ഒ.പിയും ശസ്ത്രക്രിയയും ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍; പണിമുടക്കില്ലെന്ന് പി.ജി ഡോക്ടര്‍മാര്‍; മെഡിക്കല്‍ കോളേജുകള്‍ പ്രതിസന്ധിയില്‍
Kerala
ഒ.പിയും ശസ്ത്രക്രിയയും ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍; പണിമുടക്കില്ലെന്ന് പി.ജി ഡോക്ടര്‍മാര്‍; മെഡിക്കല്‍ കോളേജുകള്‍ പ്രതിസന്ധിയില്‍
അനിത സി
Thursday, 19th February 2026, 7:51 am

കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകരുടെ സമരത്തിന് പിന്നാലെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്‍മാറി പി.ജി ഡോക്ടര്‍മാര്‍. ഒ.പിയും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ബഹിഷ്‌കരിച്ചും വ്യാഴാഴ്ച സമരം നടത്തുമെന്ന് പ്രഖ്യാപിച്ച പി.ജി ഡോക്ടര്‍മാര്‍ ഒടുവില്‍ പിന്മാറുകയായിരുന്നു.

അതേസമയം, മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സമരം നാലാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പിലെത്തിയെങ്കില്‍ വ്യാഴാഴ്ച മുതല്‍ അടിയന്തര ശസ്ത്രക്രിയയും ഓപ്പറേഷന്‍ തിയേറ്ററും ബഹിഷ്‌കരിക്കുമെന്ന് കെ.ജെ.എം.സി.ടി.എയുടെ നേതൃത്വത്തില്‍ പണിമുടക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന ആശങ്ക ഉയര്‍ന്നു.

നിലവില്‍ അടിയന്തര സേവനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. കാഷ്വാലിറ്റി, ലേബര്‍ റൂം, ഐ.സി.യു, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം തുടങ്ങിയ സേവനങ്ങള്‍ക്ക് മുടക്കം വന്നിരുന്നില്ല.

അനിശ്ചിതകാലത്തേക്കാണ് കെ.ജി.എം.സി.ടി.എ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള സമരം മെഡിക്കല്‍ കോളേജുകളെ പ്രതിസന്ധിയിലാക്കി. മെഡിക്കല്‍ കോളേജുകളിലെ പി.ജി ഡോക്ടര്‍മാരുടെ സേവനമാണ് രോഗികള്‍ക്ക് ആശ്വാസമാകുന്നത്.


സീനിയര്‍ ഡോക്ടര്‍മാരും അധ്യാപകരും സമരത്തിലായതിനാല്‍ തന്നെ കൃത്യമായ പഠനം നടത്താനാകുന്നില്ലെന്നും അമിത ജോലി ഭാരമാണെന്നും സ്റ്റൈപന്റ് വര്‍ധനവ് നടപ്പിലാക്കിയില്ലെന്നും തുടങ്ങി നിരവധി വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു പി.ജി ഡോക്ടര്‍മാരും പണിമുടക്കുമെന്ന് അറിയിച്ചിരുന്നത്.

Content Highlight: Doctors boycott OP and surgery; PG doctors say no to strike; Medical colleges in crisis

 

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