'ഇനി ഞങ്ങളെ മര്‍ദ്ദിക്കരുത്, വെടിവെച്ച് കൊന്നോളൂ' ; കശ്മീരികള്‍ക്കെതിരെ സൈന്യം നടത്തുന്ന ക്രൂരത വിവരിച്ച് ബി.ബി.സി റിപ്പോര്‍ട്ട്
Kashmir Turmoil
'ഇനി ഞങ്ങളെ മര്‍ദ്ദിക്കരുത്, വെടിവെച്ച് കൊന്നോളൂ' ; കശ്മീരികള്‍ക്കെതിരെ സൈന്യം നടത്തുന്ന ക്രൂരത വിവരിച്ച് ബി.ബി.സി റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Friday, 30th August 2019, 8:55 am

 

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിനു പശ്ചാത്തലത്തില്‍ സുരക്ഷാ സേന പ്രദേശവാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി ആരോപണം. വടികളും കേബിളുകളും ഉപയോഗിച്ച് തങ്ങളെ മര്‍ദ്ദിച്ചെന്നും ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിച്ചെന്നും പ്രദേശവാസികള്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ടു ചെയ്യുന്നു.

പല ഗ്രാമീണരും പരുക്കുകള്‍ കാട്ടിത്തന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഉദ്യോഗസ്ഥരുമായി ഈ ആരോപണത്തിന്റെ നിജസ്ഥിതി ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടില്‍ പറയുന്നത്:

‘ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യാ വിരുദ്ധ ഭീകരവാദത്തിന്റെ കേന്ദ്രമായി മാറിയതെക്കന്‍ ജില്ലകളിലെ അരഡസനോളം ഗ്രാമങ്ങളെങ്കിലും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ ഗ്രാമങ്ങളില്‍ നിന്നുള്ള പല ആളുകളില്‍ നിന്നും രാത്രി റെയ്ഡിനെയും മര്‍ദ്ദനത്തേയും കുറിച്ച് സമാനമായ വിവരങ്ങളാണ് ഞാന്‍ കേട്ടത്.

ഒരു രോഗിയുടെ രോഗം സംബന്ധിച്ചും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ഡോക്ടര്‍മാരോ ആരോഗ്യ ഉദ്യോഗസ്ഥരോ തയ്യാറല്ല. പക്ഷേ സുരക്ഷാ സേനകാരണമുണ്ടായതെന്ന് ആരോപിച്ച് ഗ്രാമീണര്‍ ചില പരിക്കുകള്‍ എനിക്കു കാട്ടിത്തന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു ഗ്രാമത്തില്‍, പ്രത്യേക പദവി എടുത്തുമാറ്റിയ തീരുമാനം ഇന്ത്യ പ്രഖ്യാപിച്ച് ചുരുങ്ങിയ മണിക്കൂറിനുള്ളില്‍ തന്നെ സൈന്യം വീടുകള്‍ തോറും കയറി പരിശോധന നടത്തിയെന്നാണ് തദ്ദേശവാസികള്‍ പറഞ്ഞത്.

ഉറങ്ങിക്കിടക്കുകയായിരുന്ന തങ്ങളെ എഴുന്നേല്‍പ്പിച്ച് പുറത്ത് ഗ്രാമത്തില്‍ നിന്നുള്ള ഒരു ഡസനോളം പേര്‍ കൂടിനിന്ന സ്ഥലത്തേക്ക് കൊണ്ടുപോയെന്നാണ് രണ്ട് സഹോദരങ്ങള്‍ ആരോപിക്കുന്നു. ഞങ്ങള്‍ കണ്ട എല്ലാവരേയും പോലെ, അവരും തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ഭയക്കുകയാണ്.

അതിലൊരാള്‍ പറഞ്ഞു, ‘അവര്‍ ഞങ്ങളെ മര്‍ദ്ദിക്കുന്നു. ഞങ്ങളവരോട് ചോദിച്ചുകൊണ്ടിരുന്നു: ‘എന്തു തെറ്റാണ് ഞങ്ങള്‍ ചെയ്തതെന്ന്? ഞങ്ങള്‍ കള്ളം പറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഗ്രാമത്തിലുള്ള മറ്റുള്ളവരോട് ചോദിക്കാം, ഞങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോയെന്ന്? ‘ പക്ഷേ അവര്‍ക്കൊന്നും കേള്‍ക്കേണ്ട, അവര്‍ ഒന്നും പറഞ്ഞുമില്ല. അവര്‍ വെറുതെ ഞങ്ങളെ മര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നത് തുടര്‍ന്നു.’

