ജമ്മുവിനെയും കശ്മീരിനെയും വേര്‍പ്പെടുത്താന്‍ കഴിയില്ലെന്നും അത് തലയെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്തുന്നത് പോലെയാണെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. നര്‍വാള്‍ ഫ്രൂട്ട് മണ്ടി സന്ദര്‍ശനത്തിനിടെയാണ് അബ്ദുല്ലയുടെ പരാമര്‍ശം.
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെ വിഭജിച്ച് ജമ്മുവിന് സംസ്ഥാന പദവി നല്‍കണമെന്നായിരുന്നു ബി.ജെ.പി എം.എല്‍എയുടെ ആവശ്യം. ഷാം ലാല്‍ ശര്‍മയാണ് ഈ ആവശ്യമായി രംഗത്തെത്തിയത്.
ജമ്മുവിനോട് വിവേചനം കാണിക്കുന്നുവെന്നാണ് ശര്‍മയുടെ ആരോപണം. എന്നാല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സത് ശര്‍മ ഈ ആരോപണം നിഷേധിച്ചു. ലാല്‍ ശര്‍മയുടേത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും സത് ശര്‍മ പറഞ്ഞു.
ഇതിനുപിന്നാലെയാണ് ഫാറൂഖ് അബ്ദുല്ലയുടെ പ്രതികരണം. ലഡാക്കിലെ ജനങ്ങള്‍ പോലും ജമ്മു കാശ്മീരിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജമ്മു കശ്മീരിലെ ജനങ്ങളുടെ പുരോഗതിക്ക് വേണ്ടിയാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 2019ല്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണത്തിലേറിയതിന് പിന്നാലെയാണ് ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയത്. ശേഷം ഈ മേഖലയെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയായിരുന്നു.
ജമ്മുവിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ മേഖലയുടെ സ്വയംഭരണാവകാശം ഇല്ലാതായി. അതുവരെ ജമ്മു കശ്മീരിന് പ്രത്യേകം ഭരണഘടനയും പതാകയും ഉണ്ടായിരുന്നു.
Content Highlight: Dividing Jammu and Kashmir is like splitting the head and body: Farooq Abdullah