ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി നായകനായ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ റിലീസായ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റമൊന്നും നടത്താന്‍ ചിത്രത്തിന് സാധിച്ചില്ല.
റിലീസ് ചെയ്ത് കാലം കുറച്ചായിട്ടും ഒ.ടി.ടിയിലെത്താത്തതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഓരോ തവണയും ഡൊമിനിക്കിന്റെ ഒ.ടി.ടി റിലീസിനെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം വ്യാജമായിരുന്നു. എന്നാല്‍ കാത്തിരിപ്പിനൊടുവില്‍ ഒ.ടി.ടിയിലെത്തിയ ഡൊമിനിക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സിമ്പിളായിട്ടുള്ള ഒരു കഥയെ അതിലും സിമ്പിളായി അവതരിപ്പിച്ച ചിത്രമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. മമ്മൂട്ടിയുടെ സി.ഐ ഡൊമിനിക് എന്ന കഥാപാത്രം വളരെ മികച്ചതായിരുന്നെന്നും നല്ല പെര്‍ഫോമന്‍സാണ് താരം കാഴ്ചവെച്ചതെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു. എന്നാല്‍ വേണ്ടത്ര പ്രൊമോഷന്‍ നല്‍കാത്തതിനാലാണ് ചിത്രം പരാജയപ്പെട്ടതെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
നല്ല സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ മുന്‍പന്തിയിലാണെങ്കിലും അതിന് കൃത്യമായ പ്രൊമോഷനും നല്ല റിലീസ് ഡേറ്റും നല്‍കുന്ന കാര്യത്തില്‍ മമ്മൂട്ടിക്കമ്പനി പിന്നിലാണെന്ന് പലരും ആരോപിക്കുന്നുണ്ട്. 2024 സെപ്റ്റംബറില്‍ ഷൂട്ട് പൂര്‍ത്തിയായ ചിത്രം റിലീസിന്റെ കാര്യത്തില്‍ വൈകുകയായിരുന്നു. ചിത്രത്തിന് പ്രൊമോഷന്‍ കുറവായിരുന്നെന്ന് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ പിന്നീട് ഒരു അഭിമുഖത്തില്‍ നിരാശ പങ്കുവെച്ചിരുന്നു.
എറണാകുളത്തെ പ്രൈവറ്റ് ഡിറ്റക്ടീവായ ഡൊമിനിക്കിന് ഒരു ലേഡീസ് പേഴ്‌സ് കളഞ്ഞുകിട്ടുന്നതും അതേത്തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ കഥ. ബുദ്ധിമാനായ ഡൊമിനിക്കിന്റെ വ്യക്തിജീവിതം പരാജയം നിറഞ്ഞതാണ്. എന്നാല്‍ അതിനെയെല്ലാം മറച്ചുവെച്ചുകൊണ്ട് എല്ലാത്തിനെയും കൂളായി സമീപിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്.
ഇത്തരമൊരു കഥാപാത്രത്തെ മമ്മൂട്ടി അനായാസമായി പകര്‍ന്നാടിയിട്ടുണ്ടെന്നാണ് പലരുടെയും അഭിപ്രായം. വളരെ സ്റ്റൈലിഷായ ഡൊമിനിക്കായി മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നാല്‍ സിങ്ക് സൗണ്ട് ചിത്രത്തിന്റെ മൂഡ് കളയുന്നുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. മമ്മൂട്ടിയുടെ സഹായിയായി വേഷമിട്ട ഗോകുല്‍ സുരേഷിനും അഭിനന്ദനങ്ങളുണ്ട്. ഒരുപക്ഷേ, നല്ലൊരു റിലീസ് ഡേറ്റില്‍ പുറത്തിറങ്ങിയിരുന്നെങ്കില്‍ ബോക്‌സ് ഓഫീസില്‍ ഡൊമിനിക്കിന്റെ വിധി മറ്റൊന്നായേനെ.
Content Highlight: Dominic and The Ladies Purse movie getting good response after OTT release