‘അവര്‍ എന്റെ ശരീരത്തിലെ എല്ലാഭാഗത്തും അടിച്ചു, അവര്‍ ഞങ്ങളെ ചവിട്ടി, വടികൊണ്ട് അടിച്ചു, ഇലക്ട്രിക് ഷോക്ക് തന്നു, കേബിളുകള്‍ കൊണ്ട് അടിച്ചു. കാലിന്റെ പിറകില്‍ അടിച്ചു. ഞങ്ങള്‍ ക്ഷീണിച്ച് വീണപ്പോള്‍ അവര്‍ എഴുന്നേല്‍പ്പിക്കാന്‍ ഇലക്ട്രിക് ഷോക്ക് തന്നു. അവര്‍ വടികൊണ്ട് അടിച്ചപ്പോള്‍ ഞങ്ങള്‍ കരഞ്ഞു, അവര്‍ ചളികൊണ്ട് ഞങ്ങളുടെ വായ പൊത്തി.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ ഞങ്ങള്‍ നിരപരാധികളാണെന്ന് അവരോട് പറഞ്ഞു. എന്തിനാണവര്‍ ഇത് ചെയ്യുന്നതെന്ന് ഞങ്ങള്‍ ചോദിച്ചു? പക്ഷേ അവര്‍ ഞങ്ങള്‍ പറയുന്നത് കേട്ടില്ല. ഞാനവരോട് പറഞ്ഞു, ഞങ്ങളെ അടിക്കരുത്, വെടിവെച്ചോളൂ എന്ന്. എന്നെയങ്ങ് എടുത്തോയെന്ന് ദൈവത്തോട് പറയുകയായിരുന്നു ഞാന്‍. അത്രയ്ക്കും അസഹനീയമായിരുന്നു അവരുടെ പീഡനം.’

കല്ലേറുകാരുടെ പേര് പറയൂവെന്ന് സുരക്ഷാ സേന തങ്ങളോട് ചോദിച്ചെന്നാണ് യുവാവായ മറ്റൊരാള്‍ പറഞ്ഞത്. കശ്മീര്‍ താഴ്‌വരയിലെ ജനങ്ങളുടെ പ്രതിഷേധത്തിന്റെ മുഖമായി കഴിഞ്ഞ ദശാബ്ദങ്ങളില്‍ കൗമാരക്കാരും, യുവാക്കളും മാറിയിരുന്നു. ഇത് ഉദ്ദേശിച്ചായിരുന്നു ചോദ്യം.

തനിക്ക് ആരെയും അറിയില്ലെന്ന് അയാള്‍ പട്ടാളക്കാരോട് പറഞ്ഞു. അതോടെ അവര്‍ അവന്റെ വസ്ത്രവും ഷൂസും, ഗ്ലാസുകളും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. ‘ ഞാനെന്റെ വസ്ത്രങ്ങള്‍ നീക്കിയപ്പോള്‍ അവര്‍ എന്നെ വടിയും മറ്റും ഉപയോഗിച്ച് നിര്‍ദാക്ഷിണ്യം അടിച്ചു. രണ്ടു മണിക്കൂറോളം ഇത് തുടര്‍ന്നു. ഞാന്‍ ബോധരഹിതനായപ്പോഴെല്ലാം അവര്‍ എന്നെ എഴുന്നേല്‍പ്പിക്കാന്‍ ഷോക്കുകള്‍ തന്നുകൊണ്ടേയിരുന്നു. അവര്‍ വീണ്ടും എന്നോട് ഇത് ചെയ്യുകയാണെങ്കില്‍ ഞാന്‍ എന്തെങ്കിലും ചെയ്യും. ഞാന്‍ തോക്കെടുക്കും. എല്ലാദിവസവും ഇത് സഹിക്കാനാവില്ല.’ അദ്ദേഹം പറയുന്നു.

ഗ്രാമത്തിലെ ആരെങ്കിലും സുരക്ഷാ സേനയ്‌ക്കെതിരെ എന്തെങ്കിലും പ്രതിഷേധം നടത്തിയാല്‍ അവര്‍ക്കും ഈ ഗതിയായിരിക്കുമെന്ന് പട്ടാളക്കാര്‍ മുന്നറിയിപ്പു നല്‍കിയതായും ഈ യുവാവ് പറയുന്നു.

ഗ്രാമീണരില്‍ ഭയം ജനിപ്പിക്കാനായാണ് സുരക്ഷാ സൈന്യം ഇത് ചെയ്തതെന്നാണ് ഞങ്ങള്‍ സംസാരിച്ച എല്ലാ ഗ്രാമീണരും പറഞ്ഞത്.

‘ആരോപണത്തില്‍ പറയുമ്പോലെ ഒരു പൗരനേയും കൈകാര്യം ചെയ്തിട്ടില്ല’ എന്നാണ് ബി.ബി.സിക്കു നല്‍കിയ പ്രസ്താവനയില്‍ ഇന്ത്യന്‍ സൈന്യം പറഞ്ഞത്. ‘മര്‍ദ്ദനം ആരോപിച്ച് ഒരുപരാതിയും ഞങ്ങളുടെ പൊലീസിനു മുമ്പില്‍ വന്നിട്ടില്ല. ശത്രുതാപരമായ ഘടകങ്ങള്‍ കാരണമാകാം ഈ ആരോപണങ്ങള്‍ വന്നത്.’ എന്നാണ് സൈനിക വക്താവ് കേണല്‍ അമന്‍ ആനന്ദ് പറഞ്ഞത്.