ഇറാനില്‍ ബോംബിടരുത്; നിങ്ങളുടെ പൈലറ്റുകളെ തിരിച്ച് വിളിക്കൂ; ഇസ്രഈല്‍ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്
World News
ഇറാനില്‍ ബോംബിടരുത്; നിങ്ങളുടെ പൈലറ്റുകളെ തിരിച്ച് വിളിക്കൂ; ഇസ്രഈല്‍ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th June 2025, 6:08 pm

വാഷിങ്ടണ്‍: ഇസ്രഈലിനോട് ഇറാനില്‍ ബോംബിടരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രഈല്‍ ഇറാനില്‍ ബോംബിടരുതെന്നും അങ്ങനെ ചെയ്താല്‍ അത് നിയമലംഘനമാവുമെന്നും അതിനാല്‍ പൈലറ്റുമാരെ തിരിച്ച് വിളിക്കണമെന്നും ട്രംപ് ഇസ്രഈലിനോട് ആവശ്യപ്പെട്ടു.

രണ്ട് രാജ്യങ്ങളും വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. നാറ്റോ ഉച്ചകോടിക്കായി ഹേഗിലേക്ക് പോകവെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടതില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു.

വെടിനിര്‍ത്തല്‍ ലംഘിച്ച ഇസ്രഈല്‍ നടപടിയില്‍ അസന്തുഷ്ടനാണെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇസ്രഈല്‍ ശാന്തരാകണമെന്നും കരാര്‍ ഉണ്ടാക്കിയ ഉടനെ തന്നെ അവര്‍ ഒരു ലോഡ് ബോംബുകള്‍ മുമ്പെങ്ങുമില്ലാത്ത വിധം വര്‍ഷിച്ചുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്സ് ആണ് ആദ്യം ആരോപിച്ചത്. ഇറാന്‍ ഇസ്രഈലിലേക്ക് മിസൈല്‍ ആക്രമണം നടത്തിയതായാണ് ഇസ്രഈല്‍ ആരോപിച്ചത്. ഇതിനെത്തുടര്‍ന്ന് ഇറാന്റെ ആക്രമണത്തില്‍ തിരിച്ചടിക്കുവാന്‍ ഇസ്രഈല്‍ സേനയ്ക്ക് കാറ്റ്‌സ് നിര്‍ദേശവും നല്‍കിയിരുന്നു.

എന്നാല്‍ ഇസ്രഈല്‍ ആരോപിക്കുന്നത് പോലെ അത്തരത്തിലൊരു ആക്രമണം തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ഇറാന്‍ പ്രതികരിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രഈലിന് നേരെ മിസൈല്‍ ആക്രമണങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് ഇറാന്‍ സ്റ്റേറ്റ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ വെടിനിര്‍ത്തല്‍ ലംഘിച്ചത് ഇസ്രഈല്‍ ആണെന്നും ഇറാന്‍ സൈന്യവും പ്രതികരിച്ചു.

ഇസ്രഈല്‍ മൂന്ന് തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാണ് ഇറാന്‍ സൈന്യം വ്യക്തമാക്കിയത്. ഇറാന്‍ പ്രാദേശികസമയം രാവിലെ ഒമ്പത് മണി മുതല്‍ ഇസ്രഈല്‍ മൂന്ന് തവണ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യം വ്യക്തമാക്കി.

ഇറാനെതിരായ ഒരാക്രമണത്തിനും മറുപടി നല്‍കാതിരിക്കില്ലെന്നും സയണിസ്റ്റ് ഭരണകൂടം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇറാന്‍ സൈന്യം കൂട്ടിച്ചേര്‍ത്തു.

Content Highlight: Don’t bomb Iran; call back your pilots; Trump expresses dissatisfaction with Israel’s action