ചെന്നൈ: ബസില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രക്കാരിയുടെ മാല മോഷ്ടിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. നര്യാംപട്ട് പഞ്ചായത്ത് പ്രസിഡന്റും ഡി.എം.കെ നേതാവുമായ ഭാരതിയാണ് (56 വയസ്) അറസ്റ്റിലായത്.
നേര്‍ക്കുണ്ട്രം സ്വദേശിയായ വരലക്ഷ്മിയുടെ (50 വയസ്) പരാതിയിലാണ് ഭാരതിയെ കോയമ്പോട് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ മൂന്നിന് കാഞ്ചീപുരത്ത് നടന്ന വിവാഹ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു വരലക്ഷ്മി.
തമിഴ്‌നാട് സര്‍ക്കാരിന്റെ ബസിലായിരുന്നു പരാതിക്കാരി യാത്രചെയ്തത്. ബസ് യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ബാഗിലെ നാല് പവന്റെ മാല കാണാനില്ലെന്ന് വരലക്ഷ്മി മനസിലാക്കിയത്. തുടര്‍ന്ന് കോയമ്പോട് പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഇതില്‍നിന്ന് വരലക്ഷ്മിയുടെ സമീപത്തിരുന്ന സ്ത്രീയാണ് മാല മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു.
അതിവിദഗ്ദമായി ബാഗില്‍ നിന്നും മോഷ്ടിച്ചെടുത്ത മാല സ്ത്രീ സ്വന്തം ബാഗില്‍ ആക്കുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. പ്രതി ഭാരതിയെ ചെന്നൈയില്‍ എത്തിച്ചു ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയും ചെയ്തു.
അവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മോഷണക്കേസില്‍ ഡി.എം.കെ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രതികരണങ്ങള്‍ക്ക് കാരണമായിരുന്നു. പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമിയും മുന്‍ ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈയും പാര്‍ട്ടിയില്‍ ക്രിമിനല്‍ ഘടകങ്ങള്‍ക്ക് അഭയം നല്‍കിയതിന് ഡി.എം.കെയെ വിമര്‍ശിച്ചു.
വെല്ലൂര്‍, തിരുപ്പട്ടൂര്‍, ആമ്പൂര്‍, വൃദ്ധംപട്ട് ഇനി പോലീസ് സ്‌റ്റേഷനില്‍ ഭാരതിക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Content Highlight: DMK Panchayat President arrested for necklace theft In Chennai