സിനിമയില്‍ വര്‍ഷങ്ങളായി തുടരുമ്പോഴും ജീവനുള്ള ചില കഥാപാത്രങ്ങള്‍ വരുമ്പോള്‍ അത് സംഭവിക്കുന്നത് വരെ വലിയ ആശങ്കയാണെന്ന് നടന്‍ ഇന്ദ്രന്‍സ്. തന്റെ പുതിയ ചിത്രമായ ‘ചിന്ന ചിന്ന ആസൈ’ യുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു ഇന്ദ്രന്‍സ്.
ചിത്രത്തില്‍ മധുബാലയാണ് തന്റെ കൂടെ അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ സംവിധായിക വര്‍ഷയോട് താന്‍ പറഞ്ഞ കാര്യങ്ങളും ഇന്ദ്രന്‍സ് തുറന്നുപറഞ്ഞു.
‘കുറെ പടങ്ങള്‍ നമുക്ക് കിട്ടുമെങ്കിലും, ചില കഥാപാത്രങ്ങളുണ്ട്… ഉള്ളില്‍ ജീവനുള്ളവ. അത് വന്ന് കഴിഞ്ഞശേഷം അത് സംഭവിക്കുന്നത് വരെ ഭയങ്കര ആധിയാണ്. ഈ സിനിമയുടെ കാര്യത്തില്‍ വര്‍ഷ വന്ന് കഥ പറഞ്ഞപ്പോള്‍ എനിക്ക് നല്ല ഇഷ്ടമായി. വേറെ ഒന്നും ചോദിക്കാതെ ഞാന്‍ റെഡി എന്ന് പറഞ്ഞു. അവരുടെ ഇഷ്ടത്തിന് വിട്ടു.
അപ്പോഴാണ് അതില്‍ കൂടെ അഭിനയിക്കുന്നത് മധു മാഡം (മധുബാല) ആണെന്ന് പറയുന്നത്. വര്‍ഷ കഥ പറഞ്ഞുപോയി കഴിഞ്ഞപ്പോഴേക്കും എനിക്ക് ഒരൊറ്റ വാക്ക് അവരോട് പറയണെന്നുണ്ടായിരുന്നു.
‘ആരാണ് മാധവ മാഷ് എന്ന് ചോദിച്ചാല്‍ എന്റെ പേര് പറയല്ലേ, തീരുമാനിച്ചില്ലെന്നേ പറയാവൂ’ എന്ന്. ഇല്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ വിളിച്ച് അന്വേഷിക്കും, മലയാളത്തിലെ ആരാണ് ഇദ്ദേഹമെന്ന്.
കോമഡി ഒക്കെ ചെയ്തു വന്ന ആളാണെന്ന് പറഞ്ഞാല്‍, അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോലും ചിലപ്പോള്‍ അവര്‍ അതില്‍ നിന്ന് വിട്ടുപോയേക്കും.
അങ്ങനെ എനിക്ക് പല സിനിമകളിലും ചിലപ്പോഴൊക്കെ സംഭവിച്ചിട്ടുണ്ട്. നമ്മുടെ അടുത്ത് വന്ന് കഥ പറയുമ്പോള്‍ കൂടെ നില്‍ക്കുന്ന ആര്‍ട്ടിസ്റ്റുകളായി വലിയ വലിയ താരങ്ങളുടെ പേര് പറയും, പക്ഷേ അവസാനം അവരെയൊന്നും കിട്ടില്ല. നമുക്ക് നമ്മുടെ ക്യാരക്ടര്‍ തൃപ്തിയായാല്‍ മതി, എങ്കിലും അതൊരു ആധിയായിട്ട് തന്നെ കാണണം.’ ഇന്ദ്രന്‍സ് പറഞ്ഞു.
‘ഞാനാണ് നായകന്‍ എന്നറിഞ്ഞിട്ടും മധു മാഡം ഇതില്‍ അഭിനയിക്കാന്‍ സമ്മതിച്ചു, അവര്‍ക്ക് കഥ ഇഷ്ടമായി എന്ന് വര്‍ഷ വന്ന് പറഞ്ഞപ്പോഴാണ് ആശ്വാസമായത്. ഞാനും ആ ഒരു ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു. ഇത്തരം സിനിമകള്‍ക്കായി ഡേറ്റ് കൊടുത്ത് കാത്തിരിക്കുമ്പോള്‍, പിന്നീട് കുഞ്ഞു കുഞ്ഞു മാറ്റങ്ങളോ ഒരാഴ്ച നീളുകയോ ഒക്കെ ചെയ്യുമ്പോള്‍ എനിക്കും പ്രോബ്ലം ആണ്.
ഇന്ദ്രന്‍സ് Photo: Facebook
കാരണം, അടുത്ത കമ്പനിയുമായി വഴക്കുണ്ടാക്കിയായിരിക്കും നമ്മള്‍ ഇതിനായി കാത്തിരിക്കുന്നത്. എങ്ങാനും ഒരു കാരണം കൊണ്ട് അവര്‍ മാറിപ്പോയാല്‍ പിന്നെ വേറെ ആരെങ്കിലും ഒക്കെയായിരിക്കും വരിക.
ഒരു സിനിമയുടെ മൊത്തത്തിലുള്ള വിജയത്തിന് നമ്മുടെ ഓപ്പോസിറ്റ് നില്‍ക്കുന്ന ആളില്‍ നിന്ന് കിട്ടുന്ന സപ്പോര്‍ട്ട് വളരെ വലുതാണ്. എങ്കില്‍ മാത്രമേ ഒരു ആര്‍ട്ടിസ്റ്റിന് അത് തിരിച്ചു കൊടുക്കാന്‍ പറ്റത്തുള്ളൂ. അതുകൊണ്ട് ഞാന്‍ ഇത്തിരി ആധിപിടിച്ചിരുന്നതാണ്. പക്ഷേ അതൊന്നും സംഭവിച്ചില്ല, മാഡം വന്നു. ഭയങ്കര സന്തോഷം തോന്നി. ഇനി ഈ 19-ാം തീയതിക്ക് ശേഷം ഈ സിനിമയുടെ ജാതകം അറിയാനുള്ള ഒരു ചങ്കിടിപ്പോടെയുള്ള കാത്തിരിപ്പിലാണ് ഞാന്‍.’ ഇന്ദ്രന്‍സ് പറഞ്ഞു.
‘ഈ സിനിമയിലെ കഥാപാത്രങ്ങള്‍ തമ്മിലുള്ളത് വലിയൊരു സ്‌നേഹമാണ്. എല്ലാവര്‍ക്കും പരസ്പരം സ്‌നേഹമുണ്ട്. അതിന് ചിലപ്പോള്‍ പ്രേമം എന്നോ പ്രണയം എന്നോ പേര് പറയാന്‍ പറ്റില്ല. പ്രണയമൊന്നുമല്ലാത്ത, എന്നാല്‍ പേരിട്ട് വിളിക്കാന്‍ പറ്റാത്ത തരം ഒരു സ്‌നേഹമുണ്ട്, ബന്ധങ്ങളുണ്ട്. അങ്ങനെ എന്ത് പേരിട്ട് വിളിക്കാന്‍ പറ്റും എന്ന് ചിന്തിപ്പിക്കുന്ന ഒരു ആത്മബന്ധമാണ് ഇതിലെ കഥാപാത്രങ്ങള്‍ തമ്മിലുള്ളത്,’ ഇന്ദ്രന്‍സ് പറഞ്ഞു.
Content Highlight: Don’t tell them I am the hero, if you do, they won’t come! Indrans