ഒരു മദ്രസ അധ്യാപകന് സര്‍ക്കാര്‍ നല്‍കുന്ന ശമ്പളം 35,000മെന്ന് ജനം ടി.വി അവതാരക; ഏത് ശാഖയിലെ കണക്കാണിതെന്ന് സി.പി.ഐ.എം പ്രതിനിധി
Kerala News
ഒരു മദ്രസ അധ്യാപകന് സര്‍ക്കാര്‍ നല്‍കുന്ന ശമ്പളം 35,000മെന്ന് ജനം ടി.വി അവതാരക; ഏത് ശാഖയിലെ കണക്കാണിതെന്ന് സി.പി.ഐ.എം പ്രതിനിധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd May 2022, 9:24 pm

കോഴിക്കോട്: മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ 35,000 രൂപ പ്രതിമാസം ശമ്പളം നല്‍കുന്നുണ്ടെന്ന് പ്രചരിപ്പിച്ച ജനം ടി.വിയിലെ ചര്‍ച്ച വിവാദമാകുന്നു. ‘മത നിരപേക്ഷക്കു മേല്‍ കത്തിവെയ്ക്കുന്നതാര്’ എന്ന ക്യാപ്ഷനില്‍ മെയ് 21ന് ജനം ടി.വിയില്‍ നടന്ന ചര്‍ച്ചയിലാണ് അവതാരിക വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ അവതരിപ്പിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ വന്ന കണക്കാണെന്ന് പറഞ്ഞാണ് ഇവര്‍ ഇത് പറഞ്ഞത്.

‘കേരളത്തിലെ ആകെ ജനസഖ്യയില്‍ കേരളത്തിലെ മുസ്‌ലിം ജനസംഖ്യ വരുന്നത് 88,00473 ആണ്. 26 ശതമാനം. കേരളത്തിലെ മദ്രസകളുടെ എണ്ണം 23683. അതില്‍ അധ്യാപകരുടെ എണ്ണം 20,4883.

അത്രയും അധ്യാപകരുടെ ആവശ്യമുണ്ടോ. ഇവര്‍ക്ക് 35,000 രൂപ സാലറി കൊടുക്കുന്നുണ്ട്. മണിക്കൂറിന് 600 രൂപ നല്‍കുന്നുണ്ട്. ഇത്രയും സഹായങ്ങള്‍ ആര്‍ക്കാണ് ലഭിക്കുന്നത്,’ എന്നാണ് അവതാരകയായ മായ ബാലഗോപാല്‍ ചര്‍ച്ചയില്‍ വന്ന സി.പി.ഐ.എം പ്രതിനിധിയായ അന്‍വര്‍ ഷാ പാലോടിനോട് ചോദിക്കുന്നത്.

ഏഴ് കോടിക്ക് മുകളിലാണ് സര്‍ക്കാര്‍ ഈ മേഖലയില്‍ മാത്രം ചെലവഴിക്കുന്നതെന്നും അവതാരക പറയുന്നുണ്ട്.

ഇത് വസ്തുതാവിരുദ്ധമായ പ്രചരണമാണെന്നും മഹല്ല് കമ്മറ്റിയാണ് മദ്രസകളിലേക്ക് ശമ്പളം നല്‍കുന്നതെന്നുമാണ് അന്‍വര്‍ ഷാ മറുപടി പറയുന്നത്. അപ്പോള്‍ അവതാരിക മഹല്ല് കമ്മിറ്റിക്ക് ആരാണ് പൈസ കൊടുക്കുന്നതെന്നുമെന്നാണ് ചോദിക്കുന്നത്.

വസ്തുതാവിരുദ്ധമായ കണക്ക് ഉദ്ധരിച്ച് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. നിങ്ങള്‍ക്ക് എവിടെ നിന്നാണ് ഈ കണക്ക് കിട്ടിയതെന്ന് എനിക്ക് അറിയില്ല. ഏത് ശാഖയില്‍നിന്നാണ് ഈ കണക്ക് അച്ചടിച്ച് വരുന്നതെന്നും അറിയില്ല. മദ്രസകളൊന്നും സര്‍ക്കാരിന്റെതല്ലെന്നും ഇതെല്ലാം പ്രൈവറ്റ് പ്രോപര്‍ട്ടിയാണെന്നും അന്‍വര്‍ ഇതിന് മറുപടി പറഞ്ഞു.

