പുലപ്രകുന്ന് കോളനിയിലെ ഭൂരഹിതര്‍ക്ക് മുപ്പത് ദിവസത്തിനകം പട്ടയം നല്‍കുമെന്ന് കലക്ടര്‍
ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പുലപ്രകുന്ന് കോളനിയിലെ ഭൂരഹിതരായ കോളനി നിവാസികള്‍ക്ക് മുപ്പത് ദിവസത്തിനകം പട്ടയം നല്‍കുമെന്ന് ജില്ലാകലക്ടര്‍ സാംബശിവ. പട്ടയം ലഭിക്കുന്ന മഴുവന്‍ പേര്‍ക്കും വീട് നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കൈവശക്കാരുടെ വിവരങ്ങള്‍ മൂന്ന് ദിവസത്തിനകം ശേഖരിച്ച് നല്‍കാന്‍ വില്ലേജ് ഓഫീസറെ ചുമതലപെടുത്തിയെന്നും കലക്ടര്‍ പറഞ്ഞു.

കൈവശക്കാര്‍ക്ക് അനുവാദപത്രിക നല്‍കാന്‍ മേപ്പയൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയെന്നും കോളനിയിലേക്കുള്ള റോഡ് സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിച്ചുവെന്നും വനിതകള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം, എസ്.സി ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.

Read Also : നിര്‍ണായക ഘട്ടങ്ങളിലെല്ലാം പ്രിയങ്ക സംസാരിച്ചിട്ടുണ്ട്; 2019 ല്‍ അവര്‍ സജീവ രാഷ്ട്രയത്തിലേക്ക്

റോഡ് ഗതാഗതയോഗ്യമാക്കും. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി പട്ടികജാതി വികസനവകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് ഉപയോഗപെടുത്തി എട്ടരലക്ഷം രൂപ ചിലവില്‍ കോളനിയില്‍ കിണര്‍ നിര്‍മ്മിക്കാനുള്ള ടെന്റര്‍ നടപടികള്‍ മുപ്പത്തി ഒന്നിനകം പൂര്‍ത്തീകരിക്കും. കോളനി നിവാസികള്‍ക്ക് റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ്, തൊഴില്‍ കാര്‍ഡ് എന്നിവ നല്‍കാന്‍ സത്വരനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചെന്നും കലക്ടര്‍ അറിയിച്ചു.

കോളനി സന്ദര്‍ശിച്ച ശേഷം ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുലപ്രകുന്ന് കോളനിയിലെ ദുരിതാവസ്ഥയെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വീഡിയോ കാണാം