ആ നാല് ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പം കളിക്കണം; മനസ് തുറന്ന് ദ്യോക്കോവിച്ച്
Football
ആ നാല് ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പം കളിക്കണം; മനസ് തുറന്ന് ദ്യോക്കോവിച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th September 2023, 8:30 pm

യു.എസ് ഓപ്പണ്‍ 2023 ഫൈനലില്‍ ഡാനില്‍ മെദ്‌വദേവിനെ പിന്തള്ളി നോവാക്ക് ദ്യോക്കോവിച്ച് വിജയിച്ചിരുന്നു. ടെന്നീസിന് പുറമെ വലിയ ഫുട്‌ബോള്‍ ആരാധകനായ ദ്യോക്കോവിച്ച് തന്റെ ഇഷ്ട കളിക്കാരെ കുറിച്ച് പറഞ്ഞ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍.

ഫുട്‌ബോളിലെ നാല് ഇതിഹാസ താരങ്ങളുടെ കൂടെ കളിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ അടുത്ത സുഹൃത്തും സ്വീഡിഷ് അറ്റാക്കറുമായ സ്ലാറ്റന്‍ ഇബ്രാഹിമോച്ചിന്റെ പേരാണ് ദ്യോക്കോവിച്ച് ആദ്യം പറഞ്ഞത്.

തുടര്‍ന്ന് ആധുനിക ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അര്‍ജന്റൈന്‍ ഇതിഹാസം ഗബ്രിയേല്‍ ബാസ്റ്റിറ്റിയൂട്ടയാണ് ദ്യോക്കോവിച്ചിന്റെ പട്ടികയിലുള്ള നാലാമത്തെയാള്‍. സ്‌പോര്‍ട്‌സ് വാര്‍ത്താ മാധ്യമമായ 433 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘അത് വളരെ കുഴപ്പിക്കുന്ന ചോദ്യമാണ്. ഒന്നില്‍ കൂടുതല്‍ ആളുകളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ആദ്യം ഞാന്‍ ഇബ്രാഹിമോവിച്ചിന്റെ പേര് പറയും. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിനൊപ്പം കളിക്കാന്‍ എനിക്ക് തീര്‍ച്ചയായും ആഗ്രഹമുണ്ട്. അത് കഴിഞ്ഞാല്‍ മെസിയും റൊണാള്‍ഡോയുമുണ്ട്. കുറച്ച് പഴയ താരങ്ങളില്‍ ബാസ്റ്റിറ്റിയൂട്ടയെ എനിക്കിഷ്ടമാണ്,’ ദ്യോക്കോവിച്ച് പറഞ്ഞു.

അതേസമയം, യു.എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ നാലാം കിരീടമാണ് സെര്‍ബിയന്‍ താരം സ്വന്തമാക്കുന്നത്. ജയത്തോടെ കരിയറില്‍ 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുമായി ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമെന്ന് റെക്കോഡില്‍ ഓസ്‌ട്രേലിയന്‍ വനിതാ താരം മാര്‍ഗരറ്റ് കോര്‍ട്ടിനൊപ്പം ദ്യോക്കോവിച്ച് എത്തി.

Content Highlights: Djokovic chooses four favorite footballers