മലയാള സിനിമയില്‍ അധികം പരീക്ഷിക്കപ്പെടാത്ത ‘ഡാര്‍ക്ക് ഹ്യൂമര്‍’ പശ്ചാത്തലത്തില്‍ ഒരുങ്ങി വന്‍ വിജയം നേടിയ കൃഷ്ണദാസ് മുരളിയുടെ ‘മോഹിനിയാട്ടം’ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും തരംഗമാവുകയാണ്. വെറുമൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്നതിലുപരി സ്ലോ പേസിലുള്ള ഡാര്‍ക്ക് ഹ്യൂമറുകളും കൃത്യമായ ഡയലോഗ് ഡെലിവറിയുമാണ് ചിത്രത്തിന്റെ വിജയരഹസ്യം.
ചിത്രത്തിന്റെ ആദ്യഭാഗമായ ‘ഭരതനാട്യം’ തിയേറ്ററുകളില്‍ പ്രതീക്ഷിച്ച ചലനം ഉണ്ടാക്കിയില്ലെങ്കിലും, ഒടി.ടിയിലും ടെലിവിഷനിലും വലിയ സ്വീകാര്യതയാണ് നേടിയത്. എന്നാല്‍ രണ്ടാം ഭാഗമായ ‘മോഹിനിയാട്ടം’ തിയേറ്ററുകളില്‍ തന്നെ സൂപ്പര്‍ ഹിറ്റായി മാറി. ചിത്രത്തില്‍ കൃത്യമായ മീറ്ററില്‍ തന്നെയാണ് ഹ്യൂമറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. അധികം ബഹളങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ഡയലോഗുകളുടെ കൃത്യമായ പ്ലേസ്മെന്റുകളാണ് ചിത്രത്തിനെ വ്യത്യസ്തമാക്കുന്നത്.
ചിത്രത്തിലെ പല രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കിലും, സംവിധായകന്‍ ഒളിപ്പിച്ചുവെച്ച ചില സൂക്ഷ്മമായ കാര്യങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. ഗോവിന്ദരാജയുടെ തിരോധാനം അന്വേഷിക്കുന്ന വിനയ് ഫോര്‍ട്ടിന്റെ പൊലീസ് ഉദ്യോഗസ്ഥന്‍ എത്തുന്ന രംഗങ്ങളും വളരെ രസകരമാണ്. അന്വേഷണത്തിന്റെ ഭാഗമായി വിനയ് ഫോര്‍ട്ട് ‘ബ്രഹ്‌മാനന്ദ വായനശാല’യില്‍ എത്തുമ്പോള്‍, വായനശാലയുടെ സണ്‍ഷെയ്ഡില്‍ ഇരുന്നുകൊണ്ട് പുസ്തകം വായിക്കുന്ന ഒരാളെ കാണാം.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു രംഗം സംവിധായകന്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് എന്ന്, ഒന്ന് ചിന്തിച്ചാല്‍ നമുക്ക് മനസിലാകും. ചുറ്റും നടക്കുന്നത് ശ്രദ്ധിക്കാതെ തന്റെ ലോകത്ത് മുഴുകിയിരിക്കുന്ന ഈ വ്യക്തിയിലൂടെ, സിനിമയുടെ തന്നെ സ്വഭാവമായ ‘വ്യത്യസ്തത’ അടയാളപ്പെടുത്താനാണ് സംവിധായകന്‍ ശ്രമിച്ചത്. സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന വ്യക്തിത്വങ്ങളെ ഇത്തരം പ്രതീകാത്മക രംഗങ്ങളിലൂടെ ചിത്രം പരിചയപ്പെടുത്തുന്നു.
ചുറ്റും നടക്കുന്ന സംഭവബഹുലമായ കാര്യങ്ങള്‍ക്കിടയില്‍ തന്റേതായ ഇടം കണ്ടെത്തി സമാധാനപരമായ അന്തരീക്ഷത്തില്‍ ബുക്ക് വായിക്കുന്ന ആ വ്യക്തി സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും,തന്റേതായ വഴിയിലൂടെ മാത്രം സഞ്ചരിക്കുന്ന വ്യക്തികളെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു.
സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഗോവിന്ദരാജ എന്ന കഥാപാത്രത്തിന്റെ കൊലപാതകവും, തുടര്‍ന്ന് സൈജു കുറുപ്പിന്റെ ശശിധരനും കുടുംബവും ഒന്നാകെ നടത്തുന്ന രസകരമായ നീക്കങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക് ഇതൊരു പുത്തന്‍ അനുഭവമായി മാറി.
മറ്റൊരു പ്രധാന രംഗം വിനയ് ഫോര്‍ട്ട് വായനശാലയുടെ മുകളിലത്തെ നിലയിലുള്ള ആളോട് ഗോവിന്ദരാജയെക്കുറിച്ച് ചോദിക്കുന്നതാണ്. വായനശാലയുടെ ഉള്ളിലേക്ക് കയറിപ്പോകാന്‍ പടികളുണ്ടായിട്ടും വിനയ് ഫോര്‍ട്ട് ചെയ്യുന്നത് മറ്റൊന്നാണ്.പൊലീസ് ജീപ്പിന്റെ ബോണറ്റിന് മുകളില്‍ കയറി നിന്നുകൊണ്ട് അദ്ദേഹം മുകളിലെ ആളോട് ഗോവിന്ദരാജയുടെ ചിത്രം കാണിച്ചു ചോദിക്കുന്നു. സമയം ഒട്ടും കളയാതെ, നേരിട്ടുള്ള ആക്ഷനിലേക്ക് കടക്കുന്ന കഥാപാത്രത്തിന്റെ സ്വഭാവമാണ് ഇവിടെ കാണിക്കുന്നത്. ഈ രംഗം സിനിമയുടെ വേഗതയും അതിന്റെ വ്യത്യസ്തമായ ശൈലിയും വെളിപ്പെടുത്തുന്നു.
ചിരിപ്പിക്കുകയും അതേസമയം ചിന്തിപ്പിക്കുകയും ചെയ്യുന്ന ‘മോഹിനിയാട്ടം’, മലയാള സിനിമയിലെ ഡാര്‍ക്ക് ഹ്യൂമര്‍ പരീക്ഷണങ്ങള്‍ക്ക് ഒരു പുതിയ വാതില്‍ തുറന്നിരിക്കുകയാണ്. അസാധാരണമായ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കൊണ്ട് സമൃദ്ധമായ ഈ ചിത്രം ഒടി.ടി.യിലും റെക്കോര്‍ഡ് കാഴ്ചക്കാരെ നേടുമെന്നതില്‍ സംശയമില്ല.
Content Highlight: Discussion in social media about Bharathanatyam 2 Mohiniyattam Movie\