കോഴിക്കോട്: മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ യെമനില്‍ തുടരുന്നു. കൊല്ലപ്പെട്ട യെമനി പൗരന്‍ തലാല്‍ മഹ്ദിയുടെ കുടുംബവുമായി സൂഫി പണ്ഡിതന്‍ ഉമര്‍ ഹഫീളിന്റെ പ്രതിനിധികളാണ് ചര്‍ച്ച നടത്തുന്നത്.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അഭ്യര്‍ഥനയെതുടര്‍ന്നാണ് ഉമര്‍ ഹഫീള് വിഷയത്തില്‍ ഇടപ്പെട്ടിരിക്കുന്നത്. ചര്‍ച്ചകള്‍ക്ക് പിന്നാലെ നമിഷപ്രിയക്ക് മാപ്പ് നല്‍കാന്‍ സാധിക്കില്ല എന്ന തലാലിന്റെ കുടുംബത്തിന്റെ നിലപാടില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നീതി നടപ്പാക്കപ്പെടണമെന്നും ഒരു തരത്തിലമുള്ള ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും കൊല്ലപ്പെട്ട തലാലിന്റെ കുടുംബാംഗം അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസില്‍ നിന്ന് പിന്മാറില്ലെന്നും ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.
ഉത്തര യെമനുമായി ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ അത്രകണ്ട് ശക്തമല്ല എന്നതിനാല്‍ തന്നെ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് സാധ്യതകള്‍ തീരെ കുറവാണ്. അനൗദ്യോഗിക രീതിയില്‍ മാത്രമേ ചര്‍ച്ചകളും മറ്റും സാധ്യമാവുകയുള്ളൂ.
തങ്ങള്‍ക്ക് ഇടപെടാന്‍ സാധിക്കാത്ത മേഖലയാണ് ഇതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ ഹൂത്തികളെ അംഗീകരിക്കാത്തതിനാല്‍ തന്നെ നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാധ്യകളും നേരത്തെ തന്നെ മങ്ങിയിരുന്നു. യെമനിലെ ഭരണസംവിധാനങ്ങളുമായി ബന്ധപ്പെടാന്‍ ഇന്ത്യയ്ക്ക് പരിമിതികള്‍ ഉണ്ട് എന്നതിനാല്‍ തന്നെ ഇപ്പോള്‍ കാന്തപുരത്തിന്റെ അപേക്ഷ പ്രകാരം ഉമര്‍ ഫളീഹിന്റെ നേതൃത്വത്തിലുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്.
തലാല്‍ അബ്ദു മഹ്ദിയുടെ കൊലപാതകം മേഖലയില്‍ ഏറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതില്‍ തലാലിന്റെ കുടുംബത്തില്‍ നിന്നും ഗോത്രവിഭാഗത്തില്‍ നിന്നും കടുത്ത എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അവിടെ ഏറ്റവുമധികം സ്വാധീനമുള്ള സൂഫി പണ്ഡിതന്‍ വഴി തന്നെ ചര്‍ച്ചകള്‍ നടത്തുന്നത്.
നേരത്തെ നിശ്ചയിച്ച വധശിക്ഷ മാറ്റിവെച്ചതിനാല്‍ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്ന് പ്രതിനിധി സംഘം അറിയിച്ചു. അതേസമയം, സര്‍ക്കാരിനെക്കൊണ്ട് സാധ്യമായ കാര്യങ്ങളെല്ലാം നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. ഹരജി വെള്ളിയാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
അതേസമയം, നിമിഷ പ്രിയയുടെ മോചനത്തില്‍ ഒരു മതനേതാവിന്റെയും ഇടപെടലുകള്‍ ഉണ്ടായിട്ടില്ല എന്ന് ആക്ഷന്‍ കൗണ്‍സിലിന് നേതൃത്വം നല്‍കിയ സാമുവല്‍ ജെറോമിന്റെ പ്രസ്താവന ചര്‍ച്ചകള്‍ക്കിടെ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
വധശിക്ഷ നീട്ടിവെച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, വിദേശകാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രി ജയശങ്കര്‍ , ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ എന്നിവര്‍ക്കാണ് നന്ദി പറയുന്നതെന്നും സാമുവല്‍ ജെറോം പറഞ്ഞിരുന്നു.
എന്നാല്‍, സാമുവല്‍ ജെറോമിനെ തള്ളി സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നിയമസമിതി കണ്‍വീനര്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ രംഗത്തുവന്നു. സാമുവല്‍ ജെറോമിന് ക്രെഡിറ്റ് നല്‍കാമെന്നും ദയമായി നിമിഷ പ്രിയയെ രക്ഷിക്കാനുള്ള നടപടികള്‍ പ്രതിസന്ധിയിലാക്കരുത് എന്നുമാണ് സുഭാഷ് ചന്ദ്രന്‍ പറഞ്ഞത്.
ചിലര്‍ സംസാരിക്കുന്നത് വ്യക്തി താത്പര്യങ്ങള്‍ക്കുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സഹായിക്കാന്‍ സ്വയം സന്നദ്ധരായി വരുന്ന യെമനി പണ്ഡിതരെ പരിഹസിക്കുകയും തലാലിന്റെ ബന്ധുക്കളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അറബിയില്‍ കമന്റ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വേണ്ടി ആക്ഷന്‍ കൗണ്‍സില്‍ മാപ്പുപറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.