തിരുവനന്തപുരം: രാജ്യത്ത് ഗാര്‍ഹിക പാചകവാതക (എല്‍.പി.ജി) വില വീണ്ടും വര്‍ധിപ്പിച്ചു. വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ 2026 ജൂണ്‍ 7 മുതല്‍ നിലവില്‍ വന്നു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്.
വില വര്‍ധനവോടെ ദല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 913 രൂപയില്‍ നിന്ന് 942 രൂപയായി ഉയര്‍ന്നു. പുതിയ നിരക്കിന് പിന്നാലെ കേരളത്തില്‍ സിലിണ്ടര്‍ വില 951 രൂപ കടന്നു.
കോഴിക്കോട് 950.50 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ പുതിയ നിരക്ക്. പ്രാദേശിക നികുതികളും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവുകളും കണക്കിലെടുക്കുമ്പോള്‍ മറ്റ് ജില്ലകളില്‍ നിരക്കില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകും.
ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴിന് ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 60 രൂപ വര്‍ധിപ്പിച്ചിരുന്നു.
മിഡില്‍ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യങ്ങളും സംഘര്‍ഷങ്ങളുമാണ് ആഗോള ഊര്‍ജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയത്. ഇന്ധന വിതരണം തടസപ്പെട്ടതോടെ അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിലകള്‍ കുതിച്ചുയരുകയായിരുന്നു.
എല്‍.പി.ജി മാത്രമല്ല, മെയ് പകുതി മുതല്‍ രാജ്യത്ത് മറ്റ് ഇന്ധനവിലകളും ജനങ്ങള്‍ക്ക് വന്‍ ഭാരമായി മാറിക്കൊണ്ടിരിക്കുകയാണ്.
മെയ് പകുതിക്ക് ശേഷം പെട്രോള്‍, ഡീസല്‍ വിലകളില്‍ ലിറ്ററിന് മൊത്തം 7.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നിട്ടും പെട്രോളില്‍ ലിറ്ററിന് 11 രൂപയും, ഡീസലില്‍ 33.6 രൂപയും എന്ന കണക്കില്‍ തങ്ങള്‍ ഇപ്പോഴും നഷ്ടത്തിലാണ് ഇന്ധനം വില്‍ക്കുന്നതെന്ന് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നു.
വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സി.എന്‍.ജി വില കിലോഗ്രാമിന് 6 രൂപയോളം വര്‍ധിച്ചിട്ടുണ്ട്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോയുടെ വാണിജ്യ സിലിണ്ടറുകള്‍ക്ക് ജൂണ്‍ ഒന്നിന് 42 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഇതിന്റെ വില 3,113 രൂപയിലെത്തി.
പെട്രോള്‍, ഡീസല്‍, സി.എന്‍.ജി എന്നിവയ്ക്ക് പിന്നാലെ അടുക്കളയിലെ പാചകവാതകത്തിനും വില കൂടിയതോടെ വരും ദിവസങ്ങളില്‍ രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ കടുത്ത വിലക്കയറ്റത്തിന് ഇത് കാരണമാകുമെന്ന ആശങ്കയിലാണ് സാധാരണക്കാര്‍.
Content Highlight: Domestic cooking gas prices have been increased again in the country.