പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം തുടരുന്നു; പ്രസ്താവനകളില്‍ നേതാക്കള്‍ മിതത്വം പാലിക്കണമെന്ന് ടി.പി രാമകൃഷ്ണന്‍
Kerala
പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം തുടരുന്നു; പ്രസ്താവനകളില്‍ നേതാക്കള്‍ മിതത്വം പാലിക്കണമെന്ന് ടി.പി രാമകൃഷ്ണന്‍
അഞ്ജു ചന്ദ്രന്‍
Friday, 28th August 2026, 12:24 pm

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തിലെ പ്രസ്താവനകളില്‍ നേതാക്കള്‍ മിതത്വം പാലിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. സി.പി.ഐയുടെ ആവശ്യം അനവസരത്തിനുള്ളതായിരുന്നെന്നും നിലവിലുണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്യുമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ഇനി ചര്‍ച്ചയില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിന് വിരുദ്ധമായാണ് ടി.പി രാമകൃഷ്ണന്റെ പ്രതികരണം.

‘പ്രതിപക്ഷ ഉപനേതൃ പദവി സി.പി.ഐ.എം വഹിച്ചിരുന്ന പദവിയായിരുന്നു. സി.പി.ഐ ഒരു പുതിയ ആവശ്യം ഉന്നയിച്ചു. എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ ആ തര്‍ക്കങ്ങള്‍ പരസ്പരം കൂടിയാലോചനയിലൂടെ പരിഹരിക്കാം… പരസ്പര ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടും എന്നതു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സി.പി.എം കണ്‍വീനര്‍ എന്ന നിലയില്‍ മുന്നണിക്കകത്തുള്ള എല്ലാ പാര്‍ട്ടികളെയും യോജിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ശ്രമിക്കുന്നത്. തുടര്‍ന്നും ആ ശ്രമം ഈക്കാര്യത്തില്‍ ഞാന്‍ നടത്തും,’ ടി.പി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ പ്രതികരണം നേരത്തെയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ ഉപനേതൃത്വ പദവി സി.പി.ഐ.എമ്മിന് തന്നെയായിരിക്കുമെന്ന പിണറായിയുടെ പ്രതികരണത്തിന് പിന്നാലെയാണ് സി.പി.ഐ-സി.പി.എം തര്‍ക്കം രൂക്ഷമായത്. പിണറായി വിജയന്റെ പ്രസ്താവനയ്ക്കുശേഷം സി.പി.ഐയുടെ മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഇടതുപക്ഷ പ്രസ്ഥാനത്തിന് ചോരയും നീരും കൊടുത്ത പാര്‍ട്ടിയാണ് സി.പി.ഐ എന്ന് നേതാക്കള്‍ പ്രതികരിച്ചു.

Content Highlights: Dispute over Deputy Leader of the Opposition continues; T.P. Ramakrishnan urges leaders to exercise restraint in their statements.

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.