ഒരു കാര്യവും പറയരുത്; പൊലീസുകാർ മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകുന്നത് വിലക്കി ഡി.ജി.പിയുടെ സർക്കുലർ
Kerala
ഒരു കാര്യവും പറയരുത്; പൊലീസുകാർ മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകുന്നത് വിലക്കി ഡി.ജി.പിയുടെ സർക്കുലർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st October 2025, 11:40 am

തിരുവനന്തപുരം: അന്വേഷണ വിവരങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് നൽകരുതെന്ന് ഡി.ജി.പിയുടെ സർക്കുലർ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ .

കുറ്റവാളികളുടെ മൊഴിയുടെ വിവരങ്ങൾ കൈമാറരുതെന്നും എല്ലാ പൊലീസ് സ്റ്റേഷനിലേക്കും ഈ സർക്കുലർ അയച്ചിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു.

വിവരങ്ങൾ നൽകുന്നത് കോടതി ഉത്തരവിന്റെ ലംഘനമായി കണക്കാക്കുമെന്നും ചില കേസുകളിൽ മാധ്യമങ്ങൾക്ക് മുമ്പിൽ അന്വേഷണ വിവരങ്ങൾ കൈമാറുന്നത് കോടതി വിലക്കിയിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് പേരുടെ തിരോധാന കേസിലെ പ്രതിയായ സെബാസ്റ്റ്യൻ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങൾ പൊലീസ് മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞിരുന്നു. അദ്ദേഹം കുറ്റം സമ്മതിച്ചു എന്ന രീതിയിലാണ് പൊലീസ് മാധ്യമങ്ങൾക്ക് വിവരങ്ങൾ കൈമാറിയിരുന്നത്. മാധ്യമങ്ങൾ അത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഇത് കേസിന്റെ വിചാരണയടക്കം ബാധിക്കുന്ന കാര്യമാണ് അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന് കത്തിൽ പറയുന്നു. ഈ അടിസ്ഥാനത്തിലാണ് ഡി.ജി.പി ഇപ്പോൾ പോലീസ് ഉദ്യോഗസ്ഥർക്കുള്ള പ്രോട്ടോകോളായി സർക്കുലർ ഇറക്കിയിട്ടുള്ളത്.

Content Highlight: Don’t say anything; DGP’s circular prohibits police officers from giving information to the media