'കന്നത്തില്‍ മുത്തമിട്ടാല്‍' കണ്ടപ്പോഴാണ് സിനിമയുടെ മാസ്മരികതയെപ്പറ്റി ആദ്യമായി അന്വേഷിച്ചിറങ്ങിയത്: ഡൊമിനിക് അരുണ്‍
Malayalam Cinema
'കന്നത്തില്‍ മുത്തമിട്ടാല്‍' കണ്ടപ്പോഴാണ് സിനിമയുടെ മാസ്മരികതയെപ്പറ്റി ആദ്യമായി അന്വേഷിച്ചിറങ്ങിയത്: ഡൊമിനിക് അരുണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th December 2025, 4:39 pm

തരംഗം എന്ന സിനിമയിലൂടെ തന്റെ കരിയര്‍ തുടങ്ങുകയും ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര എന്ന സിനിമയിലൂടെ ഇന്ത്യയൊട്ടാകെ അറിയപ്പെടുകയും ചെയ്ത സംവിധായകനാണ് ഡൊമിനിക് അരുണ്‍. ഇന്‍ഡസ്ട്രി
ഹിറ്റായി മാറിയ ലോകഃ ആഗോളതലത്തില്‍ ആദ്യമായി 300 കോടി നേടുന്ന മലയാള ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് സിനിമയോടുള്ള ഇഷ്ടടത്തെ കുറിച്ച് സംസാരിക്കുകയാണ് ഡൊമിനിക് അരുണ്‍. ചെറുപ്പം മുതല്‍ക്കേ സിനിമയും സ്‌പോര്‍ട്‌സുമാണ് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയ കാര്യങ്ങളെന്നും പ്ലസ്ടുക്കാലം കഴിയുന്നതോടെ സിനിമയെ ഗൗരവമായി ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

‘അന്ന് കണ്ട പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ സിനിമകളിലെ എല്ലാം സംഭാഷണങ്ങളും ഇന്നും കാണാപ്പാഠമാണ്. മണിരത്‌നം സാറിന്റെ ‘കന്നത്തില്‍ മുത്തമിട്ടാല്‍’ സിനിമ തിയേറ്ററില്‍ കണ്ടപ്പോഴാണ് സിനിമയുടെ ആകര്‍ഷണതയെക്കുറിച്ചും അതിന്റെ മാസ്മരികതയെപ്പറ്റിയും ആദ്യമായി അന്വേഷിച്ചിറങ്ങുന്നത്.

ആ സിനിമയുടെ സൗണ്ട്ട്രാക്കും ദൃശ്യങ്ങളും കളര്‍ടോണുകളുമെല്ലാം ആഴത്തില്‍ സ്വാധീനിക്കുകയായിരുന്നു. കോളേജില്‍ എത്തിയപ്പോള്‍ സിനിമ സ്വപ്നം കാണുന്ന, എഴുതാന്‍, പാടാന്‍, അഭിനയിക്കാന്‍ താത്പര്യമുള്ള ഒരു കൂട്ടത്തിലേക്ക് ഞാനും ചെന്നുപെട്ടു,’ ഡൊമനിക് അരുണ്‍ പറയുന്നു.

ഭരതന്‍, പത്മരാജന്‍, ജോണ്‍പോള്‍ എന്നിവരുടെയെല്ലാം തിരക്കഥാപുസ്തകങ്ങള്‍ വായിക്കുന്നത് അക്കാലത്താണെന്നും സിനിമയ്ക്ക് പുറകിലെ അധ്വാനങ്ങളെക്കുറിച്ച് പതിയെ മനസിലാക്കിയത് അപ്പോഴാണെന്നും അദ്ദേഹം പറയുന്നു. ഇന്റര്‍നെറ്റുകളിലൂടെ ലോക ക്ലാസിക്കുകള്‍ കാണാന്‍ അവസരം കിട്ടിയെന്നും അതെല്ലാം സിനിമാ സ്വപ്നങ്ങളെ വളര്‍ത്തുന്നതില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും ഡൊമിനിക് പറഞ്ഞു.

Content Highlight:  Dominic Arun talks about his love for cinema and manirathnam’s  Kannathil Muthamittal