saddam Hussein’s nuclear weapons and bring democracy
ഇറാനുള്ള പിന്തുണയും പ്രസംഗത്തില്‍ സാഞ്ചസ് ഉറപ്പാക്കി. സ്‌പെയ്ന്‍ ആയത്തുല്ലമാരുടെ പക്ഷത്താണോ എന്നതല്ല ചോദ്യം, സ്‌പെയ്ന്‍ സമാധാനത്തിനും അന്താരാഷ്ട്ര നിയമസാധുതയ്ക്കും അനുകൂലമാണോ എന്നതാണ് ചോദ്യം. നിയമവിരുദ്ധതയ്ക്ക് അതേ നിയമവിരുദ്ധതകൊണ്ട് മറുപടി നല്‍കാനാകില്ല. മനുഷ്യരാശിക്ക് വലിയ ദുരന്തങ്ങള്‍ സംഭവിക്കുന്നത് അങ്ങനെയാണെന്നും സാഞ്ചസ് പറഞ്ഞു.
നേരത്തെ, ഇറാനെ ആക്രമിക്കുന്നതിനായി സ്‌പെയ്‌നിന്റെ റോട്ടഫോര്‍, മൊറോണ്‍ തുടങ്ങിയ താവളങ്ങള്‍ വിട്ടുനല്‍കണമെന്ന യു.എസിന് ആവശ്യം സ്‌പെയ്ന്‍ തള്ളിയിരുന്നു.
ഇതിന് പിന്നാലെ സ്‌പെയ്‌നുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങള്‍ വിച്ഛേദിക്കുമെന്നും ഒരു ബന്ധവും പുലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
ഈ ഭീഷണിയെ തള്ളിക്കളഞ്ഞ സ്പാനിഷ് പ്രധാനമന്ത്രി ട്രംപിന്റെ നീക്കം അന്താരാഷ്ട്ര നിയമത്തിന്റെ തകര്‍ച്ചയെന്ന് വിശേഷിപ്പിച്ചു. സ്പാനിഷ് സര്‍ക്കാരിന്റെ നിലപാട് യുദ്ധം വേണ്ട എന്ന ചെറിയ വാക്യത്തില്‍ സംഗ്രഹിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വെനസ്വേലയ്‌ക്കെതിരായ ട്രംപ് കൈക്കൊണ്ട നടപടികളെയും സാഞ്ചസ് വിമര്‍ശിച്ചിരുന്നു.
സ്‌പെയ്‌നിന്റെ നിലപാടിന് ഫ്രാന്‍സ് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ടെലിഫോണിലൂടെ വിളിച്ചാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പിന്തുണ അറിയിച്ചത്. ഇതോടൊപ്പം യൂറോപ്യന്‍ യൂണിയനും സ്‌പെയ്‌നിനെ പിന്തുണച്ച് രംഗത്തെത്തി.
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയാണ് ഇക്കാര്യത്തില്‍ നിലപാടറിയിച്ചത്.
Content Highlight: Don’t try to fool twice; 23 years ago, U.S govt dragged us into a war with Iraq; Spanish PM