നവാഗതനായ ദീപക് ഡിയോൺ സംവിധാനം ചെയ്ത ചിത്രമായ പ്രൈവറ്റ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
നവാഗതനായ ദീപക് ഡിയോൺ സംവിധാനം ചെയ്ത ചിത്രമായ പ്രൈവറ്റ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറക്കിയപ്പോൾ ഗസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്‌ക്രീനിന്റെ പകുതി സമർപ്പിച്ചതും, സെൻസർ ബോർഡിന്റെ കടുംപിടുത്തം കാരണം റിലീസ് ചെയ്യാൻ തീരുമാനിച്ച ദിവസം തിയേറ്ററിൽ എത്താതെ പോയതും എല്ലാം ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മാധ്യമപ്രവർത്തകൻ ശ്രീജിത്ത് ദിവാകരൻ.
അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ചിത്രത്തിൽ പലയിടത്തും നമുക്ക് മ്യൂട്ടുകൾ കാണാമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഗൗരവമേറിയ ഒരു കഥാസന്ദർഭത്തെ തികച്ചും ജൈവികമായ സംഭാഷണങ്ങളും സന്ദർഭങ്ങളും ചേർന്ന സീനുകളിലൂടെ ഒരു സിനിമയാക്കി മാറ്റിയതാണ് പ്രൈവറ്റിന്റെ പ്രത്യേകതയെന്നും വലിയ താരങ്ങളും വലിയ പ്രചരണവും ഇല്ലാത്തത് കൊണ്ട് സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്ന ഒരു മലയാള സിനിമ കാണാതെ പോകരുതെന്നും ശ്രീജിത്ത് ദിവാകരൻ ഓർമിപ്പിച്ചു.
നിശബ്ദമാക്കപ്പെടുന്ന ശബ്ദങ്ങളെ കുറിച്ച് സംസാരിക്കുന്ന ചിത്രത്തിലെ സംഭാഷണങ്ങൾ നിശബ്ദമാക്കപ്പെടുന്നു എന്നതാണ് ഇപ്പോഴത്തെ നമ്മുടെ കാലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മീനാക്ഷി അനൂപും ഇന്ദ്രൻസും പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം സെൻസർ ബോർഡ് നിർദേശിച്ച ഒമ്പത് മാറ്റങ്ങൾക്ക് ശേഷമാണ് തിയേറ്ററിലേക്ക് എത്തിയത്. സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.

Sreejith Divakaran
പൗരത്വ ബിൽ, ഹിന്ദി സംസാരിക്കുന്നവർ, ബീഹാർ, രാമരാജ്യം തുടങ്ങിയ വാക്കുകളാണ് ചിത്രത്തിൽ നിന്നും ഒഴിവാക്കിയത്. ഒരു സംഘടനയുടെ പേരായി ഉപയോഗിച്ച RNS മാസ്‌ക് ചെയ്യാനും സെൻസർ ബോർഡ് നിർദേശിച്ചിരുന്നു.
ശ്രീജിത്ത് ദിവാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സ്വാതന്ത്ര്യം സ്വപ്നം കാണുന്ന, വലിയൊരു ജീവിതം മുഴുവന്‍ ചിരിയും സമാധാനവും സന്തോഷവും ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിക്ക് രണ്ടാം വര്‍ഷ ഡിഗ്രിയുടെ പ്രായമാകുമ്പോഴേ്ക്കും തന്റെ വിവാഹം നിശ്ചയിക്കപ്പെടുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ എന്ത് തോന്നും? ആലോചനകളൊന്നുമില്ലാതെ ചിലപ്പോള്‍ അവള്‍ ഇറങ്ങി പുറപ്പെടും. തുല്യനീതിയും വിവേചനരഹിതമായ സമൂഹവും സ്വപ്നം കാണുന്ന ഒരാള്‍ അനീതി മഴ പോലെ പെയ്യുന്നത് കാണുമ്പോള്‍ എന്ത് ചെയ്യും? ആലോചിച്ച് തന്നെ അയാള്‍ സാഹസങ്ങള്‍ക്കായി തയ്യാറായേക്കും.
സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മനുഷ്യരുടെ ഒടുങ്ങാത്ത ദാഹമാണത്. ഒരു ചെറിയ സിനിമ നമ്മളോട് അത് പറയുന്നു. അതീവ ഗൗരവത്തില്‍, അതീവ പ്രധാന്യത്തോടെ. മീനാക്ഷി, ഇന്ദ്രന്‍സ് എന്നീ രണ്ട് താരങ്ങള്‍ മാത്രമുള്ള, 90 ശതമാനം ഫ്രേമുകളിലു ഇരുവരും മാത്രമുള്ള രണ്ട് മണിക്കൂറിലേറെ നീണ്ട സിനിമ. ആ മലയാള സിനിമ അവസാനം പ്രൊഫ. ഗോവിന്ദ് പന്‍സാരയുടേയും ഡോ. കല്‍ബുര്‍ഗിയുടേയും നരേന്ദ്ര ധബോല്‍ക്കറുടേയും ഗൗരിലങ്കേഷിന്റേയും പേരുകളും ചിത്രങ്ങളും എഴുതിക്കാണിച്ച്, അവര്‍ക്കായി സമര്‍പ്പിക്കുന്നു.
നോക്കൂ, അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ഈ ചിത്രത്തില്‍ പലയിടത്തും നമുക്ക് മ്യൂട്ടുകള്‍ കാണാം. ഡയലോഗുകള്‍ നിശബ്ദമാക്കപ്പെട്ടിരിക്കുന്നു. മുസ്‌ലിം എന്നോ, ഹിന്ദുത്വ എന്നോ പൗരത്വ ബില്ലിനെതിരെയുള്ള സമരമെന്നോ കര്‍ഷക പ്രക്ഷോഭമെന്നോ സിനിമ ചര്‍ച്ച ചെയ്യുന്നതില്‍ സെന്‍സര്‍ ബോര്‍ഡിന് പ്രശ്നമുണ്ട്.
യു.എ.പി.എ ചുമത്തപ്പെട്ട ഒരാള്‍ മോചിതനാകുന്നതും മുസ്‌ലിം പേരുള്ളയാള്‍ തുടര്‍ന്നും കസ്റ്റഡിയില്‍ തുടരുന്നതും ഇന്ത്യയിലൊരു പുതുകാര്യമേ അല്ല, പുസ്തകത്തിന്റെ പേരില്‍, അഭിപ്രായം തുറന്ന് പറഞ്ഞതിന് കൊല്ലപ്പെടുന്നതും പുതിയ കാര്യമല്ല. നിശബ്ദമാക്കപ്പെടുന്ന ശബ്ദങ്ങളെ കുറിച്ച് സംസാരിക്കുന്ന ഈ ചിത്രത്തിലെ സംഭാഷണങ്ങള്‍ നിശബ്ദമാക്കപ്പെടുന്നു എന്നതാണ് നമ്മുടെ കാലം.
ഇത്രയേറെ ഗൗരവമേറിയ ഒരു കഥാസന്ദര്‍ഭത്തെ തികച്ചും ജൈവികമായ സംഭാഷങ്ങണങ്ങളും സന്ദര്‍ഭങ്ങളും ചേര്‍ന്ന സീനുകളിലൂടെ ഒരു സിനിമയാക്കി മാറ്റിയിരിക്കുന്നുവെന്നാണ് പ്രൈവറ്റിന്റെ പ്രത്യേകത. മീനാക്ഷിയും ഇന്ദ്രന്‍സും അത്യുഗ്രനാണ്. ഉഗ്രന്‍ ഡയലോഗ് ഡെലിവറികള്‍, ഉജ്ജ്വല പെര്‍ഫോമന്‍സ്. വിശദമായി എഴുതണം എന്നുണ്ട്. പക്ഷേ കഴിയുന്നവര്‍ കാണണം. വലിയ താരങ്ങളും വലിയ പ്രചരണവും ഇല്ലാത്തത് കൊണ്ട് സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്ന ഒരു മലയാള സിനിമ കാണാതെ പോകരുത്.
നിശബ്ദമാക്കാന്‍ അവര്‍ ശ്രമിക്കും. പക്ഷേ ചെറിയ ശ്രമങ്ങള്‍ നമ്മള്‍ അംഗീകരിക്കുമ്പോഴേ സമൂഹം തോറ്റുപോകാതിരിക്കൂ.
എഴുത്തുകാരനും സംവിധായകനുമായ ദീപക് ഡിയോണിനെ പരിചയമില്ല. പക്ഷേ സ്‌നേഹാഭിവാദ്യങ്ങള്‍. നന്ദി.
Content Highlight: Don’t miss watching a movie that talks about freedom says Sreejith Divakaran on Private