ദേശീയ ഗാനത്തോടുള്ള അനാദരവ്: മമതക്കെതിരെയുള്ള കേസ് തള്ളി മുംബൈ കോടതി
national news
ദേശീയ ഗാനത്തോടുള്ള അനാദരവ്: മമതക്കെതിരെയുള്ള കേസ് തള്ളി മുംബൈ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th October 2023, 9:47 pm

മുംബൈ: സൗത്ത് മുംബൈയിലെ ഒരു പരിപാടിക്കിടെ ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ പരാതി മുംബൈയിലെ മെട്രോപൊളിറ്റന്‍ കോടതി തള്ളി. ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) പ്രവര്‍ത്തകനായ വിവേകാനന്ദ് ഗുപ്ത നല്‍കിയ ക്രിമിനല്‍ കേസാണ് കോടതി തള്ളിയത്.

2021 ഡിസംബര്‍ 1ന് മുംബൈയിലെ പരിപാടിക്കെത്തിയ മമത ബാനര്‍ജി ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്നും മമത ദേശീയ പതാകയെ അനാദരിച്ചുവെന്നും ബി.ജെ.പിയുടെ മുംബൈ യൂണിറ്റ് ഭാരവാഹിയായ വിവേകാനന്ദ് ഗുപ്ത ആരോപിച്ചു. സൗത്ത് മുംബൈയിലെ യശ്വന്ത്‌റാവു ചവാന്‍ പ്രതിഷ്ഠാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുഖ്യാതിഥിയായിരുന്നു.

ദേശീയ ബഹുമാനത്തെ അപമാനിക്കുന്നത് തടയല്‍ നിയമപ്രകാരം മമതക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിവേകാനന്ദ് ആവശ്യപ്പെട്ടു. പരിപാടിയുടെ അവസാനത്തില്‍ തന്റെ കസേരയില്‍ ഇരുന്നുകൊണ്ട് മമത പെട്ടെന്ന് ദേശീയ ഗാനം ആലപിക്കാന്‍ തുടങ്ങിയെന്നും, പിന്നീട് പെട്ടെന്ന് എഴുന്നേറ്റ് നിന്ന് കുറച്ച് വരികള്‍ പാടിയതിന് ശേഷം ദേശീയ ഗാനം പൂര്‍ണമാവുന്നതിന് മുമ്പേ മമത പരിപാടിയില്‍ നിന്ന് പുറത്തുപോവുകയും ചെയ്തുവെന്ന് ഗുപ്ത ആരോപിച്ചു.

അതേസമയം പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മമത സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കുകയോ അല്ലെങ്കില്‍ കൂടെ ദേശീയ ഗാനം ആലപിക്കാതിരിക്കുകയോ ചെയ്യുന്നത് അതിനോടുള്ള അനാദരവാണെന്നും, എന്നാല്‍ കുറ്റമല്ലെന്നും മമതയുടെ ഹരജി തീര്‍പ്പുകല്‍പ്പിക്കുന്നതിനിടെ സെഷന്‍സ് കോടതി നിരീക്ഷിച്ചിരുന്നു.

പരാതിക്കാരന്‍ പറഞ്ഞ ചടങ്ങില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന് പരിപാടിയെ കുറിച്ച് വ്യക്തിപരമായ അറിവൊന്നുമില്ലെന്നും കോടതി പറഞ്ഞു. പരാതിക്കാരന്റെ ഏക വിവര സ്രോതസ്സ് അദ്ദേഹം ആശ്രയിക്കുന്ന മാധ്യമങ്ങള്‍ മാത്രമാണെന്നും വിഷയത്തില്‍ സി.ആര്‍.പി.സി സെക്ഷന്‍ 202 പ്രകാരം അന്വേഷണം നടത്തേണ്ടത് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന്റെ ഉത്തരവാദിത്തമാണെന്നും സെഷന്‍സ് കോടതി പറഞ്ഞു.

Content Highlight: Disrespect to national anthem: Mumbai court dismisses case against Mamata