പേട്ട: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ എന്‍.ഡി.എയില്‍ ഭിന്നത. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി.ഡി.ജെ.എസ് അറിയിച്ചു. ബി.ജെ.പി മുന്നണി മര്യാദ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ബി.ഡി.ജെ.എസിന്റെ തീരുമാനം.
മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ഉള്‍പ്പെടെയാണ് പട്ടികയില്‍ ഇടംപിടിച്ചത്. ബി.ജെ.പിയുടെ സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് ഇത്തവണ കൊടുങ്ങാനൂരില്‍ നിന്ന് മത്സരിക്കും. ശാസ്തമംഗലത്ത് ആര്‍. ശ്രീലേഖയും നേമത്ത് എം.ആര്‍. ഗോപനും സ്ഥാനാര്‍ത്ഥികളാകും.
മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹി പദ്മിനി തോമസ് പാളയത്ത് മത്സരിക്കും. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന തമ്പാനൂര്‍ സതീഷ്, മഹേശ്വരന്‍ നായര്‍ എന്നിവരും പട്ടികയിലുണ്ട്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍, ഭരിക്കാന്‍ ഒരു അവസരമാണ് ബി.ജെ.പി ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
‘ഇവര്‍ വികസിത അനന്തപുരി എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി വര്‍ഷത്തിലെ 365 ദിവസവും, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ തയ്യാറായവര്‍,’ എന്ന കുറിപ്പോട് കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥാനാര്‍ത്ഥി പട്ടിക പങ്കുവെച്ചത്.
Content Highlight: Divisions in Thiruvananthapuram NDA; BDJS to contest alone in corporation elections