ബി.എൽ.ഒ അനീഷിന് ജോലി സമ്മർദം ഉണ്ടായിരുന്നില്ല: കണ്ണൂർ ജില്ലാ കലക്ടർ
Kerala
ബി.എൽ.ഒ അനീഷിന് ജോലി സമ്മർദം ഉണ്ടായിരുന്നില്ല: കണ്ണൂർ ജില്ലാ കലക്ടർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th November 2025, 10:58 pm

കണ്ണൂർ: കണ്ണൂരിൽ ആത്മഹത്യ ചെയ്ത ബി.എൽ.ഒ അനീഷിന് ജോലി സമ്മർദം ഉണ്ടായിരുന്നില്ലെന്ന് ജില്ലാ കലക്ടർ. എസ്.ഐ.ആർ ജോലിയും അനീഷിന്റെ മരണവുമായി ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടില്ലെന്നും ജില്ലാ കലക്ടർ പറഞ്ഞു.

ആവശ്യമായ എല്ലാ സഹകരണവും നൽകിയിരുന്നെന്നും ജില്ലാ കലക്ടർ വിശദീകരിച്ചു.

പൊലീസിലൂടെയും ഭരണപരമായ അന്വേഷണങ്ങളിലൂടെയും നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലികളും ബി.എൽ.ഒയുടെ മരണവുമായി ബന്ധമില്ലെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

ആവശ്യമായ സമയങ്ങളിൽ സഹായങ്ങൾ നൽകിയിരുന്നെന്നും ബാക്കിയുള്ള 240 ഫോമുകൾ പൂരിപ്പിക്കുന്നതിന് സഹായം ആവശ്യമുണ്ടോയെന്ന് ഇന്ന് രാവിലെ 8.45 നു ബൂത്ത് ലെവൽ ഓഫീസർ ഫോണിൽ ബന്ധപ്പെട്ട് അന്വേഷിച്ചിരുന്നുവെന്നും കലക്ടർ പറയുന്നു.

എന്നാൽ ശേഷിക്കുന്ന ഫോമുകൾ താൻ തന്നെ പൂർത്തിയാക്കുമെന്നും സഹായം ആവശ്യമില്ലെന്നുമായിരുന്നു അനീഷിന്റെ മറുപടിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് കലക്ടർ പറഞ്ഞു.

1065 ഫോമുകളാണ് നൽകിയിരുന്നത് അതിൽ 825 എണ്ണവും അനീഷ് വിതരണം ചെയ്തിട്ടുണ്ട്. 240 ഫോമുകളാണ് ബാക്കി ഉണ്ടായിരുന്നത്.

എന്നാൽ ഇന്ന് രാവിലെ പരിശോധിച്ചപ്പോൾ അതിൽ കൂടുതൽ നൽകിയിരുന്നെന്നും നിലവിൽ 50 ഫോമുകളാണ് ശേഷിക്കുന്നതെന്നുമാണ് കലക്ടർക്ക് ലഭിച്ച റിപ്പോർട്ട്.

ഏതെങ്കിലും തരത്തിൽ അദ്ദേഹത്തിന് നിർദേശമോ സമ്മർദമോ നൽകേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും കലക്ടർ ചൂണ്ടിക്കാട്ടി.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് മകൻ ദിവസങ്ങളായി സമ്മർദത്തിലായിരുന്നെന്നും ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ യാതൊരു ബാധ്യതയുമില്ലെന്നും അനീഷിന്റെ പിതാവ് പറഞ്ഞിരുന്നു.

ഇന്ന് രാവിലെയാണ് കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫിസർ അനീഷ് ജോർജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബി.എൽ. ഒയാണ് അനീഷ് ജോർജ്. എസ്‌ഐആർ ഫോമുമായി ബന്ധപ്പെട്ട ജോലി സമ്മർദം കാരണമാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.

Content Highlight: District Collector says BLO Aneesh who committed suicide in Kannur was not under pressure from work