വാഷിങ്ടണ്‍: ലോകരാജ്യങ്ങള്‍ക്ക് മേല്‍ അമിതമായി തീരുവ ചുമത്തുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരപരിധിയില്‍ സംശയം പ്രകടിപ്പിച്ച് യു.എസ് സുപ്രീം കോടതി.
ട്രംപ് ചുമത്തുന്ന അധിക തീരുവകളുടെ നിയമസാധുതയെ സംബന്ധിച്ചാണ് സുപ്രീം കോടതിയിലെ ലിബറല്‍, കണ്‍സര്‍വേറ്റീവ് ജഡ്ജിമാര്‍ ബുധനാഴ്ച സംശയമുന്നയിച്ചത്.
ദേശീയ അടിയന്തരാവസ്ഥകളില്‍ പ്രയോഗിക്കാനുള്ള 1977ലെ നിയമം ഉപയോഗിച്ചാണ് ട്രംപ് തീരുവ ചുമത്തല്‍ തുടരുന്നത്.
എന്നാല്‍ ഇത്തരത്തില്‍ തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരമുണ്ടോ എന്നും യു.എസ് കോണ്‍ഗ്രസിന്റെ അധികാരങ്ങളില്‍ ട്രംപ് കടന്നുകയറിയോ എന്നും സുപ്രീം കോടതി ജസ്റ്റിസുമാര്‍ ട്രംപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഭിഭാഷകയോട് ചോദിച്ചു.
ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ട്രംപിന്റെ ഒരു തീരുമാനത്തെ സംബന്ധിച്ച കേസിലാണ് കോടതിയുടെ നടപടി.
അതേസമയം, വിദേശ രാജ്യങ്ങളുമായുള്ള ഇടപാടുകളില്‍ തീരുമാനമെടുക്കുന്നത് പ്രസിഡന്റുമാരുടെ അധികാരത്തില്‍പ്പെടുന്നതാണെന്നും ചില കണ്‍സര്‍വേറ്റീവ് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.
നേരത്തെ, ട്രംപ് അന്യായമായ രീതിയില്‍ നികുതി ചുമത്താന്‍ നിയമം ഉപയോഗിക്കുകയാണെന്നും അത് പ്രസിഡന്റിന്റെ അധികാര പരിധിക്ക് പുറത്തുള്ള നടപടിയാണെന്നും കീഴ്‌ക്കോടതികള്‍ നിരീക്ഷിച്ചിരുന്നു.
ഇതിനെതിരെ ട്രംപ് ഭരണകൂടം നല്‍കിയ അപ്പീലുകളിലാണ് സുപ്രീം കോടതിയില്‍ വാദം നടന്നത്. രണ്ടര മണിക്കൂറിലധികം നീണ്ടുനിന്ന വാദപ്രതിവാദത്തില്‍ ഡെമോക്രാറ്റ്‌സിന്റെ നേതൃത്വത്തിലുള്ള 12 യു.എസ് സംസ്ഥാനങ്ങളും തീരുവ സംബന്ധിച്ച് ട്രംപിനെതിരെ ശക്തമായ നിലപാടെടുക്കുകയും തീരുവകളെ ചോദ്യം ചെയ്യുകയും ചെയ്തു.
തീരുവകള്‍ എന്നാല്‍ അമേരിക്കക്കാരുടെ മേലുള്ള നികുതി ചുമത്തലാണെന്നും അത് എപ്പോഴും കോണ്‍ഗ്രസിന്റെ പ്രധാന കോര്‍ പവറാണെന്നും കണ്‍സര്‍വേറ്റീവ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് യു.എസ് സോളിസിറ്റര്‍ ജനറല്‍ ഡിജോണ്‍ സോയറിനോട് പറഞ്ഞു.
