ന്യൂദൽഹി: ദീപാവലിയോടനുബന്ധിച്ച് ദൽഹിയിൽ പടക്കം ഉപയോഗിക്കാൻ അനുമതി നൽകി സുപ്രീം കോടതി. അഞ്ച് ദിവസത്തേക്കാണ് പടക്കം ഉപയോഗിക്കാൻ അനുമതി നൽകിയത്.
ന്യൂദൽഹി: ദീപാവലിയോടനുബന്ധിച്ച് ദൽഹിയിൽ പടക്കം ഉപയോഗിക്കാൻ അനുമതി നൽകി സുപ്രീം കോടതി. അഞ്ച് ദിവസത്തേക്കാണ് പടക്കം ഉപയോഗിക്കാൻ അനുമതി നൽകിയത്.
ദൽഹി-എൻ.സി.ആറിൽ പടക്കങ്ങൾക്കുള്ള സമ്പൂർണ നിരോധനത്തിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
കേന്ദ്രത്തെ പ്രതിനിധീകരിക്കുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത ദീപാവലി സമയത്ത് ഇളവ് വരുത്തണമെന്ന് കോടതിയോട് അഭ്യർത്ഥിക്കുകയും കുട്ടികളെ രണ്ട് മണിക്കൂർ ആഘോഷത്തിൽ മാത്രം പരിമിതപ്പെടുത്തരുതെന്നും വാദിച്ചു. വാദം കേട്ട കോടതി പരിമിതകാലത്തേക്ക് ഉത്തരവ് പിൻവലിക്കുകയായിരുന്നു.
‘തത്കാലം ദീപാവലി സമയത്ത് മാത്രം നിരോധനം നീക്കാൻ അനുവദിക്കും. പരീക്ഷണാടിസ്ഥാനത്തിൽ ദീപാവലിയിൽ അഞ്ച് ദിവസങ്ങളിലേക്ക് മാത്രം പടക്കം പൊട്ടിക്കാൻ അനുവദിക്കും എന്നിരുന്നാലും ഇത് സമയപരിമിധിയിലേക്ക് പരിമിതപ്പെടുത്തും,’ കോടതി പറഞ്ഞു. 2018 മുതൽ 2024വരെ വായു നിലവാര സൂചികയിൽ എന്തെങ്കിലും പുരോഗതിയുണ്ടായിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
ദൽഹിയിലെ വായുവിന്റെ ഗുണനിലവാരവും മലിനീകരണ തോതും സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് ഈ ഉത്തരവ്. നേരത്തെ ഏപ്രിൽ മൂന്നിന് രണ്ടംഗ ബഞ്ച് ദൽഹിയിൽ ഹരിത പടക്കങ്ങൾ ഉൾപ്പെടെയുള്ള പടക്കങ്ങൾക്ക് ഒരു വർഷത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകൾ കോടതിയിൽ ലഭിച്ചിട്ടുണ്ട്.
കേസിൽ ബെഞ്ചിനെ സഹായിച്ച അമിക്കസ് ക്യൂറി സീനിയർ അഭിഭാഷക അപരാജിത സിങ് വ്യാജ ഹരിത പടക്കങ്ങൾ വ്യാജ ലേബലുകളിൽ വിൽക്കുന്നതിൽ ആശങ്കയും പ്രകടിപ്പിച്ചു.
ദീപാവലിയിലും പ്രധാന ഉത്സവങ്ങളിലും രാത്രി എട്ട് മുതൽ രാത്രി 10 വരെയും, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെയും, ഗുരുപുരാബ് ആഘോഷങ്ങൾക്ക് രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ സമയം അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
അതേസമയം, വായു മലിനീകരണ തോതിൽ ഒരു കുറവും വരുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകർ കോടതിയുടെ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചു. വ്യാജ ഉത്പന്നങ്ങളും പരമ്പരാഗത പടക്കങ്ങളും തമ്മിൽ വേർതിരിച്ച് അറിയാൻ പ്രായോഗികമായി അസാധ്യമാണെന്നും അവർ പറഞ്ഞു.
Content Highlight: Diwali; Supreme Court relaxes ban on firecrackers in Delhi