ഷി ജിന്‍ പിങ്ങിനെയും പുടിനെയും വിശ്വാസം, ഇറാന് ആയുധം നല്‍കിയാല്‍ പ്രത്യാഘാതം കഠിനം; റഷ്യയോടും ചൈനയോടും ട്രംപ്
World News
ഷി ജിന്‍ പിങ്ങിനെയും പുടിനെയും വിശ്വാസം, ഇറാന് ആയുധം നല്‍കിയാല്‍ പ്രത്യാഘാതം കഠിനം; റഷ്യയോടും ചൈനയോടും ട്രംപ്
ആദർശ് എം.കെ.
Saturday, 25th July 2026, 6:33 am

വാഷിങ്ടണ്‍: ഇറാനിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്നത് ചൈനയ്ക്കും റഷ്യയ്ക്കും ‘വളരെ മോശമായി’ ബാധിക്കുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ നീക്കവുമായി മുമ്പോട്ട് പോവുകയാണെങ്കില്‍ അത് അവരുടെ സ്വന്തം താത്പര്യങ്ങള്‍ക്ക് തികച്ചും വിരുദ്ധമായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇരു രാജ്യങ്ങളും ഇറാനിലേക്ക് ആയുധങ്ങള്‍ നല്‍കുന്നതില്‍ പങ്കാളികളാകുന്നില്ലെന്നാണ് കരുതുന്നതെന്നും, ഇറാനിലേക്ക് ആയുധങ്ങള്‍ നല്‍കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തനിക്ക് വ്യക്തിപരമായി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

അടുത്തിടെ ബെയ്ജിങ്ങില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍, ചൈനീസ് സര്‍ക്കാരോ സ്വകാര്യ ചൈനീസ് കമ്പനികള്‍ വഴിയോ യാതൊരു കാരണവശാലും ഇറാനിലേക്ക് ആയുധങ്ങള്‍ വില്‍ക്കുകയോ നല്‍കുകയോ ചെയ്യില്ലെന്ന് ഷി ജിന്‍ പിങ് തനിക്ക് ഉറപ്പുനല്‍കിയതായാണ് ട്രംപ് പറഞ്ഞത്.

‘പ്രസിഡന്റ് ഷി ആ വാക്ക് നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ ബന്ധം കണക്കിലെടുത്ത് ഞാന്‍ അദ്ദേഹത്തിന്റെ വാക്ക് വിശ്വസിക്കുന്നു, കൂടാതെ ഞാന്‍ അദ്ദേഹത്തിന് വലിയ സഹായങ്ങള്‍ ചെയ്തു വരികയുമാണ്,’ ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഉക്രൈനില്‍ യുദ്ധം തുടരുന്നുണ്ടെങ്കിലും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും സമാനമായ ഉറപ്പ് നല്‍കിയതായി ട്രംപ് പറഞ്ഞു.

‘താന്‍ ഉക്രൈന് നേരിട്ട് ആയുധങ്ങള്‍ നല്‍കുന്നില്ല, മറിച്ച് നാറ്റോ രാജ്യങ്ങള്‍ക്കാണ് ആയുധങ്ങള്‍ വില്‍ക്കുന്നത്. അവര്‍ പൂര്‍ണ വില നല്‍കിയാണ് ആയുധങ്ങള്‍ വാങ്ങുന്നത്. ആ ആയുധങ്ങള്‍ പിന്നീട് എങ്ങനെ വിതരണം ചെയ്യപ്പെടുന്നു എന്നതിനെക്കുറിച്ച് എനിക്ക് അറിവില്ല,’ എന്നാണ് മേഖലയിലെ ആയുധ വിതരണത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്. പുടിന് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

റഷ്യയും ചൈനയും ഇറാനെ ആയുധം നല്‍കി സഹായിക്കുന്നു എന്ന യു.എസ്. ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്‌സെഥിന്റെ പ്രസ്താവനയോട് ട്രംപ് വിയോജിച്ചു. ഹെഗ്‌സെഥിന്റെ വാദങ്ങളെ തള്ളിയ ട്രംപ്, ഷി ജിന്‍പിങ്ങിലും പുടിനിലും തനിക്ക് വലിയ വിശ്വാസമുണ്ടെന്ന് ആവര്‍ത്തിച്ചു.

‘എന്നെ നിരാശപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുമെന്ന് ഞാന്‍ കരുതുന്നില്ല’ എന്ന് വൈറ്റ് ഹൗസില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ട്രംപ് പറഞ്ഞു.

തന്റെ വ്യക്തിപരമായ നയതന്ത്ര ബന്ധങ്ങളിലാണ് ട്രംപ് ഈ വിശ്വാസം പ്രകടിപ്പിക്കുന്നത്. എന്നാല്‍ ഈ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടാല്‍ അത് ഇരു രാജ്യങ്ങള്‍ക്കും കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

 

Content Highlight: Do not supply arms to Iran: Donald Trump issues stern warning to China and Russia.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.