'സ്ത്രീ കഥാപാത്രം നായകന്റെ പിന്നിലിരിക്കുന്നത് ക്ലീഷേയാണല്ലോ, എന്റെ സ്ത്രീകഥാപാത്രങ്ങള്‍ ഇങ്ങനെയാണ്,' സംവിധായകന്‍ അഷ്‌റഫ് ഹംസയെ പറ്റി ദിവ്യ എം. നായര്‍
Film News
'സ്ത്രീ കഥാപാത്രം നായകന്റെ പിന്നിലിരിക്കുന്നത് ക്ലീഷേയാണല്ലോ, എന്റെ സ്ത്രീകഥാപാത്രങ്ങള്‍ ഇങ്ങനെയാണ്,' സംവിധായകന്‍ അഷ്‌റഫ് ഹംസയെ പറ്റി ദിവ്യ എം. നായര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th December 2021, 8:31 am

ചെമ്പന്‍ വിനോദ് തിരക്കഥയെഴുതി അഷ്‌റഫ് ഹംസസംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ നായകനായ ഭീമന്റെ വഴി തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ പ്രമേയം കൊണ്ടുംകൂടിയാണ് ഭീമന്റെ വഴി ശ്രദ്ധ ആകര്‍ഷിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കൃത്യമായ സ്‌പേസ് ചിത്രത്തിലുണ്ട്. ചെറിയ രംഗങ്ങളില്‍ പോലും സംവിധായകന്‍ അഷ്‌റഫ് ഹംസ ഇത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങനെയുള്ള ഒരു അനുഭവം പറയുകയാണ് ചിത്രത്തില്‍ കൗണ്‍സിലര്‍ റീത്തയെ അവതരിപ്പിച്ച ദിവ്യ എം. നായര്‍. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ദിവ്യ ഷൂട്ടിങ് സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

‘റീത്ത സ്‌കൂട്ടറോടിക്കുന്ന സ്ത്രീയാണ്. എനിക്ക് വണ്ടിയോടിക്കാന്‍ അറിയില്ല. കുഞ്ചാക്കോ ബോബനെ പിന്നിലിരുത്തി സ്‌കൂട്ടറോടിക്കുന്ന ഒരു രംഗമുണ്ട്. അത് പക്ഷേ സിനിമയിലില്ല.ചാക്കോച്ചനെ പിറകിലിരുത്തി വണ്ടിയോടിക്കാന്‍ കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. നായകനാണല്ലോ അദ്ദേഹം. ഞാന്‍ പറഞ്ഞു ചാക്കോച്ചന്‍ ഓടിക്കട്ടെ, ഞാന്‍ പിന്നിലിരിക്കാം. ബിനു പപ്പുവിനെ പിന്നിലിരുത്തി ഓടിക്കുന്ന രംഗം ഞാന്‍ ചെയ്തോളാം എന്ന്. അപ്പോള്‍ സംവിധായകന്‍ പറഞ്ഞു പറ്റില്ലെന്ന്.

സ്ത്രീകള്‍ ഒരിക്കലും പിറകില്‍ നില്‍ക്കരുത് എന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ കഥാപാത്രം നായകന്റെ പിന്നിലിരിക്കുന്നത് ക്ലീഷേയാണല്ലോ. എന്റെ സ്ത്രീകഥാപാത്രങ്ങള്‍ ഇങ്ങനെയാണ്. നീ തന്നെ ഓടിക്കണം എന്ന് ഇക്ക പറയുകയും ഞാനോടിക്കുകയും ചെയ്തു. പക്ഷേ, അതത്ര ശരിയായില്ല,’ ദിവ്യ പറഞ്ഞു.

‘എഴുതുന്ന ആളുടെ മനസ് പോലിരിക്കും സ്ത്രീകള്‍ക്ക് എവിടെ സ്ഥാനം കൊടുക്കണമെന്ന്. ചെമ്പന്‍ ചേട്ടന്‍ സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന ആളാണെന്നാണ് എനിക്ക് മനസിലായത്. അദ്ദേഹം കണ്ടുവന്ന സ്ത്രീകളെല്ലാം ശക്തരായവരാണ്. അതേ രീതിയില്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമയില്‍ സ്ത്രീകളെ അവതരിപ്പിക്കണമെന്ന് ആഗ്രഹവുമുണ്ട്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലുള്ളവരാണ് ഇതിലെ സ്ത്രീകളെല്ലാം തന്നെ. സംവിധായകന്‍ അഷ്റഫിക്കയെപ്പറ്റി പറയുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് നിലനില്പ് വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്,’ ദിവ്യ കൂട്ടിച്ചേര്‍ത്തു.

മുമ്പ് പരസ്യങ്ങളിലും സീരിയലുകളിലും അഭിനയിച്ചിച്ചുണ്ടെങ്കിലും കരിക്ക് സീരിസിലെ കഥാപാത്രത്തിലൂടെയാണ് ദിവ്യ ശ്രദ്ധേയയാകുന്നത്.
ഒപ്പം ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യയെ സ്വന്തമായി തിരക്കഥയെഴുതിയ ചിത്രത്തിലേക്കും ചെമ്പന്‍ വിനോദ് വിളിക്കുകയായിരുന്നു.

റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുകിടക്കുന്ന വഴിയും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.
കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ്, ദിവ്യ എം. നായര്‍, മേഘ തോമസ്, ജിനു ജോസഫ്, സുരാജ് വെഞ്ഞാറമൂട്, ശബരീഷ് വര്‍മ, ബിനു പപ്പു, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ്, ആഷിഖ് അബു, റീമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: divya m nair about ashraf hamsa