ഈ ചര്‍ച്ചയില്‍ അവതാരിക പറയുന്നതുപോലെ മദ്രസ അധ്യാപര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ല. ഇത്തരത്തില്‍ മദ്രസ അധ്യാപര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കുന്ന ശമ്പളത്തിന്റെ കണക്ക് നിയമസഭയില്‍ അവതരിപ്പിചിട്ടുമില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന കെ.ടി. ജലീല്‍ മദ്രസ അധ്യാപകരുടെ പ്രശ്‌നങ്ങളെ പറ്റിയും ക്ഷേമനിധി ബോര്‍ഡിനെ പറ്റിയും നിയമസഭിയല്‍ സംസാരിച്ച് വളച്ചൊടിച്ച് പ്രചരിച്ചിരുന്ന ടെക്സ്റ്റാണ് നിയമസഭയില്‍നിന്നുള്ള കണക്കെന്ന് പറഞ്ഞ് അവതാരക അവതരിപ്പിച്ചത്.

അന്ന് തന്നെ ഈ പ്രചരണങ്ങള്‍ക്ക് കെ.ടി. ജലീല്‍ മറുപടി പറഞ്ഞിരുന്നു. ‘മദ്രസ അധ്യാപര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല. മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഒരു ക്ഷേമനിധി രൂപീകരിച്ചു നല്‍കിയിട്ടുണ്ട്. ശമ്പളയിനത്തില്‍ സര്‍ക്കാര്‍ ധന സഹായം നല്‍കുന്നില്ല. ഇതില്‍ മദ്രസ മാനേജ്‌മെന്റും മദ്രസയിലെ അധ്യാപരും അംഗങ്ങളാണ്. ഇരു കൂട്ടരും ഇതില്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. ഈ പണം സൂക്ഷിക്കുന്നത് സര്‍ക്കാര്‍ ട്രഷറിയിലാണ്.

ഇതിന്റെ പലിശ പോലും ക്ഷേമനിധി യഥാര്‍ഥത്തില്‍ വാങ്ങുന്നില്ല. ഈ ക്ഷേമനിധി രൂപീകരിച്ചു നല്‍കിയപ്പോള്‍ കോര്‍പ്പസ് ധനം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതല്ലാതെ യാതൊരു ഫണ്ടും സര്‍ക്കാരിന്റെതില്ല. മദ്രസകളിലെ അധ്യാപകര്‍ക്ക് ഏകീകൃത ശമ്പളമല്ല ലഭിക്കുന്നത്. ഓരോ മഹല്ലുകളുടെയും വരുമാനസ്ഥിതിക്കനുസരിച്ചാണ് ശമ്പളം ലഭിക്കുക. ഇപ്പോള്‍ പരമാവധി ശമ്പളം 6000 രൂപയാണ്.അതുപോലെ മദ്രസ അധ്യാപകര്‍ക്ക് നല്‍കുന്ന പെന്‍ഷനെ പറ്റി പോസ്റ്റില്‍ നല്‍കിയിരിക്കുന്ന കണക്കും വസ്തുതാ വിരുദ്ധമാണ്.

സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ക്ക് നിലവില്‍ ഇതിന് അര്‍ഹതയില്ല. ക്ഷേമനിധിയില്‍ അംഗങ്ങളായി ഉള്ളവര്‍ തന്നെ ഇതുവരെ ഒരു ലക്ഷം പോലും ആയിട്ടില്ല. പിന്നെങ്ങനെയാണ് രണ്ടുലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കി എന്ന് പറയാന്‍ കഴിയുക. അഞ്ഞൂറില്‍ താഴെ പേരാണ് ഇതുവരെ പെന്‍ഷന്‍ വാങ്ങാനുള്ളത്. ഇത് വെറും വ്യാജ പ്രചരണം മാത്രമാണ്,’ എന്നായിരുന്നു കെ.ടി. ജലീലിന്റെ മറുപടി.