2017ല്‍ പുറത്തിറങ്ങിയ തരംഗം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് ഡൊമിനിക് അരുണ്‍. 2025ല്‍ സംവിധാനം ചെയ്ത ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടുകയും മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമാക്കുകയും ചെയ്തുകൊണ്ടായിരുന്നു ഡൊമിനിക് അരുണ്‍ തന്റെ കരുത്ത് തെളിയിച്ചിരുന്നത്. ഇതോടെ മലയാളത്തില്‍ വലിയ പൊട്ടന്‍ഷ്യലുള്ള സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കമിടാനും സംവിധായകന് സാധിച്ചിരുന്നു.
ഇപ്പോഴിതാ മലയാള സിനിമയുടെ അഭിമാന താരമായ മോഹന്‍ലാലിനെ കുറിച്ച് ഡൊമിനിക് അരുണ്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്യൂ സ്റ്റുഡിയോയുമായി സംസാരിക്കുകയായിരുന്നു സംവിധായകന്.
‘ഒരു നയന്റീസ് കിഡ് എന്ന നിലയില്‍ എന്റെ ആദ്യ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് എന്ന് പറയുന്നത് പ്രിയന്‍ സാറിന്റെയും ലാല്‍ സാറിന്റെയും സിനിമകള്‍ കണ്ടുകൊണ്ടാണ്. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ഞാന്‍ ഭയങ്കരമായിട്ട് ആസ്വദിച്ച് കാണുന്നത് കൊണ്ട് തന്നെ അണ്ടര്‍റേറ്റഡ് ക്യാരക്ടര്‍ എന്ന് എനിക്ക് അദ്ദഹത്തിന്റെ ഒരു കഥാപാത്രത്തെയും തോന്നിയിട്ടില്ല.
ലാല്‍ സാര്‍ തന്നെ എപ്പോഴും പറയുന്ന കാര്യമാണ് സിനിമ എന്ന് പറയുന്നത് ഒരു മേക്ക് ബിലീഫ് ആണെന്ന്. ആ വാക്കിനോട് അദ്ദേഹം എത്രമാത്രം നീതി പുലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ചില സിനിമകളിലെ മൈന്യൂട്ട് എക്‌സ്‌പ്രെഷന്‍ കണ്ടിട്ടാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. ആറാം തമ്പുരാന്‍ സിനിമയില്‍ ലാലേട്ടന്‍ മഞ്ജുവാര്യരുടെ അടുത്ത് പറയുന്നുണ്ട് ധാരാവി എന്ന കോളനി ഒരൊറ്റ രാത്രി കൊണ്ട് പുള്ളി ഒഴിപ്പിച്ചിട്ടുണ്ടെന്ന്. ഈ ധാരാവി എന്ന കോളനി കണ്ടപ്പോള്‍ അത് ഒരാള്‍ക്ക് ഒറ്റയ്ക്ക് ഒഴിപ്പിക്കാന്‍ കഴിയാത്ത സ്ഥലമാണെന്ന് എനിക്ക് മനസിലായി.
പക്ഷേ അദ്ദേഹം ഇത് പറയുമ്പോള്‍ അയാളെക്കൊണ്ട് അതിന് പറ്റുമെന്ന് നമ്മളില്‍ ഒരു തോന്നലുണ്ടാക്കുകയാണ്. അത് അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സിന്റെയും ഓറയുടെയും വലിപ്പം കൊണ്ടാണ് നമുക്കത് വിശ്വസിക്കാന്‍ സാധിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ എന്ത് ചെയ്താലും ഭയങ്കര ഭംഗിയും വിശ്വസിനീയവുമായി തോന്നുന്ന ഒരു പെര്‍ഫോമര്‍ ആണ് ലാല്‍ സാര്‍,’ ഡൊമിനിക് പറഞ്ഞു.
Content Highlight: Dominic Arun talks about Mohanlal’s acting and aura
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.