'രാജ്യത്തുള്ളവരെ അഭയാര്‍ത്ഥികളാക്കാനുള്ള നീക്കം' ; 40 ലക്ഷം പേരെ ഒഴിവാക്കിയ ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ മമതാ ബാനര്‍ജി
national news
'രാജ്യത്തുള്ളവരെ അഭയാര്‍ത്ഥികളാക്കാനുള്ള നീക്കം' ; 40 ലക്ഷം പേരെ ഒഴിവാക്കിയ ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ മമതാ ബാനര്‍ജി
ന്യൂസ് ഡെസ്‌ക്
Monday, 30th July 2018, 2:24 pm

കൊല്‍ക്കത്ത: 3.29 കോടി അപേക്ഷകരില്‍ 40 ലക്ഷം പേരെ പുറത്താക്കി കൊണ്ടുള്ള ദേശീയ പൗരത്വ രജിസ്റ്ററിന്റെ രണ്ടാം ഡ്രാഫ്റ്റിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആളുകളെ സ്വന്തം രാജ്യത്ത് തന്നെ അഭയാര്‍ത്ഥികളാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇത് വിഭജിച്ച് ഭരിക്കാനുള്ള തന്ത്രമാണെന്നും മമതാ ബാനര്‍ജി പറഞ്ഞു.

ലിസ്റ്റില്‍ ഉള്‍പ്പെടാത്ത 40 ലക്ഷം പേര്‍ക്കൊപ്പം താന്‍ ഉണ്ടാവുമെന്നും മനുഷ്യാവകാശ പ്രശ്‌നമായി ഇതിനെ കാണണമെന്നും മമത പറഞ്ഞു.

രജിസ്റ്ററിനെതിരെ കോണ്‍ഗ്രസടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. എന്‍.ആര്‍സിയിലൂടെ മോദി സര്‍ക്കാര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇതില്‍ ഭേതഗതി വരുത്തണമെന്നും ഖാര്‍ഗെ പറഞ്ഞു.

ഇന്നാണ് രണ്ടാം കരട് പുറത്തിറക്കിയിരുന്നത്.

പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പരാതി ഉന്നയിക്കാനുള്ള അവസരമുണ്ടായിരിക്കുമെന്നും ഡ്രാഫ്റ്റിന്റെ പേരില്‍ ആരെയും അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ചെയ്യില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എല്ലാ പരാതികളും പരിശോധിച്ച ശേഷം മാത്രമേ അന്തിമ പട്ടിക പ്രഖ്യാപിക്കുകയുള്ളൂവെന്നും എന്‍.ആര്‍.സി (National Register of Citizens) വ്യക്തമാക്കി.

3.29 കോടി അപേക്ഷകരില്‍ 2.89 കോടിയാണ് ഇന്ത്യന്‍ പൗരന്മാരായി തെളിയിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ ആദ്യ കരടില്‍ 1.9 കോടി ആളുകളാണ് ഉള്‍പ്പെട്ടത്.

അസമിലുള്ള ഇന്ത്യക്കാരെയും കുടിയേറ്റക്കാരെയും വേര്‍തിരിക്കുന്നതിന് വേണ്ടിയാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. ഇത് പ്രകാരം 1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയിലെത്തിയവരാണെന്ന് തെളിയിക്കാത്തവര്‍ വിദേശികളാണെന്ന് പ്രഖ്യാപിക്കപ്പെടും.

1951ലാണ് ആദ്യമായി എന്‍.ആര്‍.സി തയ്യാറാക്കിയത്. പൗരന്മാരാണെന്ന് തെളിയിക്കുന്നതിനായി അസമിലുള്ളവര്‍ക്ക് തങ്ങളോ പൂര്‍വ്വികരോ 1951ലെ ലിസ്റ്റിലോ അതല്ലെങ്കില്‍ കട്ട്ഓഫ് ഡേറ്റിന് ഇടയിലുള്ള ഏതെങ്കിലും വോട്ടര്‍ലിസ്റ്റിലോ പേരുള്ളതായി തെളിയിക്കേണ്ടതുണ്ട്.