'ഇവരാണ് ഞങ്ങള്‍ക്ക് അന്നംതരുന്നത്; ഈ ദിവസം ഇവരെ സേവിക്കും' മാര്‍ച്ച് ചെയ്യുന്ന കര്‍ഷകര്‍ക്ക് സേവനം വാഗ്ദാനം ചെയ്ത് ഡോക്ടര്‍മാര്‍
national news
'ഇവരാണ് ഞങ്ങള്‍ക്ക് അന്നംതരുന്നത്; ഈ ദിവസം ഇവരെ സേവിക്കും' മാര്‍ച്ച് ചെയ്യുന്ന കര്‍ഷകര്‍ക്ക് സേവനം വാഗ്ദാനം ചെയ്ത് ഡോക്ടര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th November 2018, 1:41 pm

 

ന്യൂദല്‍ഹി: മോദി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ സമരങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഡോക്ടര്‍മാരും. ഇന്നത്തെ ജോലി ഉപേക്ഷിച്ച് കര്‍ഷകരെ സേവിക്കാനായി മുന്നോട്ടുവന്നാണ് ഡോക്ടര്‍മാര്‍ സമരത്തിന് പിന്തുണയറിയിച്ചിരിക്കുന്നത്.

രാത്രി 11 മണിവരെ കര്‍ഷകര്‍ക്ക് ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് അമ്പതോളം ഡോക്ടര്‍മാരാണ് മുന്നോട്ടുവന്നിരിക്കുന്നത്.

തങ്ങള്‍ക്ക് അന്നം നല്‍കുന്ന കര്‍ഷരെ സേവിക്കുകയാണ് ലക്ഷ്യമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

” ഇന്ന് ഞാന്‍ അവധിയെടുത്തത് ഇവിടേക്ക് വരാന്‍ വേണ്ടിയാണ്. ഇവരാണ് ഞങ്ങള്‍ക്ക് അന്നം തരുന്നത്. അവരെ സഹായിച്ചുകൊണ്ട് ഞങ്ങള്‍ അനുകമ്പ കാട്ടുകയല്ല, ഞങ്ങള്‍ അവരെ സേവിക്കുകയാണ്.” കര്‍ഷകമാര്‍ച്ചിന് പിന്തുണയുമായെത്തിയ എയിംസിലെ ജൂനിയന്‍ റസിഡന്റായ റാഷിദ് പറഞ്ഞു.

Also Read:പാര്‍ലമെന്റ് സ്ട്രീറ്റില്‍ മൊബൈല്‍ ടോയ്‌ലറ്റുമായി ദല്‍ഹി സര്‍ക്കാര്‍, ഭക്ഷണവുമായി വിദ്യാര്‍ത്ഥികള്‍; കര്‍ഷകമാര്‍ച്ചിന് പിന്തുണയേറുന്നു

അലിഖഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, റോഷ്തക്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നും ദല്‍ഹിയിലെ മറ്റ് ആശുപത്രികളില്‍ നിന്നും ഡോക്ടര്‍മാര്‍ കര്‍ഷകരെ സഹായിക്കാനായി എത്തിയിട്ടുണ്ട്.

ദീര്‍ഘദൂരം നടന്നതിനാല്‍ മാര്‍ച്ചിലെ പല കര്‍ഷകരും ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഇവര്‍ക്ക് ഏറെ സഹായകരമാണ് ഡോക്ടര്‍മാരുടെ ഈ സേവനം.

” ഒരാള്‍ തളര്‍ന്നു വീണു, പ്രഥമ ശ്രുശ്രൂഷയ്ക്കുശേഷം ഞങ്ങള്‍ അദ്ദേഹത്തെ എല്‍.എന്‍.ജെ.പി ആശുപത്രിയിലേക്ക് മാറ്റി.” ദല്‍ഹി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ മഹ്താബ് ആലം പറഞ്ഞു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു ലക്ഷത്തോളം കര്‍ഷകരാണ് മാര്‍ച്ച് ചെയ്യുന്നത്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കര്‍ഷക മാര്‍ച്ച് നടക്കുന്നത്. 207 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയാണ് കിസാന്‍ കോ-ഓര്‍ഡിനേഷന്‍ സമിതി.

ഇതിനു മുന്നോടിയായി ആറായിരത്തിലേറെ സമരവൊളന്റിയര്‍മാര്‍ പദയാത്രയായി വ്യാഴാഴ്ച രാംലീല മൈതാനത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുന്നതിന്റെ ഭാഗമായാണ് രണ്ടുദിവസത്തെ കര്‍ഷകറാലി. ദല്‍ഹിയിലെ നിസാമുദീന്‍, ബിജ്വാസന്‍, സബ്ജി മണ്ഡി, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളില്‍നിന്നാണ് പദയാത്രകള്‍ എത്തിയത്.

വിള ഇന്‍ഷുറന്‍സ്, വിളകള്‍ക്ക് താങ്ങുവില, വനവകാശ നിയമം നടപ്പിലാക്കുക, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി മാത്രം പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികള്‍ കൈയിലേന്തിയാണ് തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ രാജ്യതലസ്ഥാനത്തെത്തിയത്. ഇന്ന് പാര്‍ലമെന്റിനകത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നഗ്‌നരായി പ്രതിഷേധിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്.

സി.പി.ഐ.എം. കര്‍ഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ, യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ എന്നിവയാണ് കര്‍ഷകറാലി നയിക്കുന്ന പ്രധാന സംഘടനകള്‍. പാര്‍ലമെന്റ് മാര്‍ച്ചില്‍ പത്രപ്രവര്‍ത്തകന്‍ പി. സായ്നാഥ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പുറമെ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും എന്‍.ഡി.എ. കക്ഷികളായ ശിവസേന, അകാലിദള്‍ എന്നീ പാര്‍ട്ടികളെയും സംഘാടകര്‍ സമരത്തിലേയ്ക്കു ക്ഷണിച്ചിട്ടുണ്ട്.

അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷാവലയത്തിലാണ് ദല്‍ഹി. ആയിരത്തിലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.