തന്റെ ഇരുപതാം വയസ്സിലേക്ക് തിരിഞ്ഞുനോക്കാനും അന്ന് കരിയര്‍ തുടങ്ങിയ പ്രിയാമണിക്ക് ഒരു ഉപദേശം നല്‍കാനും അവസരം ലഭിച്ചാല്‍ എന്തായിരിക്കും പറയുക?
ഈയൊരു ചോദ്യത്തിന് മറുപടി പറയുകയാണ് നടി പ്രിയാമണി. സിനിമാ മേഖലയില്‍ താന്‍ കടന്നുവന്ന അനുഭവങ്ങളുടെ വെളിച്ചത്തിലാണ് താരം ഇതേക്കുറിച്ച് സംസാരിച്ചത്. എഫ്.ടി.ക്യു വിത്ത് രേഖാമേനോന്‍ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു പ്രിയ.
‘ഇത്രയും നിഷ്‌കളങ്കയാകരുത് എന്നാണ് ഞാന്‍ എന്നോട് തന്നെ പറയുക. നമ്മള്‍ വിചാരിക്കുന്നതുപോലെയൊരു ഇന്‍ഡസ്ട്രിയല്ല ഇത്. ഗ്ലാമറുണ്ട്, ഭയങ്കര ഫണ്ണാണ്, ഒരുപാട് ആനുകൂല്യങ്ങള്‍ കിട്ടും. പക്ഷേ, എല്ലാവരും പറയുന്നതൊക്കെ അതേപടി വിശ്വസിക്കരുത്. ആവശ്യത്തിന് സമയമെടുത്ത്, ഓരോ ചുവടും കൃത്യമായി ആലോചിച്ച് വേണം മുന്നോട്ടുവെക്കാന്‍.’ പ്രിയാമണി പറഞ്ഞു.
താന്‍ കരിയര്‍ തുടങ്ങിയ കാലത്തെ അപേക്ഷിച്ച് ഇന്നത്തെ തലമുറയിലെ കുട്ടികള്‍ വളരെ സ്മാര്‍ട്ടാണെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു:
‘ഞാന്‍ കരിയര്‍ തുടങ്ങിയ സമയത്ത് നമ്മളൊക്കെ വളരെ ഇന്നസെന്റ് ആയിരുന്നു, പറയുന്നതെല്ലാം വിശ്വസിക്കും. കൂടെ എപ്പോഴും അമ്മമാരും മറ്റുള്ളവരും ഉണ്ടാകും. അതൊരു വലിയ സെക്യൂരിറ്റിയാണ്, അത് തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ അങ്ങനെയല്ല, എല്ലാം സ്വന്തമായി ചെയ്യുന്നു. അവര്‍ തന്നെ മാനേജറെ വിളിക്കുന്നു, കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. അത് ശരിക്കും അഭിനന്ദനീയമാണ്.’ പ്രിയ പറഞ്ഞു.
സിനിമയില്‍ ഇരുപത് വര്‍ഷത്തെ അനുഭവ സമ്പത്തുണ്ടെങ്കിലും താന്‍ ഇപ്പോഴും കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രിയാമണി പറയുന്നു.
‘ഞാന്‍ എവിടെയും എത്തിയതായി വിശ്വസിക്കുന്നില്ല. റിട്ടയര്‍ ചെയ്യുന്നത് വരെ ഞാന്‍ പഠിച്ചുകൊണ്ടേയിരിക്കും. കാലം എനിക്ക് കൂടുതല്‍ ക്ഷമ തന്നു. മുന്‍പൊക്കെ ഞാന്‍ വളരെ അക്ഷമയായിരുന്നു, പെട്ടെന്ന് ഫ്രസ്‌ട്രേറ്റഡാകുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ജീവിതം എന്നെ ശാന്തത പഠിപ്പിച്ചു തന്നു. ഒന്നില്ലെങ്കില്‍ മറ്റൊന്ന് എന്ന രീതിയില്‍ കാര്യങ്ങളെ പോസിറ്റീവായി കാണാന്‍ ഇപ്പോള്‍ എനിക്ക് സാധിക്കുന്നുണ്ട്,’ താരം പറഞ്ഞു.
മോഡലിങ് രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരമാണ് പ്രിയാ മണി. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ പ്രിയാമണിക്ക് സാധിച്ചിട്ടുണ്ട്. 2007-ല്‍ പരുത്തിവീരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ചനടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് അവര്‍ സ്വന്തമാക്കി.
2008ല്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന സിനിമയിലെ അഭിനയത്തിന് മികച്ചനടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും പ്രിയയ്ക്ക് ലഭിച്ചു. 2002ല്‍ തെലുങ്കു ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായിട്ടായിരുന്നു പ്രിയ മണിയുടെ അരങ്ങേറ്റം.
മണിരത്‌നത്തിന്റെ രാവണിലൂടെ ഹിന്ദിയിലും താരം ചുവടുറപ്പിച്ചു. എലോണ്‍ എന്ന തായ് ചിത്രത്തെ ആസ്പദമാക്കി 2012ല്‍ നിര്‍മ്മിക്കപ്പെട്ട ചാരുലതയിലെ സയാമീസ് ഇരട്ടകളെ അവതരിപ്പിച്ചതിലൂടെ മികച്ച നടിക്കുന്ന ഫിലിംഫെയര്‍ പുരസ്‌കാരവും താരത്തെ തേടിയെത്തി.
Content Highlight: Don’t be this innocent, don’t blindly trust everyone What 40-year-old Priyamani has to say to 20-year-old Priyamani
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.