തിയേറ്റര്‍ ഷെയറിനെ ചൊല്ലി പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി തര്‍ക്കം; കാന്താര 2 കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല
Entertainment news
തിയേറ്റര്‍ ഷെയറിനെ ചൊല്ലി പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി തര്‍ക്കം; കാന്താര 2 കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th September 2025, 11:31 am

 

കാന്താര 2 കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. തിയേറ്റര്‍ ഷെയറിനെ ചൊല്ലി ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തീരുമാനം. ആദ്യ രണ്ടാഴ്ചയിലെ തിയേറ്റര്‍ ഷെയറിന്റെ 55 ശതമാനാമണ് വിതരണക്കാര്‍ ആവശ്യപ്പെട്ടത്. ഇത് നല്‍കാനാകില്ലെന്നാണ് തിയേറ്റര്‍ ഉടമകളുടെ നിലപാട്

വിതരണക്കാര്‍ ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് സംഘടനയുടെ തീരുമാനം. ഇതു സംബന്ധമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഒക്ടോബര്‍ 2നാണ് കാന്തര 2 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഇതിന് പിന്നാലെയാണ് കേരളത്തില്‍ വിലക്കുമായി ഫിയോക്ക് എത്തിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് സിനിമയുടെ വിതരണം കേരളത്തില്‍ ഏറ്റെടുത്തിരിക്കുന്നത്. കെ.ജി.എഫ്, കാന്താര, സലാര്‍ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച മുന്‍നിര പാന്‍ ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താരയുടെ നിര്‍മാതാക്കള്‍.

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് 2022 ല്‍ റിലീസ് ചെയ്ത് വലിയ വിജയമായി തീര്‍ന്ന കന്നഡ ചിത്രമാണ് കാന്താര. അന്യഭാഷകളിലും സിനിമ ചര്‍ച്ച ചെയ്യപ്പെട്ടു. സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും റിഷഭ് സ്വന്തമാക്കിയിരുന്നു.

Content highlight:  Dispute with Prithviraj Productions over theater share; Kanthara 2 will not be screened in Kerala