പൊലീസ് പ്രചാരണം തടയുന്നു; ഉദ്യോഗസ്ഥര്‍ ഡി.എം.കെയുടെ സേവകരെന്നും വിജയ്; എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലാണെന്ന് മറുപടി
India
പൊലീസ് പ്രചാരണം തടയുന്നു; ഉദ്യോഗസ്ഥര്‍ ഡി.എം.കെയുടെ സേവകരെന്നും വിജയ്; എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലാണെന്ന് മറുപടി
അനിത സി
Saturday, 28th March 2026, 4:30 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെയുടെ നിര്‍ദേശ പ്രകാരം പൊലീസ് തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ അനുമതി നല്‍കുന്നില്ലെന്ന പാര്‍ട്ടി അധ്യക്ഷന്‍ വിജയ്‌യുടെ ആരോപണം തള്ളി ഡി.എം.കെ.

പൊതുയോഗങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. എന്തിനാണ് ഈ വിഷയത്തില്‍ പാര്‍ട്ടിയെ കുറ്റം പറയുന്നതെന്ന് ഡി.എം.കെയുടെ മതുര്‍ന്ന നേതാവും ആരോഗ്യമന്ത്രിയുമായ മാ സുബ്രഹ്‌മണ്യന്‍ ചോദിച്ചു.

പൊതുയോഗങ്ങളുള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനാണ് അനുമതി നല്‍കുന്നത്. പരിപാടി സംഘടിപ്പിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് അനുമതിക്കായി അപേക്ഷിക്കണം.

അല്ലെങ്കില്‍ നിരസിക്കപ്പെടും. ഇക്കാര്യങ്ങള്‍ക്കിടയില്‍ എവിടെയാണ് സര്‍ക്കാര്‍ വരുന്നത്. പിന്നെങ്ങനെയാണ് ഡി.എം.കെ സര്‍ക്കാരിനെതിരെ കുറ്റപ്പെടുത്താന്‍ സാധിക്കുകയെന്ന് അദ്ദേഹം ശനിയാഴ്ച മാധ്യമങ്ങളോട് ചോദിച്ചു.

ചെന്നൈയില്‍ ടി.വി.കെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം സംസ്ഥാന ഭരണകൂടവും പൊലീസും തടയുകയാണെന്ന് വിജയ് ആരോപിച്ചിരുന്നു.

ജനാധിപത്യത്തിനെതിരായ ഫാസിസ്റ്റ് ആക്രമണമാണിത്. പുതിയ ഒരു രാഷ്ട്രീയ പ്രസ്ഥാനമായ ടി.വി.കെയുടെ ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്താനായി ചില ഉദ്യോഗസ്ഥര്‍ ഭരണകക്ഷിയുടെ സേവകരായി പ്രവര്‍ത്തിക്കുകയാണെന്നും വിജയ് ആരോപിച്ചിരുന്നു.

സംഭവത്തില്‍ നേരിട്ട് പരാതി നല്‍കാനായി വിജയ് തമിഴ്‌നാട് സെക്രട്ടറിയേറ്റിലെത്തുകയും ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് വിജയ് സെക്രട്ടറിയേറ്റിലെത്തിയത്.

പെരമ്പൂരില്‍ നടക്കാനിരുന്ന വിജയ് യുടെ തെരഞ്ഞെടുപ്പ് റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചതോടെയാണ് വിജയ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആള്‍ക്കൂട്ടം സംബന്ധിച്ച ആശങ്കയെ തുടര്‍ന്നാണ് അനുതി നിഷേധിച്ചതെന്നാണ് പൊലീസ് വിശദീകരണം.

അതേസമയം, തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റിലും ടി.വി.കെ മത്സരിക്കുമെന്ന് വിജയ് അറിയിച്ചു. ഇതിനിടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഡി.എം.കെ ശനിയാഴ്ച സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. മുഖ്യമന്ത്രി സ്റ്റാലിന്‍ ഇത്തവണയും കുളത്തൂരില്‍ നിന്നും ഉദയനിധി സ്റ്റാലിന്‍ ചെപ്പോക്കില്‍ നിന്നും ഒ. പനീര്‍സെല്‍വം ബോഡിനായ്ക്കന്നൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കും.

Content Highlights: DMK replies to TVK Vijay’s Allegations

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.