കോഹ്‌ലിക്കും രോഹിത്തിനും ബുംറക്കുമല്ല സെലക്ഷനില്‍ മുന്‍ഗണന നല്‍കേണ്ടത്; ജെയ്സ്വാളിനെ ഒഴിവാക്കിയതില്‍ മഞ്ജരേക്കര്‍
Cricket
കോഹ്‌ലിക്കും രോഹിത്തിനും ബുംറക്കുമല്ല സെലക്ഷനില്‍ മുന്‍ഗണന നല്‍കേണ്ടത്; ജെയ്സ്വാളിനെ ഒഴിവാക്കിയതില്‍ മഞ്ജരേക്കര്‍
ഫസീഹ പി.സി.
Thursday, 25th June 2026, 12:39 pm

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഏകദിന ടീമില്‍ നിന്ന് യശസ്വി ജെയ്സ്വാളിനെ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. യശസ്വി അവസാന മൂന്ന് ഏകദിനത്തില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയിട്ടുണ്ടെന്നും എന്നാല്‍ താരത്തെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയ തീരുമാനം ദൗര്‍ഭാഗ്യകരവും അല്പം കടുപ്പമേറിയതുമാണെന്നും അദ്ദേഹം പറഞ്ഞു.

2027 ലോകകപ്പ് മുന്നില്‍ കണ്ടാണ് രോഹിത് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തിയതെങ്കില്‍ അത് ന്യായീകരിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിരാട് കോഹ്‌ലിക്കോ രോഹിത്തിനോ ജസ്പ്രീത് ബുംറയ്‌ക്കോ ഏറ്റവും നല്ലത് എന്താണെന്നതല്ല സെലക്ഷന്റെ മാനദണ്ഡമാകേണ്ടതെന്നും ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

‘തന്റെ അവസാന മൂന്ന് ഏകദിനങ്ങളില്‍ രണ്ട് സെഞ്ച്വറികള്‍ യശസ്വി ജെയ്സ്വാള്‍ നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്താകാതെ 116 റണ്‍സ് നേടിയ താരം, പിന്നീട് ഇടവേളയ്ക്ക് ശേഷം നാല് റണ്‍സും ഒരു സെഞ്ച്വറിയും സ്വന്തമാക്കി. ഇന്ത്യയുടെ ശക്തമായ ഏകദിന ടീമില്‍ ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിക്കുന്ന ഏവര്‍ക്കും അത് മുതലെടുക്കാന്‍ സാധിക്കും. യശസ്വി അത് കൃത്യമായി ചെയ്യുന്നുമുണ്ട്.

അതിനാല്‍ തന്നെ യശസ്വിയെ ഒഴിവാക്കിയ ഈ തീരുമാനം ദൗര്‍ഭാഗ്യകരവും അല്പം കടുപ്പമേറിയതുമാണ്. സെലക്ടര്‍മാര്‍ രോഹിത്തിനെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ അവനെ 2027ലെ ലോകകപ്പ് പദ്ധതികളുടെ ഭാഗമായി കാണുന്നതുകൊണ്ടാണ് എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലാത്തപക്ഷം, ആ സ്ഥാനം മറ്റൊരാള്‍ക്ക് ലഭിക്കേണ്ടതായിരുന്നു.

പ്രമുഖ താരങ്ങളെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ക്രിക്കറ്റിലെ സംസ്‌കാരം നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ക്രിക്കറ്റിലെ മികവ് മാത്രം അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങളല്ല പലപ്പോഴും ഉണ്ടാകുന്നത്. രോഹിത്തിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിക്കുന്നതെന്ന് തോന്നുന്നു. രോഹിത് ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണെന്ന് കരുതുന്നുവെങ്കില്‍ സെലക്ടര്‍മാര്‍ അത് തുറന്ന് പറയണം.

എന്നാല്‍, അവനെ ഒഴിവാക്കാന്‍ തയ്യാറല്ലാത്തതുകൊണ്ടാണ് ടീമില്‍ ഉള്‍പ്പെടുത്തുന്നതാണെങ്കില്‍, അത് വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് നേരിടുന്ന ഒരു പ്രശ്‌നമാണ്. വിരാട് കോഹ്‌ലിക്കോ രോഹിത്തിനോ ജസ്പ്രീത് ബുംറയ്‌ക്കോ ഏറ്റവും നല്ലത് എന്താണെന്നതല്ല സെലക്ഷന്റെ മാനദണ്ഡമാകേണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റിന് ഏറ്റവും നല്ലത് എന്താണോ അതായിരിക്കണം എപ്പോഴും മുന്‍ഗണന,’ മഞ്ജരേക്കര്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരെ കോഹ്‌ലിക്ക് പരിക്കേറ്റതോടെ ജെയ്സ്വാള്‍ ടീമിലെത്തിയിരുന്നു. മൂന്നാം ഏകദിനത്തില്‍ താരം അഫ്ഗാനെതിരെ സെഞ്ച്വറി നേടുകയും ചെയ്തു. പിന്നാലെ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ഇടം കൈയ്യന്‍ ബാറ്ററെ ഒഴിവാക്കുകയായിരുന്നു. കോഹ്‌ലി തിരിച്ചെത്തിയതാണ് താരത്തിന് വിനയായത്.

Content Highlight: Do what’s best for India, not Rohit Sharma, Virat Kohli or Bumrah; Sanjay Manjrekar on Yashasvi Jaiswal’ snub in England ODI Series

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.