കുടിയിറക്കപ്പെട്ടവര്‍ക്ക് 'നമ്മുടെ ആളുകള്‍' അഭയം നല്‍കരുത്, അത് നമ്മുടെ സ്ഥിതി മോശമാക്കും: അസം മുഖ്യമന്ത്രി
India
കുടിയിറക്കപ്പെട്ടവര്‍ക്ക് 'നമ്മുടെ ആളുകള്‍' അഭയം നല്‍കരുത്, അത് നമ്മുടെ സ്ഥിതി മോശമാക്കും: അസം മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th August 2025, 3:48 pm

ദിസ്പൂര്‍: അസമില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കരുതെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.

നമ്മുടെ ആളുകള്‍ അങ്ങനെ ചെയ്താല്‍, കുടിയൊഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായി മെച്ചപ്പെട്ട ‘നമ്മുടെ ജനങ്ങളുടെ’ സ്ഥിതി വീണ്ടും വഷളാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പൊതുഭൂമി കയ്യേറിയവരെയാണ് കുടിയിറക്കിയതെന്നും അവര്‍ വന്ന സ്ഥലത്തേക്ക് മടങ്ങണമെന്നും സര്‍ക്കാരിന് അതില്‍ എതിര്‍പ്പില്ലെന്നും ബി.ജെ.പി നേതാവ് കൂടിയായ ഹിമന്ത പറഞ്ഞു.

‘നമ്മുടെ ആളുകള്‍ അവര്‍ക്ക് അഭയം നല്‍കരുത്. അങ്ങനെ ചെയ്താല്‍ കുടിയൊഴിപ്പിക്കലിലൂടെയും മറ്റ് നടപടികളുടെയും ഭാഗമായി മെച്ചപ്പെട്ട നമ്മുടെ സ്ഥിതി വീണ്ടും മോശമാകും,’ എന്നായിരുന്നു ഹിമന്ത പറഞ്ഞത്.

ജൂണ്‍ 16 മുതല്‍ അസമില്‍ നടന്ന എവിക്ഷന്‍ ഡ്രൈവിന്റെ ഭാഗമായി ഏകദേശം 5,300 കുടുംബങ്ങളാണ് സംസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടത്.

അതില്‍ കൂടുതലും ബംഗാളി വംശജരായ മുസ്‌ലിങ്ങളാണ്. വീടുകളില്‍ നിന്നും കുടിയിറക്കപ്പെട്ടതോടെ ഇവര്‍ക്ക് താമസിക്കാന്‍ ഇടമില്ലാതെയായി. പലരും റോഡരികില്‍ ടാര്‍പോളിന്‍ ടെന്റുകളും ഷീറ്റുകളും കൊണ്ട് നിര്‍മ്മിച്ച താല്‍ക്കാലിക കുടിലുകളില്‍ താമസിക്കുകയാണ്.

മതത്തിന്റെയും വംശീയതയുടെയും അടിസ്ഥാനത്തില്‍ നടത്തിയ കുടിയൊഴിപ്പിക്കലാണ് ഇതെന്നും മുസ്‌ലിങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ കുടിയൊഴിപ്പിക്കലിന് ഇരയായതെന്നുമുള്ള വിമര്‍ശനം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്തെ പല പ്രശ്നങ്ങളുടെയും മൂലകാരണം കയ്യേറ്റക്കാരാണെന്നാണ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്. വനമേഖലയില്‍ വെറ്റില മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും മത്സ്യബന്ധനം ആരംഭിക്കുകയും ചെയ്യുകയാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.

‘ആരാണ് ‘ലവ് ജിഹാദ്’ നടത്തുന്നത്? അത് നമുക്ക് നേരെയാണ്. ആരാണ് ‘ലാന്‍ഡ് ജിഹാദ്’ നടത്തിയത്? അതും നമുക്ക് നേരെയാണ്.
യഥാര്‍ത്ഥത്തില്‍ കരയേണ്ടത് നമ്മളാണ്. പക്ഷേ അവര്‍ കണ്ണുനീര്‍ പൊഴിക്കുന്നു, ഹിമന്ത പറഞ്ഞു.

അസമില്‍ ഏകദേശം 9.5 ലക്ഷം ഏക്കറിലധികം ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് ഹിമന്ത ബിശ്വ ശര്‍മ അവകാശപ്പെട്ടത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 42,500 ഏക്കറില്‍ കൂടുതല്‍, കൈയേറ്റങ്ങള്‍ തിരിച്ചുപിടിച്ചതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു.

‘നിയമവിരുദ്ധമായി സംസ്ഥാനത്ത് താമസിക്കുന്ന ബംഗ്ലാദേശികളും ചില പൗരന്മാരും’ ഈ ഭൂമി കൈയടക്കി വെച്ചിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

Content Highlight: Don’t give shelter to evicted persons, CM Himanta Biswa Sarma urges residents