യു.എസ് ഭരണഘടന യു.എസ് കോണ്‍ഗ്രസിന് നികുതികളും തീരുവകളും ചുമത്താന്‍ അധികാരം നല്‍കുന്നുണ്ടെന്നും നിലവിലെ തീരുവകള്‍ കാരണം യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളിലൂടെ രാജ്യത്തിന് ട്രില്യണ്‍ കണക്കിന് ഡോളര്‍ വരുമാനം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
അതേസമയം, ട്രംപ് സുപ്രീം കോടതിയുടെ വാദങ്ങള്‍ തന്റെ നയങ്ങളില്‍ ഉറച്ചുനില്‍ക്കാനായി മുമ്പ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കുടിയേറ്റങ്ങളെ അടിച്ചമര്‍ത്തല്‍, ഫെഡറല്‍ ഏജന്‍സി ഉദ്യോഗസ്ഥരെ പുറത്താക്കല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ പുറത്താക്കല്‍ തുടങ്ങിയ ട്രംപിന്റെ നടപടികള്‍ക്ക് അനുമതി നല്‍കി സുപ്രീം കോടതി അദ്ദേഹത്തെ പിന്തുണച്ചിട്ടുണ്ട്.
എന്നാല്‍, അധിക തീരുവ ചുമത്തല്‍ സംബന്ധിച്ച കോടതിയുടെ എതിര്‍പ്പ് നിര്‍ണായകമായ മാറ്റമായാണ് നിരീക്ഷിക്കപ്പെടുന്നത്.
യു.എസുമായി വ്യാപാരം നടത്തുന്ന ഏകദേശം മുഴുവന്‍ രാജ്യങ്ങള്‍ക്കും മേല്‍ തീരുവ ചുമത്താന്‍ ട്രംപ് ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി എക്കണോമിക് പവേഴ്‌സ് ആക്റ്റ് അഥവാ ഐ.ഇ.ഇ.പി.എ ഉപയോഗിച്ചിരുന്നു.
ദേശീയ അടിയന്തരാവസ്ഥ സമയത്ത് വാണിജ്യം നിയന്ത്രിക്കാനായി പ്രസിഡന്റിന് അധികാരം നല്‍കുന്ന നിയമമാണിത്. ഇതോടെ ഐ.ഇ.ഇ.പി.എ തീരുവ ചുമത്താനായി ഉപയോഗിക്കുന്ന ആദ്യ യു.എസ് പ്രസിഡന്റായിരിക്കുകയാണ് ട്രംപ്. എക്‌സിക്യൂട്ടീവിന്റെ അധികാരത്തിന്റെ പരിധിയെ മറികടക്കുന്ന ഈ നീക്കമാണിത്.
ഇറക്കുമതി നിയന്ത്രിക്കാന്‍ പ്രസിഡന്റുമാര്‍ക്ക് ഐ.ഇ.ഇ.പി.എ ഉപയോഗിക്കാമെന്നും ഇതില്‍ തീരുവകളും ഉള്‍പ്പെടുന്നുവെന്നുമുള്ള സോയറിന്റെ വാദത്തെ കണ്‍സര്‍വേറ്റീവ് ജസ്റ്റിസ് ആമി കോണി ബാരറ്റ് ചോദ്യം ചെയ്ത.
തീരുവ ചുമത്തുന്ന അധികാരം ഉപയോഗിച്ച് ഇറക്കുമതി നിയന്ത്രിക്കാം എന്ന പ്രയോഗം നിയമപുസ്തത്തില്‍ ഒരുമിച്ച് പ്രയോഗിച്ചിട്ടുണ്ടോയെന്നും അക്കാര്യം ചൂണ്ടിക്കാണിക്കാനാവുമോയെന്നും ജസ്റ്റിസ് ചോദിച്ചു.
ഐ.ഇ.ഇ.പി.എ പ്രസിഡന്റിന്റെ അധികാരം വിപുലീകരിക്കാനുള്ളതല്ല, പരിമിതപ്പെടുത്താനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് ലിബറല്‍ ജസ്റ്റിസ് കേതന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ പറഞ്ഞു.
വാദങ്ങള്‍ക്ക് ശേഷം വൈകാതെ തന്നെ കോടതി അന്തിമ വിധി പുറപ്പെടുവിപ്പിക്കുമെന്നാണ് കരുതുന്നത്.
അതേസമയം, കോടതി ട്രംപിനെതിരെ വിധി പുറപ്പെടുവിപ്പിച്ചാല്‍ അദ്ദേഹത്തിന്റെ തീരുമാനം ശരിവെയ്ക്കാനായി ഭരണകൂടം മറ്റ് നിയമങ്ങളും മാര്‍ഗങ്ങളും തേടുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സകോട്ട് ബെസെന്റ് പ്രതികരിച്ചു.
Content Highlight: Does Trump have the authority to impose excessive tariffs? US Supreme Court questions