സൂര്യ നോക്കിവെച്ച റിലീസ് ഡേറ്റ് ദളപതി ഏറ്റെടുക്കുമോ? ജന നായകന്‍ എന്നാണോ റിലീസ് അന്ന് പൊങ്കല്‍ ആഘോഷിക്കാന്‍ ആരാധകര്‍
Indian Cinema
സൂര്യ നോക്കിവെച്ച റിലീസ് ഡേറ്റ് ദളപതി ഏറ്റെടുക്കുമോ? ജന നായകന്‍ എന്നാണോ റിലീസ് അന്ന് പൊങ്കല്‍ ആഘോഷിക്കാന്‍ ആരാധകര്‍
അമര്‍നാഥ് എം.
Thursday, 8th January 2026, 3:41 pm

സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടുത്തത്തില്‍ റിലീസ് മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ് വിജയ് നായകനായ ജന നായകന്‍. ചരിത്രത്തില്‍ ആദ്യമായാണ് വിജയ്‌യുടെ ഒരു സിനിമ റിലീസ് മാറ്റിവെക്കപ്പെടുന്നത്. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഫെസ്റ്റിവല്‍ സീസണായ പൊങ്കലിന് തിയേറ്ററുകളിലെത്തിക്കാനായിരുന്നു ജന നായകന്റെ അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടത്.

പ്രീ സെയിലിലൂടെ 40 കോടിയിലേറെ നേടിയ ജന നായകന്റെ റിലീസ് മാറ്റിയത് തമിഴ് ഇന്‍ഡസ്ട്രിക്ക് വലിയ നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. മദ്രാസ് ഹൈക്കോടതിയില്‍ നിര്‍മാതാക്കള്‍ ഫയല്‍ ചെയ്ത കേസില്‍ നാളെയാണ് വിധി പറയുക. വിധി അനുകൂലമാവുകയാണെങ്കില്‍ ജന നായകന്റെ റിലീസ് എപ്പോഴാകുമെന്ന ചര്‍ച്ചകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്.

പൊങ്കല്‍ സീസണിലെ അവസാന വീക്കെന്‍ഡായ ജനുവരി 14ന് ജന നായകന്‍ തിയേറ്ററുകളിലെത്തിയേക്കുമെന്നാണ് ആദ്യത്തെ കണക്കുകൂട്ടല്‍. തമിഴില്‍ ഈ സമയം വലിയ റിലീസുകളില്ലെങ്കിലും തെലുങ്കില്‍ മൂന്ന് ചിത്രങ്ങളാണ് ക്ലാഷിനെത്തുന്നത്. ഇത് ജന നായകന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ചിരഞ്ജീവി നായകനായ മന ശങ്കരവരപ്രസാദ ഗാരു, രവി തേജയുടെ ഭാരത മഹാസായുലകു വിജ്ഞാപതി, നവീന്‍ പൊളിഷെട്ടിയുടെ അനഗനഗ ഒക്ക രാജു എന്നിവയാണ് ക്ലാഷ് റിലീസുകള്‍.

അഞ്ച് ദിവസത്തെ ഈ ഫ്രീ റണ്‍ ജന നായകന് മുതലെടുക്കാനായാല്‍ കളക്ഷന് സഹായകമാകുമെന്ന് ആരാധകര്‍ കരുതുന്നുണ്ട്. ഈ ഡേറ്റിനല്ലെങ്കില്‍ തൊട്ടടുത്ത വീക്കെന്‍ഡില്‍ ജന നായകന്‍ റിലീസിനെത്തുമെന്നാണ് രണ്ടാമത്തെ കണക്കുകൂട്ടല്‍. റിപ്പബ്ലിക് ദിനമടക്കം നാല് ദിവസത്തെ ഫ്രീ റണ്‍ ഇതിലൂടെ ജന നായകന് ലഭിക്കും. വലിയ റിലീസുകളില്ലെന്നതും ജന നായകന് മുതല്‍ക്കൂട്ടാകും.

ഷൂട്ട് പൂര്‍ത്തിയായിട്ടും റിലീസാകാത്ത സൂര്യ ചിത്രം കറുപ്പ് ജനുവരി 23ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ ഈ ഡേറ്റിലും ചിത്രം പുറത്തിറങ്ങാന്‍ സാധ്യതയില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിലപ്പോള്‍ ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്‌തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. നാളെ പുറത്തുവരുന്ന കോടതി വിധിയെ അനുസരിച്ചാകും ജന നായകന്റെ റിലീസ്.

എന്ന് റിലീസ് ചെയ്താലും ആ ദിവസം പൊങ്കല്‍ ആഘോഷിക്കാനാണ് വിജയ് ആരാധകരുടെ പ്ലാന്‍. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രമാണ് ജന നായകന്‍. ‘വണ്‍ ലാസ്റ്റ് ഡാന്‍സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. 450 കോടി ബജറ്റിലെത്തുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പൂജ ഹെഗ്‌ഡേ, മമിത ബൈജു തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.

Content Highlight: Discussions on Jana Nayagan new release date after postpone

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം