നിരവധി പേരെ കാണാതായതായും അവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കാണാതായവരുടെ ബന്ധുക്കള്‍ പൊലീസിന് അവരുടെ ചിത്രങ്ങള്‍ നല്‍കുകയും വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് നിശക്ലബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് അപകടമുണ്ടായത്. 150ലധികം പേരെ മേല്‍ക്കൂരയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തു.
ഡോമിനിക്കന്‍ മെറന്‍ഗ് ഗായകന്‍ റൂബി പെരന്‍സിന്റെ സംഗീത പരിപാടിക്കിടെയാണ് അപകടമുണ്ടായത്. പെരസും കൊല്ലപ്പെട്ട 124 പേരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്നലെയാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മറ്റ് പ്രമുഖരും ചടങ്ങിനെത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മോണ്ടെക്രിസ്റ്റിയുടെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയുടെ ഗവര്‍ണറും ഏഴ് തവണ മേജര്‍ ലീഗ് ബേസ്‌ബോള്‍ ഓള്‍-സ്റ്റാറായ നെല്‍സണ്‍ ക്രൂസിന്റെ സഹോദരി നെല്‍സി ക്രൂസും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
നിശാക്ലബ്ബിന്റെ മൂന്ന് ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അവിടെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നും സെന്റര്‍ ഓഫ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജുവാന്‍ മാനുവല്‍ അറിയിച്ചു.
മേല്‍ക്കൂര തകരുന്ന സമയത്ത് ക്ലബില്‍ എത്രപേരുണ്ടായിരുന്നു എന്നതില്‍ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേല്‍ക്കൂര തകര്‍ന്നതിന്റെ കാരണം എന്താണെന്ന് അധികൃതര്‍ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
‘അവരില്‍ പലരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. അവശിഷ്ടങ്ങള്‍ക്കടിയില്‍ ഒരാള്‍ പോലും അവശേഷിക്കാത്തതുവരെ ഇവിടുത്തെ അധികാരികള്‍ തെരച്ചില്‍ തുടരും,’ ജുവാന്‍ മാനുവല്‍ മെന്‍ഡെസ് പറഞ്ഞു.