ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയം എന്നതിലുപരി മലയാളത്തിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ റെക്കോഡും സ്വന്തം പേരിലാക്കിയ ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രിയദര്‍ശനെ കേന്ദ്ര കഥാപാത്രമാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയാകുകയും ആഗോളതലത്തില്‍ 300 കോടി നേടുകയും ചെയ്തിരുന്നു.
ഡൊമിനിക് അരുണ്‍ Photo: Screen grab/ The Hollywood reporter India
ഇപ്പോള്‍ ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ ലോകഃ സിനിമയില്‍ കട്ട് ചെയ്ത് മാറ്റിയ ഒരു രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് ഡൊമിനിക്.
‘നസ്‌ലനെ കാറിടിക്കാന്‍ പോകുമ്പോള്‍, കല്യാണി വണ്ടിയുടെ മുന്നില്‍ നിന്ന് തള്ളിയിടുന്ന ഒരു സീനുണ്ട്. നസ്‌ലെന്റെ ക്ലോസ്അപ്പ് കാണിച്ചിട്ട് പിന്നെ രണ്ട് പേരെയും റിവീല്‍ ചെയ്യുന്ന ഒരു ഷോട്ട് ഒറ്റ ഷോട്ടില്‍ കാണിക്കുക, അങ്ങനെയായിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്.
പക്ഷേ അങ്ങനെ ചെയ്യാന്‍ കഴിഞ്ഞില്ല. ഞങ്ങളുടെ ആക്ഷന്‍ ഡയറക്ടര്‍ ആ ദിവസങ്ങളില്‍ സെറ്റിലുണ്ടായിരുന്നില്ല. അതുകൊണ്ട് വേറേ ഒരാളെ വെച്ചിട്ട് ഞങ്ങള്‍ക്ക് ഷൂട്ട് ചെയ്യണമായിരുന്നു,’ ഡൊമിനിക് അരുണ്‍ പറയുന്നു.
അവസാനം ആ ഷോട്ട് എങ്ങനെയോ കിട്ടി കഴിഞ്ഞപ്പോള്‍ എഡിറ്റര്‍ ചമന്‍ ചാക്കോ ഒരുപാട് സമയം എടുക്കുന്നുണ്ടെന്ന് പറഞ്ഞ് അത് കട്ട് ചെയ്തു കളഞ്ഞുവെന്നും ഡൊമിനിക് തമാശരൂപേണ പറഞ്ഞു. ഒരു രാത്രി മുഴുവന്‍ ആ ഷോട്ട് കിട്ടാന്‍ വേണ്ടി തങ്ങള്‍ ഇരുന്നുവെന്നും അത് തനിക്ക് ഇപ്പോഴും ഓര്‍മയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും ഡൊമിനിക് കൂട്ടിച്ചേര്‍ത്തു.
കല്യാണിക്ക് പുറമെ ചിത്രത്തില്‍ നസ്ലെന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ മ്യൂസിക് കൈകാര്യം ചെയ്തിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ചമന്‍ ചാക്കോയാണ് എഡിറ്റിങ് കൈകാര്യം ചെയ്തത്.
Content Highlight: Dominic Arun talks about a scene that was cut and changed in Lokah