'അച്ഛന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, ദയവു ചെയ്ത് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് '; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രണബിന്റെ മകന്‍
India
'അച്ഛന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, ദയവു ചെയ്ത് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് '; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രണബിന്റെ മകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th August 2020, 10:37 am

ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് വരുന്ന ഊഹാപോഹങ്ങള്‍ക്കും വ്യാജ പ്രചരണങ്ങള്‍ക്കുമെതിരെ പ്രതികരിച്ച് മകന്‍ അഭിജിത് മുഖര്‍ജി.

തന്റെ പിതാവ് ഇപ്പോഴും ജീവനോടെയുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ചിലര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അഭിജിത് പറഞ്ഞു.

ദയവുചെയ്ത് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പോലും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. വ്യാജവാര്‍ത്തകളുടെ കേന്ദ്രമാണ് മീഡിയ എന്ന് ഇതിലൂടെ വ്യക്തമാക്കപ്പെടുകയാണെന്നും അഭിജിത് ട്വിറ്ററില്‍ കുറിച്ചു.

പ്രണബ് മുഖര്‍ജി കോമയിലാണെന്നും മരണപ്പെട്ടുവെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി വ്യാജ പോസ്റ്റുകള്‍ വന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു അഭിജിത്തിന്റെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം ഈ സമയം അച്ഛനെ ഓര്‍ത്ത് അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്തെന്നും എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം ഒരു വിഷമഘട്ടത്തേയാണ് താന്‍ നേരിടുന്നതെന്നും ഇന്നലെ പ്രണബിന്റെ മകള്‍ ശര്‍മിഷ്ഠയും പ്രതികരിച്ചിരുന്നു.

‘കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 8 ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. അന്നാണ് എന്റെ അച്ഛന് ഭാരത് രത്ന പുരസ്‌കാരം ലഭിച്ചത്. കൃത്യം ഒരു വര്‍ഷത്തിനിപ്പുറം അദ്ദേഹം ഗുരുതരാവസ്ഥയിലായിരിക്കുകയാണ്. ദൈവം അദ്ദേഹത്തിനായി ഏറ്റവും മികച്ചത് തന്നെ ചെയ്യട്ടെ. സന്തോഷവും സങ്കടങ്ങളും സ്വീകരിക്കാനുള്ള ശക്തിയും ഞങ്ങള്‍ക്ക് നല്‍കട്ടെ. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച എല്ലാവരോടും ആത്മാര്‍ത്ഥമായി നന്ദി പറയുന്നു’, ശര്‍മിഷ്ഠ മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം പ്രണബ് മുഖര്‍ജിയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തലച്ചോറില്‍ സര്‍ജറി കഴിഞ്ഞ പ്രണബിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

വെന്റിലേറ്ററിന്‍ സഹായത്തിലാണ് മുന്‍ രാഷ്ട്രപതി കഴിയുന്നതെന്നും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയിലാണ് പ്രണബ് ഇപ്പോഴുള്ളത്. 84 കാരനായ മുന്‍ രാഷ്ട്രപതിയുടെ പരിചരണത്തിന് ഡോക്ടര്‍മാര്‍ നിരന്തരം പരിശോധനകളുമായി അടുത്തുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; Dismissing “speculation” and “fake news” regarding the health of Pranab Mukherjee, his son Abhijit Mukherjee says father is safe