കൊച്ചി: മാരാമണ്‍ കണ്‍വെന്‍ഷന്റെ യുവവേദി പരിപാടിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കി. മാര്‍ത്തോമാ സഭയ്ക്കുള്ളിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് തീരുമാനം.
മതിയായ കൂടിയാലോചനകള്‍ ഇല്ലാതെയാണ് വി.ഡി. സതീശനെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നാണ് ഒരു വിഭാഗം പറയുന്നത്. ഔദ്യോഗികമായി ക്ഷണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ സഭയുടെ അറിവോടെ അല്ലെന്നും നേതൃത്വം വ്യക്തമാക്കി.
കഴിഞ്ഞ മന്നം ജയന്തി ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു. പിന്നാലെയാണ് ക്രൈസ്തവസഭകളുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വി.ഡി. സതീശന്‍ മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഫെബ്രുവരി 15നാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുക. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കണ്‍വെന്‍ഷനാണ് മാരാമണ്ണിലേത്. 130-ാംമത് കണ്‍വെന്‍ഷനാണ് നടക്കാനിരിക്കുന്നത്.
എഴുത്തുകാരന്‍ സി.വി. കുഞ്ഞിരാമന്‍, മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍, ഡോ. ശശി തരൂര്‍ എന്നിവരാണ് മുമ്പ് മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചിട്ടുള്ള അക്രൈസ്തവ നേതാക്കള്‍.
തിരുവനന്തപുരത്ത് നടന്ന ലത്തീന്‍സഭയുടെ യോഗത്തിലും കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യസേവന വിഭാഗത്തിന്റെ പരിപാടിയിലും വി.ഡി. സതീശന്‍ പങ്കെടുത്തിരുന്നു.
ചങ്ങനാശേരി അതിരൂപതയിലെ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയിലിന്റെയും കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെയും അനുമോദന ചടങ്ങുകളിലും വി.ഡി. സതീശന്‍ മുഖ്യാഥിതിയായിരുന്നു.
വി.ഡി. സതീശന് ലഭിക്കുന്ന ക്രൈസ്തവ പിന്തുണ മുനമ്പം വിഷയം, ശശി തരൂരിന്റെ വിജയം എന്നിവയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
എന്നാല്‍ നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വി.ഡി. സതീശനെ മാരാമണ്‍ കണ്‍വെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.
അതേസമയം 11 വര്‍ഷത്തെ പിണക്കം മറന്നാണ് എന്‍.എസ്.എസ് രമേശ് ചെന്നിത്തലയെ മന്നം ജയന്തി ആഘോഷത്തിലേക്ക് ക്ഷണിച്ചത്. ആദ്യഘട്ടത്തില്‍ മുഖ്യ പ്രാസംഗികന്‍ എന്ന നിലയിലാണ് ചെന്നിത്തലയ്ക്ക് ക്ഷണം ലഭിച്ചത്. പിന്നീട് ഉദ്ഘാടകനായും രമേശ് ചെന്നിത്തലയെ എന്‍.എസ്.എസ് ക്ഷണിക്കുകയായിരുന്നു.
Content Highlight: Dissension within the Church; VD Satheesan was excluded from the Maramon Convention