ജയയോട് ഐക്യദാര്‍ഢ്യം, പക്ഷേ ആ ഒറ്റ വാചകം തിരുത്തണം; കുറിപ്പുമായി ഡോ. സുല്‍ഫി നൂഹു
Film News
ജയയോട് ഐക്യദാര്‍ഢ്യം, പക്ഷേ ആ ഒറ്റ വാചകം തിരുത്തണം; കുറിപ്പുമായി ഡോ. സുല്‍ഫി നൂഹു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd January 2023, 11:09 pm

വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ പുറത്തുവന്ന് സൂപ്പര്‍ ഹിറ്റായ ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് ഡോക്ടര്‍ സുല്‍ഫി നൂഹു. രാജേഷിന്റെ സഹോദരിയുടെ അമിതവണ്ണത്തിന് കാരണം ഹോര്‍മോണല്‍ ഇംബാലന്‍സാണെന്ന് ജയ പറയുന്ന ഡയലോഗ് തിരുത്തണമെന്നാണ് ഡോ. സുല്‍ഫി ഫേസ്ബുക്കില്‍ കുറിച്ചത്.

രാജേഷിന്റെ സഹോദരിക്ക് മാത്രമല്ല, കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളിലും, പുരുഷന്മാരിലും വണ്ണം കൂടുന്നതിന്റെ കാരണം അരിയാഹാരം വലിച്ചുവാരി തിന്നിട്ട് തന്നെയാണെന്നും ഹോര്‍മോണല്‍ ഇംബാലന്‍സ് മൂലമുണ്ടാകുന്ന അമിതവണ്ണം വളരെ ചുരുക്കം ചില ആള്‍ക്കാരില്‍ മാത്രമാണെന്നും ഡോ. സുല്‍ഫി പറയുന്നു. സിനിമ വളരെയധികം ജനപ്രിയമായതിനാല്‍ ജയ തിരുത്തിയേ തീരുവെന്നും ഇല്ലെങ്കില്‍ കുറച്ചേറെ പേര്‍ കൂടി തിന്നു തിന്ന് വലയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജയ’ തിരുത്തണം. ‘ജയ ജയ ജയ ജയ ഹേ’ പെരുത്തിഷ്ടമായി. ജയമാരോട് ഐക്യദാര്‍ഢ്യം. പക്ഷേ ജയയുടെ ആ ഒറ്റ വാചകം തിരുത്തണം. തിരുത്തിയെ തീരൂ. ജനപ്രിയ സിനിമയായതുകൊണ്ട് തീര്‍ച്ചയായും തിരുത്തണം. അതെ അത് തന്നെ! കോടതിയില്‍ ഭര്‍ത്താവിനെക്കുറിച്ച് പറയുന്ന ആ പരാമര്‍ശം.
‘രാജേഷിന്, സ്വന്തം സഹോദരിക്ക് വണ്ണം കൂടുന്നതിന്റെ കാരണം ഹോര്‍മോണല്‍ ഇംബാലന്‍സാണെന്ന് പോലും അറിഞ്ഞൂടാ. ആഹാരം വലിച്ചുവാരി തിന്നിട്ടാണത്രേയെന്നാണ് ഇയാള്‍ പറയുന്നത്’. തിരുത്തണം.

രാജേഷിന്റെ സഹോദരിക്ക് മാത്രമല്ല കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളിലും, പുരുഷന്മാരിലും വണ്ണം കൂടുന്നതിന്റെ കാരണം ആഹാരം വലിച്ചുവാരി തിന്നിട്ട് തന്നെയാണ്. ഹോര്‍മോണല്‍ ഇംബാലന്‍സ് മൂലമുണ്ടാകുന്ന അമിതവണ്ണം വളരെ വളരെ വളരെ ചുരുക്കം ചില ആള്‍ക്കാരില്‍ മാത്രം.
അതും വളരെ ചെറിയ തോതില്‍. അതായത് ജനറ്റിക്കലി വണ്ണം കൂടുവാന്‍ സാധ്യതയുള്ള ആള്‍ക്കാര്‍ക്ക് അമിതാഹാരം തന്നെയാണ് ഏറ്റവും വലിയ റിസ്‌ക്. എല്ലാദിവസവും അമിതവണ്ണവുമായി വരുന്നവരുടെ പലതരം എക്‌സ്‌ക്യൂസുകള്‍ കണ്ട് വലഞ്ഞാണ് ജയയോട് ഇങ്ങനെ പറയാന്‍ തീരുമാനിച്ചത്.

തൈറോയ്ഡ് രോഗമുണ്ടെന്നും യൂട്രസ് മാറ്റിയെന്നും അങ്ങനെ വഴിയെ പോയ എല്ലാ കാരണങ്ങളും അമിതവണ്ണത്തിന്റെ തലയില്‍. അങ്ങനെയല്ലേയല്ല.
അമിതമായി, പ്രത്യേകിച്ച് അരിയാഹാരം വാരിവലിച്ച് തിന്നുന്നതിന്റെ ഫലം തന്നെയാണ് അമിതവണ്ണം. ജയ തിരുത്തണം തിരുത്തിയെ തിരൂ. ഇല്ലെങ്കില്‍ കുറച്ചേറെ പേര്‍ കൂടി തിന്നു തിന്ന് വലയും. ഉറപ്പായും. അത്രയ്ക്കുണ്ട് ആ സിനിമയുടെ പോപ്പുലാരിറ്റി,’ ഡോ. സുല്‍ഫി നൂഹു കുറിച്ചു.

സിനിമയിലെ കോടതി രംഗങ്ങള്‍ക്കിടയിലാണ് സഹോദരിക്കെതിരായ രാജേഷിന്റെ പരിഹാസത്തെ പറ്റി പറയുന്നത്. സഹോദരിയെ രാജേഷ് തടിച്ചി എന്ന് വിളിച്ച് കളിയാക്കാറുണ്ടെന്നും വലിച്ചുവാരി തിന്നിട്ടല്ല ഹോര്‍മോണല്‍ ഇംബാലന്‍സ് മൂലമാണ് സഹോദരിക്ക് അമിതവണ്ണമെന്നുമാണ് ജയ കോടതി രംഗത്തില്‍ പറഞ്ഞത്.

ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം ഒക്ടോബര്‍ 28നാണ് റിലീസ് ചെയ്തത്. അസീസ് നെടുമങ്ങാട്, അജു വര്‍ഗീസ്, ആനന്ദ് മന്മദന്‍, സുധീര്‍ പരവൂര്‍, കുടശനാട് കനകം എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Doctor sulphi Noohu has asked for correction in the film Jay Jay Jay Jay Hey