അവകാശപ്പെട്ട സംവരണമാണ് ചോദിക്കുന്നത്; ക്ഷമ പരീക്ഷിക്കരുത്; ഫഡ്‌നാവിസിനോട് മറാത്താ സംവരണ പ്രക്ഷോഭനേതാവ് മനോജ് ജാരങ്കെ
India
അവകാശപ്പെട്ട സംവരണമാണ് ചോദിക്കുന്നത്; ക്ഷമ പരീക്ഷിക്കരുത്; ഫഡ്‌നാവിസിനോട് മറാത്താ സംവരണ പ്രക്ഷോഭനേതാവ് മനോജ് ജാരങ്കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th August 2025, 6:00 pm

മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാരിന് മുന്നറിയിപ്പുമായി മറാത്താ സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജാരങ്കെ. മറാത്ത വിഭാഗത്തിനെ ഒ.ബി.സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ജാരങ്കെയുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നത്.

ഒ.ബി.സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട കുംബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും 10 ശതമാനം സംവരണത്തിന് മറാത്തകള്‍ക്കും അവകാശമുണ്ടെന്നുമാണ് ജാരങ്കെ പറയുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും 10 ശതമാനം സംവരണമാണ് ഇതിലൂടെ മറാത്തകള്‍ ലക്ഷ്യമിടുന്നത്. കൃഷി ഉപജീവനമാര്‍ഗമാക്കിയ മഹാരാഷ്ട്രയിലെ പിന്നോക്ക ജാതിവിഭാഗമാണ് കുംബികള്‍.

സംവരണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ് ജാരങ്കെ. ആസാദ് മൈതാനിലെ വേദിയിലാണ് ജാരങ്കെ സത്യാഗ്രഹം തുടരുന്നത്. ആയിരക്കണക്കിന് അനുനായികള്‍ക്ക് ഒപ്പമാണ് ജാരങ്കെയുടെ സത്യാഗ്രഹം.

‘ഞങ്ങള്‍, ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സംവരണം മാത്രമാണ് ചോദിക്കുന്നത്. അതിനുള്ള യോഗ്യത ഞങ്ങള്‍ക്കുണ്ട്. മറാത്തകളും കുംബി വിഭാഗത്തില്‍പ്പെട്ടവരാണ്.

രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,ഞങ്ങള്‍ ആവശ്യപ്പെടുന്നത് സംവരണം മാത്രമാണ്. മറാത്താ സമുദായത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്നാണ് സര്‍ക്കാരിനോട് പറയാനുള്ളത്’, ജാരങ്കെ മാധ്യമങ്ങളോട് പ്രതികരിച്ചു.

Maharashtra Govt Forms Special Committee To Prevent Love Jihad And Conversion; The opposition said that it was a decision to mix people with each other

ഒ.ബി.സി ക്വാട്ട വെട്ടിക്കുറച്ച് മറാത്തകള്‍ക്ക് സംവരണം നല്‍കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്നും ജാരങ്കെ പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പാവപ്പെട്ട മറാത്തകളെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും ജാരങ്കെ ആവശ്യപ്പെട്ടു.

സത്യാഗ്രഹ വേദിയിലേക്കുള്ള വെള്ളവും ശുചിമുറിയും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ തടഞ്ഞ് സര്‍ക്കാര്‍ പ്രക്ഷോഭത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, മറാത്തകളുടെ ആവശ്യം പരിഗണിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ് പ്രതികരിച്ചു. ക്യാബിനറ്റ് ഉപസമിതി വിഷയം പരിശോധിക്കുമെന്നും ഭരണഘടനാ ചട്ടക്കൂടില്‍ നിന്നു തന്നെ ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് ഫഡ്‌നാവിസ് അറിയിച്ചത്.

എന്നാല്‍, വരാനിരിക്കുന്ന ഗണേശോത്സവത്തിന് തൊട്ടുമുന്‍പ് മഹാരാഷ്ട്രയില്‍ ഇത്തരത്തിലൊരു പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടതില്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ് പ്രതിപക്ഷമായ മഹാവികാസ് അഘാടി.

സര്‍ക്കാര്‍ ജാരങ്കെയുമായി സംസാരിച്ച് ഉടന്‍ ഒരു തീരുമാനത്തില്‍ എത്തണമെന്നും 50 ശതമാനം സംവരണമെന്ന നിലവിലെ രീതി ഒഴിവാക്കി ജാതി സെന്‍സസ് സംഘടിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

നേരത്തെ, ജനുവരിയില്‍ സമാനമായ ആവശ്യം ഉന്നയിച്ച് ജാരങ്കെ നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരുന്നെങ്കിലും പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താമെന്ന് ബി.ജെ.പി എംഎല്‍എ സുരേഷ് ദാസ് ഉറപ്പുനല്‍കിയതോടെ സമരം അവസാനിപ്പിച്ചിരുന്നു.

Content Highlight: We are asking for our rightful reservation; don’t test our patience: Manoj Jaranke to Fadnavis