L ബ്രാന്‍ഡിന്റെ ഹൈപ്പുമായി പൃഥ്വി, സ്വന്തം ബ്രാന്‍ഡുമായി ഡി.ക്യൂ, ഫാമിലി ചിത്രവുമായി നിവിന്‍, ഓണക്കപ്പ് ആര് തൂക്കും?
Malayalam Cinema
L ബ്രാന്‍ഡിന്റെ ഹൈപ്പുമായി പൃഥ്വി, സ്വന്തം ബ്രാന്‍ഡുമായി ഡി.ക്യൂ, ഫാമിലി ചിത്രവുമായി നിവിന്‍, ഓണക്കപ്പ് ആര് തൂക്കും?
അമര്‍നാഥ് എം.
Friday, 24th April 2026, 4:45 pm

സമ്മര്‍ റിലീസുകള്‍ക്ക് ശേഷം മോളിവുഡ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഓണം റിലീസുകള്‍ക്കാണ്. വ്യത്യസ്ത ഴോണറുകളുള്ള സിനിമകള്‍ ഒരുമിച്ച് ഏറ്റുമുട്ടുമ്പോള്‍ ബോക്‌സ് ഓഫീസില്‍ തീപാറുമെന്നാണ് പലരും കരുതുന്നത്. ബിഗ് ബജറ്റ് സിനിമകളാണ് ഇത്തവണ ഓണത്തിന് മാറ്റുരക്കുന്നത്.

പൃഥ്വിരാജ് നായകനാകുന്ന ഖലീഫ, ദുല്‍ഖര്‍ മോളിവുഡിലേക്ക് തിരിച്ചുവരുന്ന ഐ ആം ഗെയിം, നിവിന്‍ പോളി- ഗിരീഷ് എ.ഡി കോമ്പോ ആദ്യമായി ഒന്നിക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നിവയാണ് ഓണം റിലീസിലെ വമ്പന്മാര്‍. ഈ മൂന്നില്‍ ഏത് ചിത്രമാകും കപ്പ് തൂക്കുക എന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ ആരാധകര്‍ ചര്‍ച്ചകളാരംഭിച്ച് കഴിഞ്ഞു.

അനൗണ്‍സ്‌മെന്റ് സമയത്ത് അധികം ഹൈപ്പില്ലാതിരിക്കുകയും എന്നാല്‍ പിന്നീട് ഗ്ലിംപ്‌സിലൂടെ ഹൈപ്പുയര്‍ത്തുകയും ചെയ്ത ചിത്രമാണ് ഖലീഫ. പൃഥ്വിരാജും വൈശാഖും 16 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം 2021ലാണ് അനൗണ്‍സ് ചെയ്തത്. കഴിഞ്ഞവര്‍ഷം ഷൂട്ടിങ് ആരംഭിച്ച ചിത്രം അവസാനഘട്ട ഷൂട്ടിലാണ്. ചിത്രത്തിന്റെ ഹൈപ്പുയര്‍ത്താന്‍ മോഹന്‍ലാലിന്റെ സാന്നിധ്യവുമുണ്ട്. പൃഥ്വിരാജിന്റെ മുത്തശ്ശനായ മാമ്പറക്കല്‍ അഹമ്മദ് അലിയെന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.

I’m game/ Dulquer salmaan X page

L ബ്രാന്‍ഡ് എന്ന ഫാക്ടറിലൂടെയാണ് ഖലീഫ ഹൈപ്പ് ഉയര്‍ത്തിയതെങ്കില്‍ ഇപ്പുറത്ത് സ്വന്തം ബ്രാന്‍ഡായിട്ടാണ് ദുല്‍ഖറിന്റെ വരവ്. കൊത്തയുടെ പരാജയത്തിന് ശേഷം മോളിവുഡില്‍ നിന്ന് മാറിനിന്ന താരം വമ്പന്‍ തിരിച്ചുവരവിനാണ് കളമൊരുക്കുന്നത്. നഹാസ് ഹിദായത്ത് അണിയിച്ചൊരുക്കുന്ന ഐ ആം ഗെയിം അടുത്തിടെയാണ് പൂര്‍ത്തിയായത്. 150ലധികം ദിവസം നീണ്ടുനിന്ന ഷൂട്ടായിരുന്നു ചിത്രത്തിന്റേത്. സെപ്റ്റംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

സര്‍വ്വം മായയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നിവിന്‍ പോളി തന്റെ സേഫ് സോണിലേക്ക് വീണ്ടുമെത്തുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിലും പ്രതീക്ഷകളുണ്ട്. പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രം സര്‍പ്രൈസ് ഹിറ്റാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കുടുംബപ്രേക്ഷകരുടെ ആദ്യ ചോയ്‌സായി ബി.കെ.യു മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

ഓണം റിലീസുകള്‍ക്ക് ഒരാഴ്ച മുമ്പ് തമിഴ് ബിഗ്ഗിയായ ജയിലര്‍ 2വും പ്രദര്‍ശനത്തിനെത്തിയേക്കും. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സ്റ്റാര്‍ കാസ്റ്റിലൊരുങ്ങുന്ന ജയിലര്‍ 2 പോസിറ്റീവ് റിപ്പോര്‍ട്ട് നേടിയാല്‍ ഓണം റിലീസുകള്‍ക്ക് വെല്ലുവിളിയാകും. വമ്പന്‍ സിനിമകളില്‍ ഏതാകും ഒന്നാമതെത്തുക എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlight: Discussions on Onam release movies in 2026

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം